ADVERTISEMENT

തിരുവനന്തപുരം∙ തപാൽ ബാലറ്റുകളിലെ ഇരട്ടിപ്പ് പുറത്തുവന്നിരിക്കെ, സംസ്ഥാനത്ത് ആവശ്യമുള്ളതിനെക്കാൾ രണ്ടര ലക്ഷത്തിലേറെ തപാൽ ബാലറ്റുകൾ അധികം അച്ചടിച്ചതായി സൂചന. തപാൽ ബാലറ്റ് വഴി വോട്ട് ചെയ്തവർ ഏഴര ലക്ഷം പോലും വരില്ലെങ്കിലും 10 ലക്ഷത്തിലേറെ ബാലറ്റുകൾ അച്ചടിച്ചെന്നാണു വിവരം.

മൂന്നര ലക്ഷത്തോളം പേരുടെ വോട്ടുകൾ വീടുകളിലെത്തി തപാൽ ബാലറ്റിൽ രേഖപ്പെടുത്തിയതായി കമ്മിഷൻ അറിയിച്ചിട്ടുണ്ട്. തപാൽ ബാലറ്റ് ഉപയോഗപ്പെടുത്തിയ പോളിങ് ഉദ്യോഗസ്ഥരുടെയും അവശ്യ സർവീസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെയും എണ്ണം വ്യക്തമാക്കിയിട്ടില്ല. ഈ രണ്ടു വിഭാഗങ്ങളിലെ മുഴുവൻ പേരും വോട്ടു ചെയ്താലും 4 ലക്ഷത്തിലേറെ വരില്ല. ഈ സാഹചര്യത്തിൽ ഇത്രയധികം ബാലറ്റുകൾ അച്ചടിച്ചത് എന്തിനെന്ന ചോദ്യം ഉയരുന്നു. ഓരോ മണ്ഡലത്തിലേക്കും അതതു വരണാധികാരികൾ നൽകിയ ഓർഡർ അനുസരിച്ചാണ് ഇവ അച്ചടിച്ചത്. ഏറ്റുവാങ്ങിയത് അതത് വരണാധികാരികളോ ഉപവരണാധികാരികളോ അവരുടെ പ്രതിനിധികളോ ആയിരുന്നു.

കൂടുതൽ തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിൽ

ഏറ്റവും കൂടുതൽ തപാൽ ബാലറ്റ് അച്ചടിച്ചത് തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിലാണ് – ഓരോ ജില്ലയിലും ഒരു ലക്ഷത്തിലേറെ വീതം. കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടം മണ്ഡലത്തിൽ 15,000 ബാലറ്റ് അച്ചടിച്ചു. തലശ്ശേരി, മട്ടന്നൂർ മണ്ഡലങ്ങളിൽ പതിനായിരത്തോളവും കല്യാശേരിയിൽ പന്തീരായിരത്തോളവും.

പതിനായിരമോ അതിലേറെയോ തപാൽ ബാലറ്റുകൾ തയാറാക്കിയ മണ്ഡലങ്ങൾ: കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, ഇരിക്കൂർ, കുറ്റ്യാടി, പേരാമ്പ്ര, ബാലുശ്ശേരി, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, ആറന്മുള, കരുനാഗപ്പള്ളി, ചവറ, കൊട്ടാരക്കര, പുനലൂർ, കുണ്ടറ, കൊല്ലം, ചാത്തന്നൂർ, വർക്കല, നെടുമങ്ങാട്, നെയ്യാറ്റിൻകര.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com