രഞ്ജിത്ത് ഇരയാണ് ; നിയമന അട്ടിമറി കാലിക്കറ്റിൽ
Mail This Article
മലപ്പുറം ∙ പരിമിത സാഹചര്യങ്ങളെ മറികടന്ന് ഐഐഎമ്മിൽ അസി.പ്രഫസർ നിയമനം നേടിയ കാസർകോട് പാണത്തൂർ സ്വദേശി രഞ്ജിത്ത് കാലിക്കറ്റ് സർവകലാശാലയിലെ നിയമന അട്ടിമറിയുടെ ഇര.
കാലിക്കറ്റിലെ ഇക്കണോമിക്സ് പഠന വകുപ്പിലെ അസി.പ്രഫസർ തസ്തികയിലേക്കു ജനുവരിയിൽ നടന്ന അഭിമുഖത്തിൽ രഞ്ജിത്തും പങ്കെടുത്തിരുന്നു. 4 ഒഴിവുകളിലെ നിയമനത്തിനുള്ള റാങ്ക് പട്ടികയിൽ നാലാം സ്ഥാനക്കാരനായി. എന്നാൽ, 3 ഒഴിവുകളിൽ മാത്രം നിയമനം നടത്തിയ സർവകലാശാല ഒരു തസ്തിക സംവരണ വിഭാഗത്തിനായി ഒഴിച്ചിട്ടതോടെ രഞ്ജിത്ത് തഴയപ്പെട്ടു. ഇതിനെതിരെ നൽകിയ ഹർജി ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
സംവരണ ക്രമം പരാമർശിക്കാതെയും ബാക്ക്‌ലോഗ് ഒഴിവുകൾ നികത്താതെയും കാലിക്കറ്റിലെ പഠനവകുപ്പുകളിൽ അധ്യാപക നിയമനം നടത്തിയതാണ് രഞ്ജിത്തിന്റെ അവസരം നഷ്ടമാക്കിയത്. ഇക്കണോമിക്സ് വിഭാഗത്തിൽ നികത്താനുള്ള പിന്നാക്ക വിഭാഗക്കാരുടെ 2 ബാക്ക്‌ലോഗ് ഒഴിവുകൾ കണക്കാക്കിയാൽ പട്ടികവർഗ വിഭാഗക്കാരനായ രഞ്ജിത്തിന് ഇത്തവണ നിയമനം ലഭിക്കേണ്ടതാണ്. നിയമന വിജ്ഞാപന സമയത്തു സംവരണ പട്ടിക പുറത്തിറക്കണമെന്ന യുജിസി ചട്ടവും പാലിക്കപ്പെട്ടില്ല. പകരം ജനുവരിയിൽ അഭിമുഖം നടത്തിയ ശേഷമാണ് ഇക്കണോമിക്സ് വകുപ്പിലെ നിയമനത്തിനുള്ള സംവരണ ക്രമം സർവകലാശാല നിശ്ചയിച്ചത്. നാലാമത്തെ ഒഴിവിൽ ഒബിസി സംവരണമാണെന്ന് അറിയിച്ചതാകട്ടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷവും..
എന്നാൽ, അധ്യാപക നിയമനത്തിനുള്ള സംവരണക്രമം നിശ്ചയിച്ചതിലെ മാനദണ്ഡം പുറത്തുവിടാൻ സർവകലാശാല തയാറായിട്ടില്ല. സംവരണ റോസ്റ്റർ ആവശ്യപ്പെട്ട സിൻഡിക്കറ്റ് അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചിട്ടും സർവകലാശാല അനുകൂല നിലപാട് എടുത്തില്ല. ഇതോടെയാണ് അധ്യാപക നിയമനത്തിൽ സംവരണക്രമം അട്ടിമറിച്ചെന്ന ആരോപണം ശക്തമായത്. ഇക്കണോമിക്സ് പഠനവകുപ്പിലെ നിയമന അഭിമുഖത്തിനെതിരെ നേരത്തേയും പരാതികൾ ഉയർന്നിരുന്നു.