ADVERTISEMENT

തിരുവനന്തപുരം ∙ മായാത്ത വിപ്ലവസ്മരണകളും തുണപോലെ ഒപ്പം കരുതുന്ന ശ്രീകൃഷ്ണ വിഗ്രഹവും ചേർത്തു പിടിച്ച് കെ.ആർ.ഗൗരിയമ്മ ആലപ്പുഴയിൽ നിന്നു തിരുവനന്തപുരത്തെത്തി. കേരളത്തിന്റെ വിപ്ലവനായികയുടെ ശിഷ്ടജീവിതം ഇനി പതിറ്റാണ്ടുകൾ പ്രവർത്തന മണ്ഡലമായിരുന്ന തലസ്ഥാനത്താണ്.

വഴുതക്കാട് പൊലീസ് ആസ്ഥാനത്തിനു പിന്നിലെ ഉദാര ശിരോമണി റോഡിൽ താമസിക്കുന്ന സഹോദരീ പുത്രിയും പിഎസ്‌സി മുൻ അംഗവുമായ പി.സി.ബീന കുമാരിയുടെ വീട്ടിലേക്കാണു ഗൗരിയമ്മ 102–ാം വയസ്സിൽ താമസം മാറ്റിയത്. 6 പതിറ്റാണ്ടോളമായി രാഷ്ട്രീയവും വാസമുറപ്പിച്ച ആലപ്പുഴ ചാത്തനാട്ടെ കളത്തിപ്പറമ്പിൽ വീടിനോടു ഗൗരിയമ്മ വിട പറഞ്ഞത് ശനിയാഴ്ചയാണ്.

‘കുറേ നാളായി ഞങ്ങൾ തിരുവനന്തപുരത്തേക്കു വിളിക്കുന്നു. കൊച്ചുമക്കൾക്കൊപ്പം കഴിയണമെന്ന ആഗ്രഹം അമ്മയ്ക്കും ഉണ്ടായിരുന്നു. ശനിയാഴ്ച കൊച്ചിയിലുള്ള എന്റെ മകൾക്കൊപ്പമാണ് കാറിൽ അമ്മയും വന്നത്. അമ്മ ഒപ്പമുള്ളതാണ് ഞങ്ങൾക്കും സന്തോഷവും സമാധാനവും. ഇനി ഇവിടെത്തന്നെയുണ്ടാവും. ആലപ്പുഴയിലെ വീട് അടച്ചിടുകയാണ്’– ബീന കുമാരി പറഞ്ഞു.

പ്രമേഹവും പ്രായാധിക്യം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളും ഗൗരിയമ്മയെ അലട്ടുന്നുണ്ട്. രാഷ്ട്രീയത്തിൽ സജീവമായ ഇടപെടലുകളില്ല. പത്രം ദിനവും വായിച്ചു കേൾക്കും. രാഷ്ട്രീയ വാർത്തകളും ചോദിച്ചറിയും. അലർജിയുള്ളതിനാൽ കോവിഡ് വാക്സിൻ എടുത്തില്ല. ചാത്തനാട്ടെ വീട്ടിൽ സന്ദർശകർക്കു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ അനുഗ്രഹം തേടി അരൂർ, ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളിലെ ഇടതു മുന്നണി സ്ഥാനാർഥികൾ വീട്ടിലെത്തിയിരുന്നു. തപാൽ വോട്ടും രേഖപ്പെടുത്തിയ ശേഷമാണ് തലസ്ഥാനത്തേക്കു ചേക്കേറുന്നത്. 

ഗൗരിയമ്മ കൂടി ഉൾപ്പെട്ട ആദ്യ സർക്കാർ രൂപീകരണത്തിന്റെ 60–ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനാണ് 3 വർഷം മുൻപ് അവസാനമായി തലസ്ഥാനത്തെത്തിയത്. മന്ത്രിയായിരുന്നപ്പോൾ ഔദ്യോഗിക വസതികളിലായിരുന്നെങ്കിലും അല്ലാത്തപ്പോഴെല്ലാം തിരുവനന്തപുരത്ത് വരുമ്പോൾ ഗൗരിയമ്മയുടെ താമസം ബീന കുമാരിയുടെ കുടുംബത്തിനൊപ്പമായിരുന്നു. കോവിഡ് സാഹചര്യത്തിൽ ഇവിടെയും സന്ദർശക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

English Summary: KR Gowri Amma to stay in trivandrum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com