ലോകായുക്ത ഉത്തരവ് മുഖ്യമന്ത്രിക്കു കൈമാറി
Mail This Article
തിരുവനന്തപുരം ∙ കെ.ടി. ജലീലിനു മന്ത്രി സ്ഥാനത്തു തുടരാൻ അർഹതയില്ലെന്ന പ്രഖ്യാപനം അടങ്ങിയ ഉത്തരവ് മുഖ്യമന്ത്രിക്കു ലോകായുക്ത കൈമാറി. ജലീലിനെ മന്ത്രി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ ഉത്തരവ് നടപ്പാക്കി മുഖ്യമന്ത്രി ലോകായുക്തയെ അറിയിക്കണമെന്നാണു നിയമം.
അടുത്ത ബന്ധു കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചതിൽ സ്വജനപക്ഷപാതവും സത്യപ്രതിജ്‍ഞാ ലംഘനവും നടത്തിയെന്നാണ് ലോകായുക്തയുടെ കണ്ടെത്തൽ. ഉത്തരവു നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടിക്കായി പരാതിക്കാരനു ലോകായുക്തയെ സമീപിക്കാം. മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടി സമ്മതത്തോടെയാണ് ജലീൽ ഈ ക്രമവിരുദ്ധ നടപടി ചെയ്തത് എന്നതിനാൽ ഹൈക്കോടതിയുടെ തുടർനടപടിക്കായി മുഖ്യമന്ത്രി കാത്തിരിക്കാനാണു സാധ്യത.
ലോകായുക്ത റജിസ്ട്രാർ ജി.അനിൽ കുമാർ ഒപ്പിട്ട ഉത്തരവ് ഇന്നലെ വൈകിട്ടു 4ന് പ്രത്യേക ദൂതൻ വഴിയാണു മുഖ്യമന്ത്രിയുടെ ഓഫിസിൽ എത്തിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വിലാസത്തിൽ കൈമാറിയ രേഖകളിൽ ലോകായുക്ത ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച 83 പേജുള്ള ഉത്തരവ്, പരാതി, പരാതിക്കാരൻ ഹാജരാക്കിയ തെളിവുകൾ, അനധികൃത നിയമനവുമായി ബന്ധപ്പെട്ടു ജലീലും മുഖ്യമന്ത്രി പിണറായി വിജയനും ഉദ്യോഗസ്ഥരും നിർദേശം നൽകിയ ഉത്തരവുകൾ ഉൾപ്പെട്ട നോട്ട് ഫയൽ, ആരോപണ വിധേയരുടെയും പരാതിക്കാരുടെയും സാക്ഷികളുടെയും മൊഴികൾ എന്നിവ ഉൾപ്പെടും. ഏകദേശം 500 പേജ് പുസ്തക രൂപത്തിലാണു നൽകിയത്. കൈപ്പറ്റിയതായി മുഖ്യമന്ത്രിയുടെ ഓഫിസ് മറുപടിയും നൽകി.
English Summary: Lok Ayukta order handed over to Chief minister