ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദ്യോഗസ്ഥരുടെ തപാൽ ബാലറ്റുകളിലെ ഇരട്ടിപ്പു തിരുത്താനുള്ള നടപടി ഊർജിതമാക്കി തിരഞ്ഞെടുപ്പു കമ്മിഷൻ. ഇരട്ടിപ്പ് ഉണ്ടെങ്കിൽ രേഖകൾ പരിശോധിച്ചു തീർച്ചയായും കണ്ടെത്തുമെന്നും ഇതു പുരോഗമിക്കുകയാണെന്നും കമ്മിഷൻ വ്യക്തമാക്കി.

പരിശോധനയുടെ റിപ്പോർട്ട് കലക്ടർമാരിൽ നിന്നു ലഭിച്ചിട്ടില്ല. കിട്ടിയാൽ 2 ദിവസത്തിനകം വിവരങ്ങൾ അറിയിക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി.

തിരുവനന്തപുരത്തു 2 മണ്ഡലങ്ങളിൽ കഴിഞ്ഞ ദിവസം അയച്ച തപാൽ ബാലറ്റുകൾ തിരിച്ചെടുത്തു. നെടുമങ്ങാട്, തിരുവനന്തപുരം മണ്ഡലങ്ങളിലെ വോട്ടർമാരായ ഉദ്യോഗസ്ഥർക്കു വരണാധികാരിയുടെ ഓഫിസിൽ നിന്നയച്ച ബാലറ്റുകളാണു പോസ്റ്റ് ഓഫിസുകളിൽ എത്തി തിരികെ എടുത്തത്. മുൻപ് ഫെസിലിറ്റേഷൻ സെന്ററുകളിൽ എത്തി വോട്ട് ചെയ്തവർക്കു തപാലിൽ വീണ്ടും ബാലറ്റുകൾ അയച്ചോ എന്നു പരിശോധിക്കാനാണിത്. പോളിങ് ഉദ്യോഗസ്ഥർക്കു തപാൽ ബാലറ്റുകൾ ഇപ്പോഴും ലഭിക്കുന്നുണ്ട്.

അതിൽ അവർ വോട്ടു രേഖപ്പെടുത്തി മടക്കത്തപാലിലോ നേരിട്ടോ വരണാധികാരിക്ക് എത്തിക്കുന്ന നടപടികളും നടക്കുന്നു. നേരത്തേ, ഫെസിലിറ്റേഷൻ സെന്ററുകളിൽ വോട്ടു ചെയ്യാത്തവർക്കാണ് ഇങ്ങനെ ബാലറ്റ് അയയ്ക്കേണ്ടത്.

ബാലറ്റുകളിൽ ഇരട്ടിപ്പ് കണ്ടെത്തി എന്ന വിവരം തെളിവു സഹിതം വിവിധ ജില്ലകളിൽ നിന്നു പുറത്തുവന്നതോടെ സ്ഥാനാർഥികളും ജാഗരൂകരായി. പോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഔദ്യോഗികമായി ശേഖരിച്ച് അവർക്കു ബാലറ്റുകൾ ലഭിച്ചോ എന്ന പരിശോധന സ്ഥാനാർഥികളും രാഷ്ട്രീയപ്രവർത്തകരും നടത്തുന്നുണ്ട്.

സംസ്ഥാനത്ത് ആവശ്യമുള്ളതിലും രണ്ടര ലക്ഷത്തിലേറെ തപാൽ ബാലറ്റ് അച്ചടിച്ചെന്ന വിവരം പുറത്തുവന്നതോടെ വിശദാംശങ്ങൾ തേടി യുഡിഎഫ് സ്ഥാനാർഥികൾ വിവിധ ജില്ലകളിൽ കലക്ടർമാർക്ക് അപേക്ഷ നൽകി. തപാൽ ബാലറ്റിനുള്ള അപേക്ഷകരുടെ എണ്ണം, അച്ചടിച്ചവയുടെ എണ്ണം എന്നിവ അറിയണമെന്നാണ് ആവശ്യം.

ചിലർ വിവരാവകാശ നിയമപ്രകാരവും അപേക്ഷ നൽകി. തപാൽ ബാലറ്റ് വഴി വോട്ടു ചെയ്തവർ ഏഴര ലക്ഷം പോലും വരില്ലെങ്കിലും 10 ലക്ഷത്തിലേറെ ബാലറ്റുകൾ അച്ചടിച്ചെന്ന വിവരമാണു ‘മനോരമ’ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. എന്നാൽ, 10% അധിക ബാലറ്റ് മാത്രമേ അച്ചടിച്ചിട്ടുള്ളൂവെന്ന നിലപാടിലാണു കമ്മിഷൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com