വീണ്ടും അഭിമന്യു, പത്താം ക്ലാസ് വിദ്യാർഥി
Mail This Article
വള്ളികുന്നം (ആലപ്പുഴ) ∙ പടയണിവെട്ടത്ത് ഉത്സവത്തിനിടയിലെ സംഘർഷത്തിൽ കുത്തേറ്റ് എസ്എഫ്ഐ പ്രവർത്തകനായ പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. വള്ളികുന്നം പുത്തൻചന്ത കുറ്റിതെക്കതിൽ അമ്പിളി ഭവനത്തിൽ അമ്പിളി കുമാറിന്റെ മകൻ അഭിമന്യു (15)ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9.30ന് ക്ഷേത്രത്തിനു മുന്നിലെ സ്കൂളിനു സമീപം ആയിരുന്നു സംഭവം. അഭിമന്യുവിന്റെ സുഹൃത്തുക്കളായ വള്ളികുന്നം പുത്തൻചന്ത സ്വദേശികളായ മങ്ങാട്ട്പുത്തൻവീട്ടിൽ കാശിനാഥൻ (16), നഗരൂർകുറ്റിയിൽ ആദർശ് (19) എന്നിവർക്കു പരുക്കേറ്റു. ഗുരുതര പരുക്കേറ്റ ആദർശ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു ശേഷം തീവ്രപരിചരണ വിഭാഗത്തിലാണ്. ഇടതുകൈയ്ക്കു സാരമായ പരുക്കേറ്റ കാശിനാഥ് വെട്ടിക്കോട്ടുള്ള സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾ ആർഎസ്എസ് ബന്ധമുള്ളവരാണെന്നു സിപിഎം ആരോപിച്ചു.
കുത്താൻ ഉപയോഗിച്ച ആയുധവും പ്രതികൾ സഞ്ചരിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. അഭിമന്യുവിന്റെ സഹോദരൻ ഡിവൈഎഫ്ഐ പ്രവർത്തകനായ അനന്തുവിനോടുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു.
പരുക്കേറ്റ ആദർശിന്റെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വള്ളികുന്നം സ്വദേശി സഞ്ജയ് ജിത്തിനും(28) കണ്ടാലറിയാവുന്ന മറ്റ് 5പേർക്കും എതിരെ കേസെടുത്തു.
പുത്തൻചന്തയിലെ സിപിഎം ലോക്കൽകമ്മിറ്റി ഓഫിസിനു മുന്നിൽ പൊതു ദർശനത്തിനുശേഷം അഭിമന്യുവിന്റെ സംസ്കാരം ഇന്ന് 2നു നടക്കും. പരേതയായ ബീനയാണ് അഭിമന്യുവിന്റെ അമ്മ.
Content Highlights: Alappuzha SFI activist's murder