ADVERTISEMENT

കോവിഡ് മുക്തനായി മുഖ്യമന്ത്രി വീട്ടിൽ ക്വാറന്റീനിൽ പ്രവേശിച്ചതിനു പിന്നാലെ, കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന ആരോപണം ശക്തമാകുന്നു. കോവിഡ് പോസിറ്റീവായി 10–ാം ദിവസമാണ് അടുത്ത പരിശോധന നടത്തേണ്ടത് എന്നിരിക്കെ, മുഖ്യമന്ത്രി 7–ാം ദിവസം പരിശോധന നടത്തി ആശുപത്രി വിടുകയായിരുന്നു. മുഖ്യമന്ത്രിക്ക് നാലാം തീയതി മുതൽ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നു കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ കഴിഞ്ഞ ദിവസം പറഞ്ഞതും വിവാദമായി.

 ∙ ഏപ്രിൽ 4: മുഖ്യമന്ത്രിക്ക് 4 മുതൽ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ.

കോവിഡ് പ്രോട്ടോക്കോൾ പറയുന്നത്:  ലക്ഷണം ഉണ്ടായാൽ ഉടൻ കോവി‍ഡ് ടെസ്റ്റ് ചെയ്യണം. പരിശോധനാഫലം വരുന്നതു വരെ ക്വാറന്റീനിൽ കഴിയണം. 

മുഖ്യമന്ത്രി ചെയ്തത്: പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസം ആയിരങ്ങൾ പങ്കെടുത്ത റോ‍ഡ് ഷോയിൽ പങ്കെടുത്തു. ധർമടം മണ്ഡലത്തിൽ ഉച്ചയ്ക്ക് 2.30 മുതൽ വൈകിട്ട് 6.50 വരെയായിരുന്നു റോഡ് ഷോ. മണ്ഡലത്തിലെ 8 കേന്ദ്രങ്ങളിൽ റോഡ് ഷോ നടന്നു. 

pinarayi-show
റോഡ് ഷോയിൽ പിണറായി വിജയനൊപ്പം കൊച്ചുമകൻ ഇഷാനും ചേർന്നപ്പോൾ.

ഏപ്രിൽ 6: പിണറായിയിലെ വീട്ടിൽ ക്വാറന്റീനിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മകൾക്കു കോവിഡ് സ്ഥിരീകരിച്ചു. 

കോവിഡ് പ്രോട്ടോക്കോൾ: വീട്ടിൽ ആരെങ്കിലും ക്വാറന്റീനിൽ കഴിയുന്നുണ്ടെങ്കിൽ അവരുമായി സമ്പർക്കം പാടില്ല. സമ്പർക്കമുണ്ടായാൽ ക്വാറന്റീനിൽ കഴിയുന്നതാണ് ഉത്തമം.

മുഖ്യമന്ത്രി ചെയ്തത്: –വോട്ട് ചെയ്യുന്നതിനായി വീട്ടിൽ നിന്ന് 750 മീറ്റർ അകലെയുള്ള പോളിങ് ബൂത്തിലേക്കു നടന്നു പോയി. ഭാര്യ കമലയും കെ.കെ. രാഗേഷ് എംപിയും പാർട്ടി പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. വഴിയരികിൽ കണ്ട പരിചയക്കാരോടു കുശലം പറഞ്ഞായിരുന്നു യാത്ര. അകലം പാലിച്ചില്ല. വോട്ട് ചെയ്തിറങ്ങിയ ശേഷം 10 മിനിറ്റോളം മാധ്യമങ്ങളോട് സംസാരിച്ചു. അതേസമയം, മകൾ വൈകിട്ട് 6.30നു പിപിഇ കിറ്റ് ധരിച്ചെത്തിയാണു വോട്ട് ചെയ്തത്. 4നു നടന്ന റോഡ് ഷോയിൽ മുഖ്യമന്ത്രിയുടെ മകൾ പങ്കെടുത്തിരുന്നു. ∙

pinarayi-wife
പിണറായി സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. ഭാര്യ കമല, കെ.കെ.രാഗേഷ് എംപി തുടങ്ങിയവർ സമീപം.

ഏപ്രിൽ 8: മുഖ്യമന്ത്രിക്കു കോവിഡ് പോസിറ്റീവാകുന്നു. 

കോവിഡ് പ്രോട്ടോക്കോൾ: ലക്ഷണങ്ങൾ ഇല്ലെങ്കിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാം. വേണമെങ്കിൽ ആശുപത്രിയിലേക്കു മാറാം. ആശുപത്രിയിലേക്കു മാറുന്നുണ്ടെങ്കിൽ എല്ലാ സുരക്ഷാ മാർഗങ്ങളോടെയും വേണം യാത്ര ചെയ്യാൻ. കോവിഡ് ബാധിതരുടെ അടുത്തേക്ക് ആരോഗ്യപ്രവർത്തകർ പോകുമ്പോൾ പിപിഇ കിറ്റ് ധരിക്കണം.

മുഖ്യമന്ത്രി ചെയ്തത്:  പിണറായിയിലെ വീട്ടിൽ നിന്നു കാറിൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക്. വൈകിട്ട് 7.48 നു മുഖ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഗറ്റീവ് ആയിരുന്ന ഭാര്യയും ഇവർക്കൊപ്പം ഒരേ കാറിലാണ് മെഡിക്കൽ കോളജിൽ എത്തിയത്. പോസിറ്റീവ് ആയിരുന്ന മുഖ്യമന്ത്രിയോ കൊച്ചുമകനോ പിപിഇ കിറ്റ് ധരിച്ചിരുന്നില്ല. മാസ്കും ഗ്ലൗസുമാണ് ഇവർ ധരിച്ചിരുന്നത്. മുഖ്യമന്ത്രിയെത്തിയ വാഹനത്തിലെ ഡ്രൈവർ മാത്രമാണു പിപിഇ കിറ്റ് ധരിച്ചിരുന്നത്. മെഡിക്കൽ കോളജിൽ എത്തിയ മുഖ്യമന്ത്രിക്കു സൗകര്യങ്ങൾ ഒരുക്കാൻ പൊതുപ്രവർത്തകർ അടക്കം ഒട്ടേറെപ്പേരെത്തി. മാസ്ക് മാത്രം ധരിച്ചാണ് ഇവർ മുഖ്യമന്ത്രിക്കൊപ്പം നിന്നിരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോഴും ആശുപത്രിയിൽ നിന്നു വിടുമ്പോഴും അദ്ദേഹത്തിന്റെ അടുത്തേക്കു പോയ ഡോക്ടർമാർ പിപിഇ കിറ്റ് ധരിച്ചിട്ടില്ല. മുതിർന്ന ഡോക്ടർമാർ അടക്കം മാസ്ക് മാത്രം ധരിച്ചാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. 

pinarayi
കോവിഡ് ബാധയെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ. ഭാര്യ കമലയും കൊച്ചുമകൻ ഇഷാനും സമീപം.

ഏപ്രിൽ 14:  മുഖ്യമന്ത്രി കോവിഡ് മുക്തനായി വീട്ടിൽ ക്വാറന്റീനിലേക്കു പ്രവേശിക്കുന്നു.

കോവിഡ് പ്രോട്ടോക്കോൾ: കോവിഡ് പോസിറ്റീവായി 10–ാം ദിവസമാണു വീണ്ടും പരിശോധന നടത്തുന്നത്. ഈ പരിശോധനാഫലം നെഗറ്റീവായാൽ കോവിഡ് മുക്തനായി പ്രഖ്യാപിക്കും. കോവിഡ് ലക്ഷണമുള്ളയാൾക്ക്, ലക്ഷണം കണ്ടു തുടങ്ങി 10–ാം ദിവസം പരിശോധന നടത്തിയാലും പ്രശ്നമില്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

pinarayi-riyas
കോവിഡ് മുക്തനായ പിണറായി വിജയൻ കോഴിക്കോട് മെഡിക്കൽ ആശുപത്രിയിൽനിന്നു മടങ്ങുന്നു. മരുമകൻ മുഹമ്മദ് റിയാസ് സമീപം.

മുഖ്യമന്ത്രി ചെയ്തത്:  കോവിഡ് പോസിറ്റീവായി 7–ാം ദിവസം വീണ്ടും ആന്റിജൻ പരിശോധന നടത്തി നെഗറ്റീവായി ആശുപത്രി വിടുന്നു. 4 നു തന്നെ മുഖ്യമന്ത്രിക്കു കോവിഡ് ലക്ഷണങ്ങളായ പനിയും ജലദോഷവും ഉണ്ടായിരുന്നുവെന്നും അതിനാൽ 14–ാം തീയതിയിലേക്ക് 10 ദിവസം പൂർത്തിയായെന്നുമായിരുന്നു മെഡിക്കൽ ബോർഡ് തീരുമാനം. മുഖ്യമന്ത്രിയെ ഡിസ്ചാർജ് ചെയ്യുമ്പോഴും ഭാര്യ കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇവർ പിപിഇ കിറ്റ് ധരിക്കാതെ മാസ്ക് മാത്രം ധരിച്ചു മുഖ്യമന്ത്രിക്കൊപ്പം ഒരേ കാറിലാണു മടങ്ങിയത്. കൊച്ചുമകൻ, സെക്യൂരിറ്റി, ഡ്രൈവർ എന്നിവരും ഇവർക്കൊപ്പം കാറിൽ ഉണ്ടായിരുന്നു. മുഖ്യമന്ത്രി ആശുപത്രി വിടുന്ന സമയത്ത് അദ്ദേഹത്തെ യാത്രയയ്ക്കാൻ ഒട്ടേറെ പേർ ആശുപത്രിയിൽ എത്തിയിരുന്നു.

Content Highlights: Pinarayi Vijayan's Covid protocol violation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com