ADVERTISEMENT

ന്യൂഡൽഹി ∙ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ ഈ വിദ്യാർഥികളുടെ ഫലപ്രഖ്യാപനത്തിനുള്ള രൂപരേഖ ഒരാഴ്ചയ്ക്കകം തയാറാക്കുമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചത്.

സിബിഎസ്ഇ 12 പരീക്ഷ: പുതിയ തീയതി ജൂൺ ഒന്നിന് 

ന്യൂഡൽഹി ∙ കോവിഡ് വ്യാപനം കണക്കിലെടുത്ത് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നീട്ടിവയ്ക്കാനും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. 12–ാം ക്ലാസ് പരീക്ഷയ്ക്കുള്ള പുതിയ തീയതി ജൂൺ ഒന്നിനു തീരുമാനിക്കും.

കഴിഞ്ഞവർഷം 12–ാം ക്ലാസ് പരീക്ഷ രാജ്യമാകെയും പത്താം ക്ലാസ് പരീക്ഷ വടക്കുകിഴക്കൻ ഡൽഹിയിലും ഭാഗികമായേ നടന്നുള്ളൂ. എഴുതിയ പരീക്ഷകൾക്കു ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് എഴുതാത്ത വിഷയങ്ങൾക്കു മാർക്ക് നിശ്ചയിച്ചത്. 

ഇക്കുറി വിവിധ സാധ്യതകൾ പരിശോധിച്ച് ഉചിത തീരുമാനം കൈക്കൊള്ളുമെന്ന് ഉന്നത സിബിഎസ്ഇ ഉദ്യോഗസ്ഥൻ ‘മനോരമ’യോടു പറഞ്ഞു. 

ഇന്റേണൽ  അസസ്മെന്റ്,  പ്രാക്ടിക്കൽ പരീക്ഷ  എന്നിവ കണക്കിലെടുക്കുമെന്നു  സൂചനയുണ്ട്. മൂല്യനിർണയ ഫോർമുലയിൽ തൃപ്തരല്ലാത്തവർക്കു  കോവിഡ് ഭീഷണി  കുറയുമ്പോൾ  പരീക്ഷയെഴുതാൻ  അവസരം  നൽകും.

ഐസിഎസ്ഇ, ഐഎസ്‌സി: തീരുമാനമായില്ല

ഐസിഎസ്ഇ 10, ഐഎസ്‌സി 12 പരീക്ഷകളുടെ കാര്യത്തിൽ വൈകാതെ തീരുമാനമെടുക്കുമെന്നുമാണ് ഐഎസ്‍സിഇ കൗൺസിൽ സിഇഒ ജെറി ആരത്തൂൺ അറിയിച്ചു. ഐസിഎസ്ഇ പരീക്ഷ മേയ് 5 മുതലാണ്. ഐഎസ്‍സി പരീക്ഷ ഇക്കഴിഞ്ഞ എട്ടിനു തുടങ്ങി. ഇന്റർനാഷനൽ ബാക്കലോറിയറ്റ് (ഐബി) സിലബസ് പിന്തുടരുന്ന രാജ്യത്തെ 185 സ്കൂളുകളും പരീക്ഷ മാറ്റി.

നീറ്റ് പിജി മാറ്റി

ന്യൂഡൽഹി ∙ മെഡിക്കൽ ഉപരിപഠനത്തിനുള്ള ഞായറാഴ്ചത്തെ നീറ്റ് പിജി പ്രവേശനപരീക്ഷ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് തീരുമാനിക്കുമെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ്‌വർധൻ അറിയിച്ചു.

അതേസമയം, ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷ ജെഇഇ മെയിൻ ഏപ്രിൽ സെഷൻ 27 മുതൽ 30 വരെ നടക്കാനിരിക്കുകയാണ്. അഡ്മിറ്റ് കാർഡ് വൈകാതെ നൽകുമെന്നാണ് നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചിരിക്കുന്നത്.

എസ്എസ്എൽസി, പ്ലസ്ടു  പരീക്ഷ തുടരും

തിരുവനന്തപുരം ∙ സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ തുടരും. വിദ്യാർഥികൾ സ്ഥാപനങ്ങളുടെ വാഹനങ്ങളിൽ വന്നുപോകുന്നതാകും ഉചിതമെന്നു ചീഫ് സെക്രട്ടറി വി. പി. ജോയ് പറഞ്ഞു. കോവിഡ് അതിതീവ്രമാകുകയും പരീക്ഷ നടത്തരുതെന്ന് ആരോഗ്യ വകുപ്പ് നിർദേശിക്കുകയും ചെയ്താലേ മാറ്റുന്നതിനെക്കുറിച്ചു ചർച്ച ചെയ്യൂവെന്നു വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. 

സ്കൂളുകളിൽ മുൻകരുതൽ ഉറപ്പാക്കാൻ ജില്ലാ, ഉപജില്ലാ അധികൃതർക്കു നിർദേശം നൽകിയിട്ടുണ്ട്. പ്ലസ്ടു പരീക്ഷകൾ 26 വരെയും എസ്എസ്എൽസി 29 വരെയുമാണ്. മേയ് രണ്ടാം വാരത്തെ പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകളിൽ അന്തിമ തീരുമാനമായിട്ടില്ല.

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com