വാക്സീൻ ക്ഷാമം രൂക്ഷം; ക്യാംപുകൾ വെട്ടിക്കുറച്ചു
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തു കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ കൂടുതൽ പേർ വാക്സീൻ സ്വീകരിക്കാൻ എത്തിയതു പ്രതിസന്ധി സൃഷ്ടിക്കുന്നു. വാക്സീൻ ക്ഷാമം രൂക്ഷമായതോടെ ക്യാംപുകളുടെ എണ്ണം വെട്ടിക്കുറച്ചു. തിരുവനന്തപുരത്ത് 134 കേന്ദ്രങ്ങളിൽ കുത്തിവയ്പു മുടങ്ങി. ആലപ്പുഴയിലെ ചില ക്യാംപുകൾ നിർത്തിവച്ചു. പാലക്കാട്ട് 110 ക്യാംപുകളിൽ 54 എണ്ണമാണ് ഇന്നലെ പ്രവർത്തിച്ചത്. കോവിഷീൽഡ് വാക്സീനാണു ദൗർലഭ്യം.
സംസ്ഥാനത്തിന് ഇതുവരെ 60 ലക്ഷം ഡോസ് കോവിഡ് വാക്സീൻ ലഭിച്ചു. അടിയന്തരമായി 50 ലക്ഷം ഡോസ് കൂടി ആവശ്യപ്പെട്ടെങ്കിലും 2 ലക്ഷമാണ് ഇന്നലെ അനുവദിച്ചത്. സംസ്ഥാനത്ത് 45 വയസ്സിനു മുകളിലുള്ള 65 ലക്ഷം പേർ വാക്സീൻ സ്വീകരിക്കാൻ ബാക്കിയുള്ളപ്പോൾ 7.22 ലക്ഷം ഡോസ് മാത്രമാണു ശേഖരത്തിലുള്ളത്. 45 വയസ്സിനു മുകളിലുള്ള 1.15 കോടിയിൽ 50 ലക്ഷം പേർ വാക്സീൻ സ്വീകരിച്ചുകഴിഞ്ഞു. നിലവിൽ ശേഖരത്തിലുള്ള വാക്സീൻ ഉടൻ വിതരണം ചെയ്യാൻ നിർദേശം നൽകിയെന്ന് ആരോഗ്യ വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ പറഞ്ഞു.
കേരളത്തിനു 7.74 ലക്ഷം ഡോസ് കൂടി നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ ന്യൂഡൽഹിയിൽ പറഞ്ഞു. കേരളത്തിലെ സ്ഥിതി ചൂണ്ടിക്കാട്ടി പരാതിയുമായെത്തിയ കൊടിക്കുന്നിൽ സുരേഷ് എംപിക്കാണു മന്ത്രി ഉറപ്പു നൽകിയത്.
രണ്ടാം ഡോസും ആദ്യ ബ്രാൻഡ്
∙ ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചവർക്കു രണ്ടാം ഡോസായി നൽകുന്നതും അതേ ബ്രാൻഡ് തന്നെയാകണമെന്ന് രാജൻ ഖോബ്രഗഡെ പറഞ്ഞു. ആദ്യ ഡോസ് കോവിഷീൽഡ് സ്വീകരിച്ചവർ രണ്ടാം ഡോസും അതുതന്നെയെടുക്കണം. കോവാക്സിനും ഇതു ബാധകമാണ്.
‘കൂടുതൽ വാക്സീൻ എത്തിയില്ലെങ്കിൽ 3 ദിവസത്തിനകം കുത്തിവയ്പ് പൂർണമായി മുടങ്ങും. മുൻപു കേന്ദ്രത്തോട് ആവശ്യപ്പെട്ടപ്പോഴെല്ലാം അൽപമെങ്കിലും വാക്സീൻ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇനി അതു മതിയാകില്ല. മെഗാ വാക്സിനേഷൻ ക്യാംപ് നടത്താനാണ് ഉദ്ദേശിക്കുന്നത്. കൂടുതൽ വാക്സീൻ ലഭിച്ചാലേ ഇതു യാഥ്യാർഥ്യമാകൂ.’
മന്ത്രി കെ.കെ. ശൈലജ
Content Highlights: Covid vaccine shortage in Kerala