മുഖം മിനുക്കിയവർ രാജ്യസഭാ മുഖങ്ങളായി; ‘ഉപദേഷ്ടാക്കൾ’ രാജ്യസഭയിലേക്ക്
Mail This Article
തിരുവനന്തപുരം∙ പാർട്ടിയുടെയും സർക്കാരിന്റെയും മുഖം മിനുക്കലിൽ പങ്കു വഹിച്ചവർക്ക് അംഗീകാരമായി രാജ്യസഭാ സീറ്റ്. രാജ്യസഭ മോഹിച്ച പ്രമുഖരടക്കം ഇതോടെ നിരാശയിലായി.
പാർട്ടിയുടെ മാധ്യമനയം രൂപീകരിക്കുന്നതിൽ വർഷങ്ങളായി ജോൺ ബ്രിട്ടാസ് പങ്കു വഹിക്കുന്നു. സമൂഹമാധ്യമങ്ങളിൽ പാർട്ടിയുടെയും സർക്കാരിന്റെയും സൽപേര് ഉയർത്തിപ്പിടിക്കുക എന്നതാണു ശിവദാസന്റെ ജോലി. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ രൂപരേഖ തയാറാക്കുന്നതിലും ഇരുവരും പങ്കു വഹിച്ചു. കണ്ണൂരുകാരായ സർക്കാരിന്റെ മാധ്യമ ഉപദേഷ്ടാവിനും പാർട്ടിയുടെ അനൗദ്യോഗിക സമൂഹമാധ്യമ ഉപദേഷ്ടാവിനും ഒരുമിച്ചു രാജ്യസഭാ സീറ്റ് ലഭിച്ചതു ശ്രദ്ധേയമായി.
പാർട്ടി ശ്രേണിയിലെ പ്രമുഖരെ പിന്തള്ളി ബ്രിട്ടാസിന്റെ ആരോഹണം സിപിഎമ്മിനകത്തു ചർച്ചയായിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള അടുപ്പവമാണ് വഴിയൊരുക്കിയതെന്നു കരുതുന്നവരേറെ. ദേശാഭിമാനി ഡൽഹി ബ്യൂറോ ചീഫ് ആയിരിക്കെ വളരെ കുറഞ്ഞ പ്രായത്തിലാണു ബ്രിട്ടാസിനെ കൈരളി ചാനലിന്റെ തലപ്പത്തേക്കു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ നിയോഗിച്ചത്. അന്നു മുതൽ പിണറായിയുടെ വിശ്വസ്തനും അദ്ദേഹത്തിന്റെ പ്രതിച്ഛായ നിർമാണത്തിൽ പങ്കു വഹിക്കുന്നവരിൽ ഒരാളും എന്ന വിശേഷണമാണു ബ്രിട്ടാസിന്.
മാധ്യമ ഉപദേഷ്ടാവായും അല്ലാതെയും മുഖ്യമന്ത്രിയുടെ ഡൽഹി യാത്രകളിൽ നിഴൽ പോലെ ബ്രിട്ടാസുണ്ടായി. ഇടക്കാലത്തു കൈരളി ഉപേക്ഷിച്ചു പോയ അദ്ദേഹത്തെ തിരികെ അതേ പദവിയിലേക്കു കൊണ്ടുവന്നതും പിണറായിയുടെ താൽപര്യ പ്രകാരമായിരുന്നു. എൽഡിഎഫിന്റെ പ്രചാരണ രീതികളാകെ നവീകരിച്ചുള്ള 2016 ലെയും 2021 ലെയും ക്യാംപെയ്ൻ പിണറായിക്കായി രൂപകൽപന ചെയ്തതിൽ വഹിച്ച നേതൃപരമായ പങ്കിനുള്ള പാരിതോഷികമായി രാജ്യസഭാ സീറ്റിനെ കാണുന്നുവരുണ്ട്. ദേശാഭിമാനി റസിഡന്റ് എഡിറ്റായിരുന്ന കെ.മോഹനനു ശേഷം രാജ്യസഭയിലേക്കു സിപിഎം നിയോഗിക്കുന്ന മാധ്യമ പ്രവർത്തകനാണ് ബ്രിട്ടാസ്. എകെജി സെന്ററുമായി ബന്ധപ്പെട്ട പാർട്ടി ഘടകത്തിൽ അംഗമാണ്.
തൃശൂർ കേരളവർമ കോളജിൽനിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ ബ്രിട്ടാസിനെപ്പോലെ മറ്റൊരു റാങ്ക് ജേതാവാണ് ശിവദാസനും. കാലിക്കറ്റ് സർവകലാശായിൽ ബിഎ ഹിസ്റ്ററി ഒന്നാം റാങ്കുകാരനായ ശിവദാസൻ ‘പഠിക്കുക, പോരാടുക’ എന്ന എസ്എഫ്ഐ മുദ്രാവാക്യം പ്രാവർത്തികമാക്കിയ നേതാവാണ്. കണ്ണൂർ സർവകലാശാലയിൽ നിന്നു പിഎച്ച്ഡിയും ജെഎൻയുവിൽനിന്നു പോസ്റ്റ് ഡോക്ടറൽ ഡിഗ്രിയും നേടി. ചാനൽ ചർച്ചകളിൽ പാർട്ടിയുടെ മുഖങ്ങളിലൊന്നായ ശിവദാസൻ നിലവിൽ എകെജി സെന്റർ കേന്ദ്രീകരിച്ചു സമൂഹ മാധ്യമങ്ങളുടെ ചുമതല വഹിക്കുന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ സൈബർ പ്രചാരണത്തിന്റെ ഏകോപനം നിർവഹിച്ചതിനു പിന്നാലെയാണ് ഈ അംഗീകാരം.
കെ.കെ.രാഗേഷിനു വീണ്ടും സീറ്റ് നൽകുന്നതു പരിഗണിക്കാമെന്നു കേന്ദ്ര നേതൃത്വം അഭിപ്രായപ്പെട്ടെങ്കിലും സമീപകാലത്തു പാർട്ടിയുടെ ഉന്നത നേതൃനിരയിൽപെട്ടവർക്കു മാത്രമാണു രാജ്യസഭയിൽ രണ്ടാം അവസരം നൽകിയതെന്ന് ഇവിടത്തെ നേതാക്കൾ പറഞ്ഞു. കഴിഞ്ഞ തവണ ഒഴിവു വന്നപ്പോൾ സെക്രട്ടേറിയറ്റ് നിശ്ചയിച്ച ശേഷം എളമരം കരീമിനായി മാറേണ്ടി വന്ന ചെറിയാൻ ഫിലിപ്പ് വീണ്ടും തഴയപ്പെട്ടു.
ഇതോടെ സിപിഎം സഹയാത്രികനായി 2 പതിറ്റാണ്ട് പൂർത്തികരിച്ചിട്ടും പാർലമെന്ററി പ്രവർത്തനം അദ്ദേഹത്തിന് അകലെയായി. കോൺഗ്രസിലും സിപിഎമ്മിന്റെ ഭാഗമായും പ്രവർത്തിച്ച ചെറിയാന് ഇതുവരെ നിയമസഭയിലോ പാർലമെന്റിലോ എത്താനായില്ല. നിയമസഭാ സ്ഥാനാർഥിത്വത്തിൽ തഴയപ്പെട്ട തോമസ് ഐസക് അടക്കമുള്ള മന്ത്രിമാരുടെ പേര് അന്തരീക്ഷത്തിൽ ഉണ്ടായിരുന്നുവെങ്കിലും ഈ ഘട്ടത്തിൽ മന്ത്രിമാരിൽ ഒരാളെ വേണ്ട എന്നു തീരുമാനിക്കുകയായിരുന്നു.
ബ്രിട്ടാസ് ഇടതു പത്രപ്രവർത്തനം നന്നായി നടത്തി: വിജയരാഘവൻ
തിരുവനന്തപുരം ∙ ഇടതുപക്ഷ പത്രപ്രവർത്തനം നല്ല രീതിയിൽ നടത്തിയ ആൾ എന്ന നിലയിലാണു ജോൺ ബ്രിട്ടാസിനെ രാജ്യസഭാ സ്ഥാനാർഥിയാക്കിയതെന്നു സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ. പാർട്ടിക്കു നല്ല ബോധ്യമുള്ള 2 പേരെയാണു തീരുമാനിച്ചത്. മാധ്യമ രംഗത്തുള്ളവരെ നേരത്തേയും രാജ്യസഭയിലേക്കു നിയോഗിച്ചിട്ടുണ്ട്. പാർലമെന്റിൽ അവർ തിളങ്ങി. കെ.കെ. രാഗേഷ് രാജ്യസഭയിൽ മികച്ച രീതിയിലാണു പ്രവർത്തിച്ചത്. കർഷക പ്രക്ഷോഭത്തിൽ മാതൃകാപരമായ പ്രവർത്തനമായിരുന്നു അദ്ദേഹത്തിന്റേത്. അതുപോലെ ഇവരും പ്രവർത്തിക്കും– വിജയരാഘവൻ പറഞ്ഞു.
English Summary: CPM candidates for Rajya sabha elections