ADVERTISEMENT

തിരുവനന്തപുരം ∙ യുഎന്‍ സാമ്പത്തിക, സാമൂഹിക സമിതിയില്‍ പ്രത്യേക ഉപദേശക പദവിയുള്ള ഡബ്ള്യു.എച്ച്.ഐയുടെ പ്രഥമ ഗോള്‍ഡന്‍ ലാന്റേണ്‍ ദേശീയ പുരസ്‌കാരം ഓര്‍ത്തഡോക്സ് സഭാ മുംബൈ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്. പ്രവര്‍ത്തന മേഖലയ്ക്കു പുറത്ത്, സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളില്‍ നടത്തുന്ന മാതൃകാപരവും പ്രചോദനാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഡബ്ള്യു.എച്ച്.ഐ ഗോള്‍ഡന്‍ ലാന്റേണ്‍ പുരസ്‌കാരം.

മുംബൈയിലെ ചേരികളില്‍ നിന്നുള്ള കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന തുടര്‍പദ്ധതിക്കും ചേരികളിലെ ക്ഷയരോഗികള്‍ക്കായി ആവിഷ്‌കരിച്ച ആരോഗ്യ, ചികിത്സാ പദ്ധതിക്കും നല്‍കിയ നേതൃത്വത്തിനൊപ്പം വിദ്യാഭ്യാസരംഗത്തു നല്‍കിയ സമഗ്രസംഭാവനകള്‍ കൂടി പരിഗണിച്ചാണ് ദേശീയതലത്തിലെ ജൂറി ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് ഡബ്ള്യു.എച്ച്.ഐ ചെയര്‍പേഴ്സണ്‍ ഡോ. വിജയലക്ഷ്മി പറഞ്ഞു.

ക്യാന്‍സര്‍ ചികിത്സയ്ക്ക് മുംബൈയിലെ ടാറ്റാ ആശുപത്രിയിലെത്തുന്ന നിര്‍ദ്ധന രോഗികള്‍ക്ക് സൗജന്യ താമസവും ഭക്ഷണവും യാത്രാസൗകര്യവും ഒരുക്കുന്ന പദ്ധതിയും ചുവന്ന തെരുവുകളില്‍ നിന്ന് വീണ്ടെടുത്ത സ്ത്രീകള്‍ക്കായുള്ള ആരോഗ്യ, സാമൂഹ്യ സുരക്ഷാ പരിപാടികള്‍, മുംബൈ കലാപവേളയില്‍ മതഭേദമില്ലാതെ ആയിരങ്ങള്‍ക്ക് അഭയം നല്‍കുന്ന ശരണാലയമായി ആരംഭിച്ച ഗ്രിഗോറിയന്‍ കമ്യൂണിറ്റിയുടെ ആവിഷ്‌കാരം, തിയോ യൂണിവേഴ്സിറ്റിയില്‍ പെണ്‍കുട്ടികള്‍ക്കും ദൈവശാസ്ത്രപഠനത്തിന് അവസരം നല്‍കാനുള്ള പദ്ധതി തുടങ്ങിയവയും പുരസ്‌കാര നിര്‍ണയത്തിനായി ജൂറി പരിഗണിച്ചു.

ഗോള്‍ഡന്‍ ലാന്റേണ്‍ പുരസ്‌കാരലബ്ധിയോടെ, യു.എന്നില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ വിമന്‍ കോണ്‍ഫറന്‍സിന്റെ അടുത്ത സമ്മേളനത്തില്‍ ഗ്രിഗോറിയന്‍ കമ്യൂണിറ്റിയെക്കുറിച്ചും ചേരി മേഖലകളുടെ പുനരുദ്ധാരണ പദ്ധതികളെക്കുറിച്ചും പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന് അവസരം ലഭിക്കുമെന്ന് ഡോ. വിജയലക്ഷ്മി പറഞ്ഞു.

ജൂലൈ മധ്യത്തോടെ തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുരസ്‌കാര വിതരണം നടത്തും. ഡബ്ള്യു.എച്ച്.ഐ ചെയര്‍പേഴ്സണ്‍ ഡോ. വിജയലക്ഷ്മി, ഡബ്ള്യു.എച്ച്.ഐ പ്രതിനിധികളായ രാധിക സോമസുന്ദരം, കെ.പി. കൃഷ്ണകുമാർ എന്നിവർ അവാർഡ് പ്രഖ്യാപനത്തിൽ പങ്കെടുത്തു.

English Summary: WHI Golden Lantern National award to Geevarghese Mar Coorilos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com