കേരളം വാക്സീൻ നേരിട്ടുവാങ്ങും; 18 – 45 പ്രായക്കാരിൽ രോഗമുള്ളവർക്ക് മുൻഗണന
Mail This Article
തിരുവനന്തപുരം ∙ വാക്സീൻ കേന്ദ്രങ്ങളിൽ ജനം തിക്കിത്തിരക്കുന്നതിനിടെ, കമ്പനികളിൽനിന്നു നേരിട്ടു വാക്സീൻ വാങ്ങാൻ സംസ്ഥാനം നടപടി തുടങ്ങി. കേന്ദ്രത്തിന്റെ പുതിയ നയത്തിന് അനുസൃതമായാണു തീരുമാനം.
കമ്പനികളുമായി ചർച്ച നടത്താനും വാങ്ങേണ്ടതിന്റെ അളവും വിലയും നിശ്ചയിക്കാനും ചീഫ് സെക്രട്ടറി, ധന, ആരോഗ്യ സെക്രട്ടറിമാർ എന്നിവരെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വാക്സീൻ തുടർന്നും സൗജന്യമായി ലഭ്യമാക്കണമെന്ന അഭ്യർഥനയ്ക്കു കേന്ദ്രത്തിന്റെ മറുപടി ലഭിച്ചിട്ടില്ലെങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ല. ഇന്നത്തെ സാഹചര്യത്തിൽ സ്വന്തം നിലയ്ക്കു വാങ്ങാൻ മാത്രമേ സംസ്ഥാനത്തിനു കഴിയൂ. അല്ലെങ്കിൽ വൈകിയേക്കാം. സംസ്ഥാനം ചെലവഴിക്കുന്ന തുക കേന്ദ്രത്തിനു പിന്നീടു തിരിച്ചുതരാവുന്നതേയുള്ളൂ.
18– 45 പ്രായക്കാരായ 1.65 കോടി പേർക്കു മേയ് 1 മുതൽ വാക്സീൻ നൽകാൻ നടപടി തുടങ്ങുകയാണ്. രണ്ടോ മൂന്നോ ഘട്ടമായാകും വിതരണം. രോഗമുള്ളവർക്കു മുൻഗണന നൽകും. ഇക്കാര്യം പഠിച്ച് ഉടൻ മാനദണ്ഡം ഉണ്ടാക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി.
സർക്കാർ ആശുപത്രികളിൽ 18 വയസ്സിനു മുകളിലുള്ളവർക്കും സൗജന്യ കുത്തിവയ്പായിരിക്കുമെന്നു കേരളം, അസം, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
6.5 ലക്ഷം ഡോസ് കൂടി ലഭിച്ചു
ആറര ലക്ഷം ഡോസ് വാക്സീൻ കൂടി ഇന്നലെ ലഭിച്ചതോടെ 3 ദിവസത്തേക്കു വിതരണം സുഗമമാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ പ്രവർത്തകർ. തിരുവനന്തപുരത്ത് 3.50 ലക്ഷവും കൊച്ചിയിലും കോഴിക്കോട്ടും 1.50 ലക്ഷം വീതവും ഡോസ് വാക്സീനാണ് എത്തിയത്.
26ന് സർവകക്ഷിയോഗം
തിരുവനന്തപുരം ∙ കോവിഡ് പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ 26നു രാവിലെ 11.30നു സർവകക്ഷിയോഗം വിളിച്ചുചേർക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വിഡിയോ കോൺഫറൻസായാകും ചേരുക.സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗം നാളെ ചേരും. കോവിഡ് ചികിത്സയ്ക്കു സ്വകാര്യ ആശുപത്രികൾ വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നതായി പരാതി ലഭിക്കുന്നുണ്ട്. ഒരു ദിവസത്തെ ചികിത്സയ്ക്ക് 2300 മുതൽ 20,000 രൂപ വരെ ഈടാക്കുന്നയിടങ്ങളുണ്ട്. വിഷയം യോഗത്തിൽ ചർച്ച ചെയ്യും.
അതിഥിത്തൊഴിലാളികളിൽ പരിഭ്രാന്തി പരത്താൻ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. അതിഥിത്തൊഴിലാളികളുടെ സംശയങ്ങൾ പരിഹരിക്കാൻ, വിവിധ ഭാഷകൾ സംസാരിക്കുന്നവരെ ഉൾപ്പെടുത്തി എറണാകുളം ജില്ലയിൽ ലേബർ ഓഫിസറുടെ നേതൃത്വത്തിൽ കൺട്രോൾ റൂം തുറക്കും.
കണ്ടെയ്ൻമെന്റ് സോണുകളിൽ പുറത്തുനിന്നു ജോലിക്കെത്തുന്നവർ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുവെന്നു തൊഴിലുടമ ഉറപ്പാക്കണം. വ്യവസായ സ്ഥാപനങ്ങളിൽ തൊഴിലാളികൾക്കു ഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കണം. വഴിയോരക്കച്ചവടക്കാരിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തവരെ നിയന്ത്രിക്കാൻ പൊലീസ് പരിശോധന കർശനമാക്കും.