ADVERTISEMENT

കൊച്ചി ∙ വൈഗ കൊലക്കേസിലെ പ്രതി സനു മോഹൻ കോയമ്പത്തൂരിൽ വിറ്റ കാറിലും രക്തക്കറയ്ക്കു സമാനമായ അടയാളങ്ങൾ. കാറിനകത്തു മദ്യപിച്ചതിന്റെയും ഭക്ഷണം കഴിച്ചതിന്റെയും ലക്ഷണങ്ങളും ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി.

കോയമ്പത്തൂരിൽ നിന്നു തൃക്കാക്കരയിലെത്തിച്ച കാർ ഇന്നലെയാണു വിശദമായ ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കിയത്. കാറിന്റെ സീറ്റിൽ കണ്ടെത്തിയ അടയാളം രക്തക്കറയാണെങ്കിൽ അതു വൈഗയുടേതാകുമെന്ന നിഗമനത്തിലാണു പൊലീസ്. 

ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചപ്പോൾ വൈഗയുടെ മൂക്കിൽ നിന്നു രക്തം വന്നെന്നു സനു മോഹൻ പൊലീസിനോടു പറഞ്ഞിരുന്നു. വീട്ടിലെ തറയിൽ കണ്ടെത്തിയ രക്തക്കറ വൈഗയുടേതാണെന്നു തിരിച്ചറിഞ്ഞിരുന്നു.

സനു മോഹനുമായി മറ്റു സംസ്ഥാനങ്ങളിലേക്കു തെളിവെടുപ്പിനു പോയ പൊലീസ് സംഘം ഇന്നലെ വൈകിട്ട് ഗോവയിലെത്തി. കോയമ്പത്തൂർ, സേലം, ബെംഗളൂരു എന്നിവിടങ്ങളിലെ തെളിവെടുപ്പ് പൂർത്തിയാക്കിയാണ് തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർ കെ.ധനപാലന്റെ നേതൃത്വത്തിലുള്ള സംഘം ഗോവയിലെത്തിയത്. 

ഇവിടെ സനു താമസിച്ചിരുന്ന ഹോട്ടലിലും ആത്മഹത്യാ ശ്രമം നടത്തിയ കേന്ദ്രത്തിലും പണം നഷ്ടപ്പെട്ട ചൂതാട്ട സ്ഥലത്തും അന്വേഷണം നടത്തും. ഗോവയിലെ തെളിവെടുപ്പിനു ശേഷം കൊല്ലൂർ, കാർവാർ എന്നിവിടങ്ങളിലും സനുവുമായി പോകും. സനുവിനെ പിടികൂടിയ കാർവാർ ബീച്ചിലാകും അവസാന തെളിവെടുപ്പ്. ഞായറാഴ്ച തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

English Summary: Vaiga murder case followup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com