ADVERTISEMENT

കണ്ണൂർ ∙ മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി. ജയരാജന്റെ മകൻ ഡയറക്ടറായ ആയുർവേദ റിസോർട്ടിന്റെ ഉദ്ഘാടനത്തിൽ ജയരാജനൊപ്പം കോൺഗ്രസ് നേതാവ് മമ്പറം ദിവാകരനും പങ്കെടുത്തതിനെതിരെ പോസ്റ്ററുകൾ. കണ്ണൂർ രാഷ്ട്രീയത്തിൽ മാഫിയ ബന്ധമുണ്ടെന്ന് ആരോപിച്ചുള്ള പോസ്റ്ററുകളാണു കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ചത്. ‘സഖാക്കളേ, കുന്നിടിച്ചു റിസോർട്ട്, കൂട്ടിനു മമ്പറം ദിവാകരൻ, രക്തസാക്ഷികൾ സിന്ദാബാദ്’ തുടങ്ങിയ വാചകങ്ങളുള്ള പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. കണ്ണൂരിൽ ഡിസിസി ഓഫിസിന്റെ ചുമരിലും പോസ്റ്ററുണ്ട്.

കുന്നിടിക്കൽ വിവാദത്തിന്റെ പേരിൽ പാർട്ടി എതിർത്തുപോന്ന റിസോർട്ടിന്റെ ഉദ്ഘാടനത്തിൽ രാഷ്ട്രീയ എതിരാളിക്കൊപ്പം പങ്കെടുത്ത മമ്പറം ദിവാകരനെതിരെ കെപിസിസി നേതൃത്വത്തിനു പരാതി നൽകാനും നീക്കമുണ്ട്. ഇന്നു തിരുവനന്തപുരത്തുള്ള കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ ഈ വിഷയം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നാണു വിവരം. സിപിഎമ്മിലും വിഷയം വലിയ ചർച്ചയായി.

കോടികൾ മുതൽ മുടക്കുള്ള റിസോർട്ടിന്, മന്ത്രിയും പാർട്ടി കേന്ദ്രകമ്മിറ്റി അംഗവുമായ നേതാവ് നേതൃത്വം കൊടുക്കുന്നുവെന്ന തരത്തിലുള്ള പ്രചാരണമുണ്ടായത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന അഭിപ്രായമാണു പാർട്ടിക്കുള്ളിൽ. 

മക്കളുടെ ബിസിനസിന്റെ കാര്യത്തിൽ കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളെടുക്കുന്ന സമീപനമല്ല, ഇപിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും വിമർശനമുണ്ട്. എന്നാൽ നേതാക്കളാരും പരസ്യ പ്രതികരണത്തിനു തയാറായിട്ടില്ല. റിസോർട്ട് ഉദ്ഘാടന വിഷയത്തിൽ ഇപിയും മൗനം തുടരുകയാണ്.

Content Highlights: EP Jayarajan's son resort row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com