90 മാരാമൺ കൺവൻഷനുകളിലെ സാന്നിധ്യമായി മാർ ക്രിസോസ്റ്റം
Mail This Article
തിരുവല്ല ∙ മാരാമൺ മണൽപ്പുറവും മാർ ക്രിസോസ്റ്റവും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടിന്റെ ഇഴയടുപ്പമുണ്ട്. അദ്ദേഹം അര നൂറ്റാണ്ടിലേറെക്കാലം ഇവിടെ നടത്തിയ പ്രസംഗങ്ങൾ നാലു തലമുറയ്ക്ക് ചിരിയും ചിന്തയും സമ്മാനിച്ചു.
കുട്ടിക്കാലത്തു മാരാമൺ കൺവൻഷനിൽ പോയിരുന്നതു പ്രസംഗം കേൾക്കാനല്ല, ആൾക്കൂട്ടത്തെയും തിരുമേനിമാരെയും കാണാനായിരുന്നെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആ മണൽപ്പരപ്പിലൂടെ 9 പതിറ്റാണ്ടു മുൻപു തുള്ളിച്ചാടി നടന്ന ധർമിഷ്‌ഠൻ എന്ന ബാലൻ പിന്നീടു മാരാമൺ കൺവൻഷനു നേതൃത്വം നൽകുന്ന മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷനും വലിയ മെത്രാപ്പൊലീത്തയുമായി.
101–ാം വയസ്സിലും മാരാമൺ മണപ്പുറത്തെ പന്തലിലെത്താനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി. 2019 ഫെബ്രുവരി 9ന് നടന്ന മാർത്തോമ്മാ സേവികാ സംഘം സമ്മേളനത്തിലായിരുന്നു അത്.
മാരാമൺ കൺവൻഷന്റെ 126 വർഷത്തെ ചരിത്രത്തിൽ 90 കൺവൻഷനുകളിലെങ്കിലും മാർ ക്രിസോസ്‌റ്റം വലിയ മെത്രാപ്പൊലീത്തയുടെ സാന്നിധ്യമുണ്ടായിരുന്നു. സൺഡേ സ്കൂൾ കുട്ടിയായി, യുവജനസഖ്യം പ്രവർത്തകനായി, മിഷനറിയായി, വൈദികനായി, എപ്പിസ്കോപ്പയായി അദ്ദേഹം മാരാമൺ കൺവൻഷനിൽ നിറഞ്ഞുനിന്നു. 8 മാരാമൺ കൺവൻഷനുകളുടെ ഉദ്ഘാടകനുമായി. 1954 മുതൽ 2018 വരെ (65 വർഷം) മാരാമണ്ണിലെ കൺവൻഷൻ യോഗങ്ങളിൽ പ്രസംഗിക്കുവാനുള്ള ഭാഗ്യവും മാർ ക്രിസോസ്റ്റത്തിനു ലഭിച്ചു.
ആലുവ യുസി കോളജിൽ പഠിക്കുന്ന കാലത്തും അങ്കോല, ബെംഗളൂരു എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കാലത്തും കൺവൻഷനിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, വൈദികനായ ശേഷം 1944മുതൽ 2018വരെ തുടർച്ചയായി പങ്കെടുത്തിരുന്നു.
‘താൻ ജനിക്കും മുൻപേ ദൈവം തന്നെ കണ്ടെത്തിയ സ്ഥലമാണു മാരാമൺ. സാധു സുന്ദർസിങ് ഇവിടെ പ്രസംഗിച്ചപ്പോൾ വടക്കേ ഇന്ത്യയിലേക്കു സുവിശേഷകർ വരണമെന്ന് ആഹ്വാനം ചെയ്തു. അന്ന് ഞാൻ മാതാവിന്റെ ഗർഭത്തിലുണ്ട്.
ആൺകുട്ടിയാണെങ്കിൽ സുവിശേഷ വേലയ്ക്ക് അയയ്ക്കാമെന്ന അമ്മയുടെ സമർപ്പണമാണ് എന്നെ ഞാനാക്കിയത്’ – മാർ ക്രിസോസ്റ്റം പല പ്രസംഗങ്ങളിലും പറഞ്ഞു.