ADVERTISEMENT

കടലിലേക്കു പതിച്ചുപോയൊരു ആകാശവാഹനത്തിന്റെ വാർത്ത കൊണ്ടു പുലർന്ന ദിവസമായിരുന്നു ഇന്നലെ. മലയാള സിനിമയിലുണ്ടായ ഏറ്റവും വലിയ തേജോഗോളങ്ങളെ താരാകാശത്തിലെത്തിച്ചു ഭ്രമണപഥങ്ങളിലുറപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചൊരു വിക്ഷേപണവാഹനം പോലെ വർത്തിച്ച മനുഷ്യൻ മറഞ്ഞുപോയ വാർത്ത കൊണ്ടാണ് ആ ദിനത്തിനു കർട്ടൻ വീണത്.

പടയും പടഹവുമില്ലാതെ പേന കൊണ്ട് പേപ്പറിൽ പോര് നയിക്കുന്നവരാണു പടമെഴുത്തുകാർ. ഏകാന്തതയിൽ ആകാംക്ഷയും ആശങ്കയും അതിസമ്മർദവും ആഹരിച്ച് അവർ തനിയെ തപിച്ചും വിയർത്തും വെട്ടിപ്പിടിക്കുന്ന പ്രദേശങ്ങളുടെ പരപ്പിലും പച്ചപ്പിലുമാണ് സത്യത്തിൽ സിനിമാസാമ്രാജ്യങ്ങൾ പടുത്തുയർത്തപ്പെടുന്നത്.

ഡെന്നിസെഴുത്തിന്റെ അശ്വരഥവേഗങ്ങളിൽ അതിരുവിട്ട് അഡ്രിനാലിൻ ചാടിയൊരു തലമുറയുടെ ഭാഗമാണു ഞാൻ.

‘ശ്യാമ’, ‘നിറക്കൂട്ട്’, ‘ന്യൂഡൽഹി’, ‘സംഘം’, ‘രാജാവിന്റെ മകൻ’, ‘ഭൂമിയിലെ രാജാക്കന്മാർ’, ‘നായർ സാബ്’, ‘നമ്പർ 20 മദ്രാസ് മെയിൽ’, ‘കോട്ടയം കുഞ്ഞച്ചൻ’, ‘ആകാശദൂത്’, ‘മനു അങ്കിൾ’, ‘അഥർവം’.... വിപ്ലവ റഷ്യയ്ക്കു വോസ്തോക്ക് പോലെയും ആംസ്ട്രോങ്ങിന് അപ്പോളോ പോലെയും താരോന്നതികൾക്കു പിന്നിൽ ആ തന്റേടമുള്ള തിരക്കഥകൾ തുണനിന്നു. വെടിമരുന്നു നിറച്ചൊരു പേന കൊണ്ട് പടുകൂറ്റൻ വിജയങ്ങളൊരുക്കിയ ഏറ്റുമാനൂരുകാരനെപ്പറ്റി ഹിറ്റുമാനൂരപ്പൻ എന്ന കുറിപ്പെഴുതിയിട്ട് അധിക കാലമായിട്ടില്ല.

ഒട്ടും നാടകീയതയില്ലാതെയാണ് ഡെന്നിച്ചായൻ സംസാരിച്ചിരുന്നത്. അദ്ദേഹത്തിന്റെ വീരനായകന്മാർ സംസാരിച്ചിരുന്നതും അങ്ങനെ തന്നെ. അലങ്കാരങ്ങളുടെ ആലഭാരങ്ങൾ തൂക്കി അവരുടെ വർത്തമാനത്തെ അതിഭാവുകത്വം നിറഞ്ഞതും അപഹാസ്യത കവിഞ്ഞതുമാക്കിയില്ല ആ എഴുത്തുകാരൻ. പൊളിറ്റിക്കൽ കറക്ട്നെസിന്റെ കാലത്തിനു മുൻപ് പിറന്നവരായതുകൊണ്ട് ആ കഥാപാത്രങ്ങൾക്കൊന്നും ഇന്നത്തെ വീരനായകന്മാർക്കുള്ളത്ര ബാധ്യതകളുമില്ലായിരുന്നു. എന്നിട്ടും അവർ പിതൃത്വത്തിന്റെയും പാരമ്പര്യത്തിന്റെയും പൂജാരികളായില്ല, പുണ്യഭാരം പേറിനടന്നില്ല, പകരം പച്ചമനുഷ്യരായി ചങ്കു വിരിച്ചുനിന്നു.

സ്വർഗമോ നരകമോ ഉണ്ടോയെന്ന് എനിക്കറിയില്ല. ഉണ്ടെങ്കിൽ ഡെന്നിസ് ജോസഫ് എവിടെയാണു പോവുകയെന്നതിൽ എനിക്കൊരു സംശയവുമില്ല. ഡെന്നിച്ചായാ, പോകുംമുൻപു കെട്ടിപ്പിടിച്ചുകരഞ്ഞ് നിങ്ങളുടെ കൈകളിലൊരുമ്മ തരട്ടെ ഞാൻ.

കവി ടി.എസ്. എലിയറ്റിനു തെറ്റി; ഏപ്രിൽ മാത്രമല്ല, മേയും ക്രൂരമാസമാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com