കേരള രാഷ്ട്രീയത്തിലെ ചെങ്കതിർ
Mail This Article
തൂവെള്ള സാരികൊണ്ടു മൂടിയ ചുവന്ന ഹൃദയമായിരുന്നു കേരള രാഷ്ട്രീയത്തിലെ ഏറ്റവും കരുത്തുറ്റ വനിതയെന്നു വിശേഷിപ്പിക്കപ്പെടുന്ന കെ.ആർ.ഗൗരിയമ്മയുടേത്. കമ്യൂണിസ്റ്റ് പാർട്ടിയിൽ ആയിരുന്നപ്പോഴും പാർട്ടി പിളർന്നശേഷം സിപിഎമ്മിലായപ്പോഴും പിന്നീട് പാർട്ടി പുറത്താക്കിയ ശേഷവും ആ രക്തത്തിന്റെയും മനസ്സിന്റെയും നിറം മാറിയില്ല. പൊട്ടിത്തെറിക്കുന്ന മുൻകോപത്തിലും പൊതിഞ്ഞുവച്ച നനുത്ത സ്നേഹം പോലെ; കടുത്ത കമ്യൂണിസ്റ്റ് ബോധത്തിനിടയിലും കരുതിയ നേർത്ത കൃഷ്ണഭക്തി പോലെ... ജീവിത വൈരുധ്യങ്ങളുടെ രണ്ടറ്റങ്ങൾ എന്നും ഗൗരിയമ്മയിൽ കേന്ദ്രീകരിച്ചു. പുതിയ പാർട്ടി രൂപീകരിച്ചപ്പോഴും യുഡിഎഫിനൊപ്പം വലതു ചേരിയിലേക്കു മാറിയപ്പോഴും ഗൗരിയമ്മയുടെ രാഷ്ട്രീയവും ബോധ്യങ്ങളും എന്നും ഇടതിന്റെ ചുവന്നപക്ഷത്തു തന്നെയായിരുന്നു.
ചേർത്തല പട്ടണക്കാട് വിയാത്ര കളത്തിപ്പറമ്പിൽ രാമന്റെയും പാർവതിയമ്മയുടെയും പത്തുമക്കളിൽ ഏഴാമത്തേതായി 1919 മിഥുനത്തിലെ തിരുവോണ നാളിലായിരുന്നു ഗൗരിയുടെ ജനനം. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളായിരുന്നു ആ കുടുംബത്തെ നയിച്ചിരുന്നത്. വീട്ടിലെ ചുമരിലാണ് ഗൗരി ആദ്യമായൊരു കമ്യൂണിസ്റ്റുകാരനെ കണ്ടത്– റഷ്യൻ വിപ്ലവനായകൻ ലെനിന്റെ ചിത്രമായിരുന്നു അത്.
തുറവൂർ തിരുമല ദേവസ്വം, ചേർത്തല ഇംഗ്ലിഷ് സ്കൂളിലുമായി സ്കൂൾ പഠനം. എറണാകുളം മഹാരാജാസ് കോളേജിൽ ഇന്റർമീഡിയറ്റും, സെന്റ് തെരേസാസ് കോളേജിൽ നിന്നു ബിരുദപഠനവും പൂർത്തിയാക്കി. തുടർന്ന് തിരുവനന്തപുരം ലോ കോളേജിൽ നിന്നു നിയമബിരുദം നേടിയശേഷം ഇൗഴവ സമുദായത്തിലെ ആദ്യത്തെ വനിതാ വക്കീലായി. ചേർത്തല കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു.
കറുപ്പിൽ നിന്നു ചുവപ്പിലേക്ക്
അച്ഛൻ ജീവിച്ചിരിക്കുമ്പോൾ സജീവ രാഷ്ട്രീയത്തിലിറങ്ങില്ലെന്നു ശപഥം ചെയ്തിരുന്നു ഗൗരി. അഭിഭാഷകയായി മകൾ പേരെടുക്കുന്നതു കണ്ടശേഷമാണു കളത്തിപ്പറമ്പിൽ രാമൻ കണ്ണടച്ചത്. അക്കാലത്ത്, കമ്യൂണിസ്റ്റുകാരനായ ജ്യേഷ്ഠൻ കെ.ആർ.സുകുമാരനോടൊപ്പം നേതാക്കളിൽ പലരും ഗൗരിയുടെ വാടകവീട്ടിലെത്തും. അവരുടെ ചർച്ചകൾ ഗൗരിക്കു രാഷ്ട്രീയ പഠനക്ലാസുകളായി. സ്വയമറിയാതെ ഗൗരി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടൊപ്പം ഒഴുകി. പലരും അവരുടെ വീട്ടിൽ ഒളിവു ജീവിതം നയിച്ചു. സി.
പി. രാമസ്വാമി അയ്യരുടെ ഭരണത്തിനെതിരെ ചേർത്തല – അമ്പലപ്പുഴ താലൂക്കുകളിൽ ഉയർന്ന പ്രതിഷേധവും പുന്നപ്ര–വയലാർ സമരവും വെടിവയ്പ്പും ഗൗരിയമ്മയെ രാഷ്ട്രീയത്തിലേക്കു നയിച്ചു. പ്രായപൂർത്തി വോട്ടവകാശം പ്രഖ്യാപിച്ചശേഷം തിരുവിതാംകൂറിൽ 1948 ൽ നടന്ന തിരഞ്ഞെടുപ്പിൽ ഗൗരിയമ്മയെ ചേർത്തല മണ്ഡലത്തിൽ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചു. പ്രാക്ടീസ് നിർത്തി രാഷ്ട്രീയത്തിലിറങ്ങാൻ ആദ്യം വഴങ്ങിയില്ലെങ്കിലും പി. കൃഷ്ണപിള്ളയുടെ സമാധാനശ്രമത്തിൽ ഗൗരിയമ്മയ്ക്കു കീഴടങ്ങേണ്ടിവന്നു. മത്സരത്തിൽ പരാജയമായിരുന്നു ഫലമെങ്കിലും കെട്ടിവച്ച കാശു തിരിച്ചുകിട്ടി.
1951 ഡിസംബറിൽ തിരു–കൊച്ചി നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ജയിലിൽ കിടന്നു മത്സരിച്ച ഗൗരിയമ്മ വിജയിച്ചു. വോട്ടെടുപ്പിനു തലേന്നു ജയിലിൽ നിന്നു വിട്ടെങ്കിലും പാർട്ടി നിർദേശിച്ചതിനാൽ പുറത്തിറങ്ങിയിരുന്നില്ല. തുടർന്ന് 54ലും തിരു–കൊച്ചി നിയമസഭയിലേക്കു വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു.
ഐക്യകേരള രൂപീകരണത്തിനു ശേഷം 1957ൽ നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച ഗൗരിയമ്മ കേരളത്തിലെ ആദ്യത്തെ റവന്യു വകുപ്പ് മന്ത്രിയായി. മന്ത്രിസഭയിൽ അംഗമായിരുന്ന ടി.വി. തോമസിനെ വിവാഹം ചെയ്തു. 1964–ൽ പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പമായിരുന്നു ഗൗരിയമ്മ. സിപിഐയിൽ തുടർന്ന ടി.വി.തോമസുമായി അഭിപ്രായ വ്യത്യാസങ്ങൾ വർധിച്ചതോടെ ഇരുവരും പിരിഞ്ഞു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പിലൊഴികെ എല്ലാത്തവണയും മത്സരിച്ച ഗൗരിയമ്മ 1948, 1977, 2006, 2011 വർഷങ്ങളിൽ മാത്രമാണു പരാജയമറിഞ്ഞത്.
മന്ത്രിയമ്മ
പല കാരണങ്ങളാലും ചരിത്രപ്രസിദ്ധമായ, 1957 ൽ അധികാരമേറ്റ ഇഎംഎസ് മന്ത്രിസഭയിൽ അന്നത്തെ ഏറ്റവും പ്രധാനപ്പെട്ട റവന്യു വകുപ്പ് പാർട്ടി ഗൗരിയമ്മയെ ഏൽപിച്ചു. കാർഷിക നിയമം, കർഷകരെ കുടിയൊഴിപ്പിക്കുന്നതിനെതിരായ കുടിയൊഴിപ്പിക്കൽ നിരോധന ബിൽ, പാട്ടം പിരിക്കൽ നിരോധനം, സർക്കാർഭൂമി കയ്യേറിയ ഭൂരഹിതരെ ഒഴിപ്പിക്കാൻ പാടില്ലെന്ന ഉത്തരവ്, സർക്കാർ ഭൂമിയിലെ കുടികിടപ്പുകാർക്ക് ഭൂമി കിട്ടാൻ ഇടയാക്കിയ സർക്കാർഭൂമി പതിവു നിയമം തുടങ്ങിയ തിളക്കമാർന്ന പ്രവർത്തനം അക്കാലത്തുണ്ടായി.
വിമോചന സമരത്തെത്തുടർന്ന് ആദ്യ മന്ത്രിസഭയെ രാഷ്ട്രപതി പിരിച്ചുവിടുന്നതിനു തലേന്നാണ് ഗൗരിയമ്മയുടെ ശക്തമായ ഇടപെടൽ കാരണം കാർഷികബന്ധ നിയമം കേരള നിയമസഭ പാസാക്കിയത്. 1967-69 ലെ മന്ത്രിസഭയിലുള്ളപ്പോൾ ഗൗരിയമ്മ നിയമസഭയിൽ അവതരിപ്പിച്ച കേരള ഭൂപരിഷ്‌കരണ ഭേദഗതി ബിൽ പാസാക്കിയത് പിന്നീടു വന്ന അച്യുതമേനോൻ മന്ത്രിസഭയാണ്. റവന്യു, എക്‌സൈസ്, നിയമം, സാമൂഹികക്ഷേമം, സെയിൽ ടാക്‌സ്, ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് തുടങ്ങിയ പ്രധാന വകുപ്പുകളാണ് 1967 ലെ മന്ത്രിസഭയിൽ ഗൗരിയമ്മയ്ക്കു ലഭിച്ചത്. 1980, 2001 മന്ത്രിസഭകളിൽ കൃഷി വകുപ്പായിരുന്നു ഗൗരിയമ്മയ്ക്കു കിട്ടിയത്.
1957,67,80,87 കാലത്തെ ഇടതുപക്ഷ മന്ത്രിസഭകളിലും 2001–2006 കാലത്ത് യുഡിഎഫിന്റെ എ. കെ ആന്റണി, ഉമ്മൻ ചാണ്ടി മന്ത്രിസഭകളിലും മന്ത്രിസ്ഥാനം വഹിച്ചു. ഗൗരിയമ്മയുടെ ജീവിതം കേരളത്തിന്റെയും കേരള കമ്യൂണിസ്റ്റ് ഇടതു പ്രസ്ഥാനങ്ങളുടെയും കൂടി ചരിത്രമാണ്.
കേരംതിങ്ങും കേരള നാട്ടിൽ
കേരളം ഏറെ ആവേശത്തോടെയാണ് 1987 ലെ നിയമസഭാ തിരഞ്ഞെടുപ്പുവേളയിൽ ‘കേരം തിങ്ങും കേരള നാട്ടിൽ കെആർ ഗൗരി ഭരിച്ചീടും...’ എന്ന മുദ്രാവാക്യം ഏറ്റുവിളിച്ചത്. അരൂരിലെ സ്ഥാനാർഥിയായിരുന്ന ഗൗരിയമ്മയുടെ തിരഞ്ഞെടുപ്പു പ്രചാരണ യോഗം തുറവൂരിൽ ഉദ്ഘാടനം ചെയ്ത അന്നത്തെ സിപിഐ സംസ്ഥാന സെക്രട്ടറി പി.കെ. വാസുദേവൻനായർ പ്രഖ്യാപിച്ചു: ‘നിങ്ങൾ ജയിപ്പിച്ചു വിടുന്നയാൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും’.
കേരളത്തിന് ആദ്യമായി വനിതാ മുഖ്യമന്ത്രിയാകുമെന്ന് തുടർന്നു പ്രസംഗിച്ച അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി വി.എസ്.അച്യുതാനന്ദനും ആവർത്തിച്ചു. ഇടതുപക്ഷം അനായാസം ജയിച്ചു. എന്നാൽ, ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാൻ ഇഎംഎസിനു താൽപര്യമുണ്ടായില്ല. അത്തവണ ഇ.കെ.നായനാരെ ഇഎംഎസ് തിരുവനന്തപുരത്തേക്കു വിളിപ്പിച്ചു മുഖ്യമന്ത്രി സ്ഥാനം ഏൽപിച്ചു. വി.എസ്. അച്യുതാനന്ദന്റെ സമ്മർദം കാരണം ഗൗരിയമ്മയ്ക്കു വ്യവസായം, വിജിലൻസ്, എക്സൈസ് എന്നീ വകുപ്പുകൾ ലഭിച്ചു.
ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കുന്നതിന് എതിരായിരുന്ന അന്നത്തെ സിഐടിയു വിഭാഗത്തിന് ഇത് അടിയായി. വ്യവസായ മേഖലകളിൽ സിഐടിയുവിന്റെ താൽപര്യത്തിനു വിരുദ്ധമായി ഗൗരിയമ്മ നടപ്പാക്കിയ പദ്ധതികൾ ജനശ്രദ്ധ പിടിച്ചുപറ്റി. പാർട്ടിക്കുള്ളിൽ അവർ ഏറ്റവുമധികം സമ്മർദം അനുഭവിച്ച നാളുകളായിരുന്നു അത്. അതിനിടയിലും തിരുവനന്തപുരത്ത് ഇന്ത്യയിലെ ആദ്യ ഐടി പാർക്ക് ആയ ടെക്നോപാർക്ക് ഉൾപ്പെടെ കേരളത്തിന്റെ തലവര മാറ്റിയ പല വ്യവസായ സംരംഭങ്ങളും ഗൗരിയമ്മ കൊണ്ടുവന്നു.
പാർട്ടി കൈവിടുന്നു
ജീവിതം തന്നെ പാർട്ടിക്കു വിട്ടുകൊടുത്ത ഗൗരിയമ്മയെ 1994 ജനുവരി ഒന്നിന് പാർട്ടി പുറത്താക്കി. ഒരുകാലത്ത് പാർട്ടിയുടെ കരുത്തായി വ്യാഖ്യാനിക്കപ്പെട്ട ഗൗരിയമ്മയുടെ രാഷ്ട്രീയ ധാർഷ്ട്യംപോലും പുറത്താക്കാനുള്ള കാരണമായി. മികച്ച നിയമസഭാ സാമാജികയ്‌ക്കുള്ള രണ്ടു ബഹുമതികൾ കിട്ടിയ ഗൗരിയമ്മയ്‌ക്കു ചേർത്തല കടക്കരപ്പള്ളിയിൽ നൽകിയ സ്വീകരണം പാർട്ടിക്ക് ഒട്ടും രുചിച്ചില്ല. ബിജെപിക്കാർവരെ പ്രസംഗിച്ച സ്വീകരണങ്ങളിൽ പങ്കെടുത്തു എന്ന പേരിൽ അച്ചടക്കലംഘനത്തിന്റെ ആദ്യ മുദ്ര ഗൗരിയമ്മയ്‌ക്കു ചാർത്തി.
മന്ത്രിയായപ്പോൾ ചേർത്തല മക്‌ഡവൽ കമ്പനിയിലെ എംപ്ലോയീസ് യൂണിയൻ പദമൊഴിഞ്ഞ ഗൗരിയമ്മയെ, തൊഴിലാളികളുടെ സമ്മർദത്തിൽ വീണ്ടും തലപ്പത്തേക്കു കൊണ്ടുവരേണ്ടിവന്നു. പാർട്ടിയെ വെല്ലുവിളിച്ചു യൂണിയൻ പ്രസിഡന്റായപ്പോൾ രണ്ടാമത്തെ അച്ചടക്ക ലംഘനമായി. പാർട്ടി വിവരങ്ങൾ പത്രങ്ങൾക്കു ചോർത്തിക്കൊടുക്കുന്നു എന്നായിരുന്നു അടുത്ത ആരോപണം.
‘56 വീഴ്‌ചകൾ’
ആലപ്പുഴ ജില്ലയുടെ വികസനത്തിനായി യുഡിഎഫ് സർക്കാരിന്റെ നിർദേശപ്രകാരം രൂപം നൽകിയ സ്വാശ്രയ സമിതിയിൽ ഗൗരിയമ്മ അധ്യക്ഷയായതോടെ പാർട്ടി നേതാക്കളുടെ മുഖം കറുത്തു. സ്‌ഥാനം ഒഴിയണമെന്നു സംസ്‌ഥാന സെക്രട്ടറി തന്നെ ആവശ്യപ്പെട്ടപ്പോൾ ഗൗരിയമ്മ പ്രതികരിച്ചതു 42 പേജുള്ള മറുപടിയിലൂടെയാണ്. പകരം വന്നു, ജില്ലാ കമ്മിറ്റിയിലേക്കുള്ള തരംതാഴ്‌ത്തൽ. ‘56 വീഴ്‌ചകൾ’ ചൂണ്ടിക്കാണിച്ചു ജില്ലാ കമ്മിറ്റി ഒരുക്കിയ കുറ്റപത്രം സംസ്‌ഥാന കമ്മിറ്റി അംഗീകരിച്ചതോടെ, ഒടുവിൽ പാർട്ടിയിൽനിന്നു തന്നെ പുറത്തേക്ക്. പുറത്താക്കൽ തീരുമാനമെടുത്ത സംസ്‌ഥാന കമ്മിറ്റിയിൽ ഗൗരിയമ്മയ്‌ക്കുവേണ്ടി ശക്‌തമായി വാദിച്ചതു വിഎസും പിണറായി വിജയനുമായിരുന്നു.
പുറത്താക്കപ്പെട്ടവർ ചേർന്ന് അന്നു രൂപം നൽകിയ ജനാധിപത്യ സംരക്ഷണ സമിതിയാണു പിൽക്കാലത്തു ജെഎസ്‌എസ് എന്ന രാഷ്‌ട്രീയ പാർട്ടിയായത്. ആലപ്പുഴ കടപ്പുറത്ത് പതിനായിരങ്ങൾ സംഘടിച്ച സമ്മേളനത്തിലാണ് ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) എന്ന സംഘടന ഗൗരിയമ്മ പ്രഖ്യാപിച്ചത്. 1996 ൽ ജെഎസ്എസ് സ്ഥാനാർഥിയായി അരൂരിൽ നിന്ന് അതുവരെയുള്ള തന്റെ ഉയർന്ന ഭൂരിപക്ഷം സ്വന്തമാക്കി ഗൗരിയമ്മ നിയമസഭയിലെത്തി.
പുറത്താക്കപ്പെട്ട ഗൗരിയമ്മ അകത്തുള്ളതിനെക്കാൾ ശക്തയാണെന്നു പാർട്ടി പിന്നീടു കണ്ടു. പിൽക്കാലത്ത് യുഡിഎഫ് ഘടകകക്ഷിയായി സ്വീകരിച്ചെങ്കിലും ഗൗരിയമ്മയുടെ മനസ്സും രാഷ്ട്രീയവും ഇടതുബോധത്തോടൊപ്പമായിരുന്നു. സിപിഎമ്മിലേക്കു തിരികെയെത്തുമെന്ന പ്രതീതിയുണ്ടായ ഘട്ടത്തിലും നിലപാടുകളിൽ അവർ വിട്ടുവീഴ്ച ചെയ്തില്ല. യുഡിഎഫിലായിരുന്ന അവർ 2014–ൽ ഇടഞ്ഞു മുന്നണി വിട്ടു.
English Summary: Former Kerala minister KR Gouri Amma passes away