മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു; എഴുത്തിലും സിനിമയിലും തിളങ്ങിയ ജീവിതം
Mail This Article
തൃശൂർ ∙ സാഹിത്യം, സിനിമ തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ പ്രതിഭയുടെ മുദ്ര പതിപ്പിച്ച മാടമ്പ് കുഞ്ഞുകുട്ടൻ (80) അന്തരിച്ചു. ഇന്നലെ രാവിലെ 9.35നാണു മരണം. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തി. കോവിഡ് സ്ഥിരീകരിച്ചതിനാൽ നിയന്ത്രണങ്ങളോടെയായിരുന്നു ചടങ്ങുകൾ.
തിരക്കഥയ്ക്കു ദേശീയ പുരസ്കാരം നേടിയ മാടമ്പ് സാഹിത്യത്തിലെ വേറിട്ട വ്യക്തിത്വമായിരുന്നു. കിരാലൂർ മാടമ്പ് മനയിൽ ശങ്കരൻ നമ്പൂതിരിയാണു മാടമ്പ് കുഞ്ഞുകുട്ടൻ എന്ന പേരിൽ പ്രശസ്തനായത്. അശ്വത്ഥാമാവ്, ഭ്രഷ്ട്, മഹാപ്രസ്ഥാനം, എന്തരോ മഹാനുഭാവുലു, മരാരശ്രീ, അവിഘ്‌നമസ്തു, പോത്ത്, കോളനി, പുതിയ പഞ്ചതന്ത്രം, അഭിവദേയേ, സാധനാലഹരി, അമൃതപുത്ര, സാരമേയം എന്നിവയാണു മാടമ്പിന്റെ നോവലുകൾ.
1970 ലാണ് ആദ്യ നോവൽ‘അശ്വത്ഥാമാവ്’ പ്രസിദ്ധീകരിച്ചത്. ഇതു സിനിമയാക്കിയപ്പോൾ തിരക്കഥയെഴുതി നായകനായി അഭിനയിച്ചു. ‘ഭ്രഷ്ട്’ നോവലും സിനിമയായി. 2000 ൽ ‘കരുണം’ സിനിമയുടെ തിരക്കഥയ്ക്കാണു ദേശീയ പുരസ്കാരം ലഭിച്ചത്. ദീർഘകാല ഇടവേളയ്ക്കുശേഷമെഴുതിയ ‘ദേശാടനം’ തിരക്കഥയും ശ്രദ്ധേയമായി. ദേശാടനം, പൈതൃകം, ആറാം തമ്പുരാൻ, ആനച്ചന്തം ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു. ആന വൈദ്യത്തിലും അറിവു നേടി.
തൃശൂർ പെരുവനം ശങ്കരൻ നമ്പൂതിരിയുടെയും സാവിത്രി അന്തർജനത്തിന്റെയും മകനായി 1941 ജൂൺ 21നു ജനിച്ച മാടമ്പ്, 12 വയസ്സു മുതൽ 4 വർഷം ശാന്തിക്കാരനായി. ടൈപ്പ് റൈറ്റിങ് സ്ഥാപനം, ട്യൂട്ടോറിയൽ കോളജ് എന്നിവ നടത്തി. തൃശൂർ ആകാശവാണിയിലും ജോലി ചെയ്തു. 2001 ൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്നു ബിജെപി സ്ഥാനാർഥിയായി.
1982 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം (നോവൽ മഹാപ്രസ്ഥാനം) നേടി. 2014 ലെ സഞ്ജയൻ പുരസ്‌കാരവും നേടി. തപസ്യ കലാ സാഹിത്യ വേദിയുടെ സംസ്ഥാന രക്ഷാധികാരിയാണ്. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: ഹസീന, ജസീന. മരുമക്കൾ: അഡ്വ. വിനു, ശങ്കരനാരായണൻ.
English Summary: Madambu Kunjukuttan Passes Away