മാടമ്പിന്റെ മടക്കം അവസാന തിരക്കഥ പൂർത്തിയാക്കാതെ
Mail This Article
തൃശൂർ ∙ 84 വയസ്സു വരെ ജീവിക്കുമെന്ന് ഇടയ്ക്കിടെ പറഞ്ഞിരുന്ന മാടമ്പ് കുഞ്ഞിക്കുട്ടൻ മടങ്ങുമ്പോൾ പാതിയെഴുതിയൊരു തിരക്കഥ ബാക്കിയാവുന്നു. മാസങ്ങളായി എഴുതിയിരുന്ന ‘പൂർണേന്ദുമുഖി’ എന്ന തിരക്കഥ ആണു പാതിയാക്കി അദ്ദേഹം മടങ്ങുന്നത്.
പൂർണേന്ദുമുഖിയും ഇതിനു മുൻപ് പൂർത്തിയാക്കിയ ശ്യാമരാഗം എന്ന തിരക്കഥയും എഴുതിയത് ലോഹിതദാസിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സംവിധായകൻ സേതു ഇയ്യാലിനു വേണ്ടിയാണ്. ‘‘ ഒന്നരമാസം മുൻപ് പൂർണേന്ദുമുഖിയുടെ സ്ക്രിപ്റ്റ് എഴുതിക്കൊണ്ടിരിക്കെ, ആരോഗ്യത്തെക്കുറിച്ച് ഞാൻ ആശങ്ക പ്രകടിപ്പിച്ചു. അപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു: താൻ പേടിക്കണ്ടടോ, തന്റെ സ്ക്രിപ്റ്റ് പൂർത്തിയാക്കിയിട്ടേ ഞാൻ പോകൂ.. ’ എന്നിട്ട്, മുറുക്കാൻ ഒന്നുകൂടി ചുവപ്പിച്ചിട്ട്, ശബ്ദം താഴ്ത്തിയൊരു പറച്ചിൽ: ‘ ഞാൻ 84 വയസ്സുവരെ ഇവിടെയൊക്കെ കാണുമെടോ..’’
തിരക്കഥ പൂർത്തിയായില്ലെങ്കിലും കഥയുടെ വൺലൈൻ പൂർത്തിയാക്കി വച്ചിട്ടാണു മടക്കം. സേതു ഓർമിക്കുന്നു. ശ്യാമരാഗം സിനിമ പൂർത്തിയായെങ്കിലും കോവിഡ് കാരണം തിയറ്ററിൽ എത്തിക്കാനായില്ല. പക്ഷേ, അതിനു മുൻപേ സേതുവിനു വേണ്ടി അടുത്ത കഥ എഴുതിത്തുടങ്ങി. ഭരണിയാണു മാടമ്പിന്റെ നക്ഷത്രം. ഇന്നലെയും ഭരണി നക്ഷത്രമായിരുന്നു. അതേ നക്ഷത്രത്തിൽ വിടവാങ്ങൽ.
English Summary: Remembering Madambu Kunjukuttan