ADVERTISEMENT

മാടമ്പിനെ അറിയാൻ ‘പൈതൃകം’ സിനിമയെ പ്രേക്ഷകരുടെ നെഞ്ചിലെത്തിച്ച ഈ സംഭാഷണം മാത്രം മതി: എന്റെ മകനെ എന്നെപ്പോലെ വളർത്തും, മനുഷ്യനായിട്ട്. 

നിരീശ്വര വാദിയായ മകൻ ചോമാതിരിയായ പിതാവിനോട് പറയുന്നതാണിത്. 

അപ്പോൾ ചോമാതിരിയുടെ മറുപടി: എന്റെ മകനെക്കുറിച്ച് ഞാനങ്ങനെ വാശിപിടിച്ചില്ലല്ലോ... 

സിനിമയിൽ ചോമാതിരിയായി വേഷമിട്ട നരേന്ദ്രപ്രസാദാണ് ഈ വാക്കുകൾ പറഞ്ഞത്. എന്നാൽ ആ വാക്കുകൾ എഴുതിയ മാടമ്പിനെയും സമൂഹം കേട്ടു. അതായിരുന്നു മാടമ്പ്.

പൈതൃകത്തിന്റെ തിരക്കഥ കലൂർ ഡെന്നീസാണ് എഴുതിയത്. നമ്പൂതിരി സമുദായത്തിലെ പ്രത്യേകതകളും യാഗത്തിന്റെ വിവരങ്ങളും ഉൾപ്പെടുത്തുന്നതിനാണ് അന്ന് മാടമ്പിന്റെ സഹായം തേടിയത്.  മാടമ്പ് മനയിലെ കാരണവരെപ്പോലെ തന്നെയാണ് മനയും. ആർക്കും എപ്പോഴും കയറിച്ചെല്ലാം. ഒരുതരം വേലിക്കെട്ടുകളുമില്ല. മയിലുകളും കൂരിയാറ്റക്കുരുവികളും സ്വാതന്ത്ര്യത്തോടെ അവിടെയുണ്ട്. പത്തായപ്പുരയിൽ പുസ്തകങ്ങളും കോലായിൽ ചാരുകസേരയിൽ മാടമ്പ് എന്ന കാരണവരും. ചെല്ലുവർക്കെല്ലാം ചെല്ലത്തിൽ നിന്നു മുറുക്കാം. ഇല്ലത്തെ ഭക്ഷണവും കഴിക്കാം.

ഇല്ലത്തെ പറമ്പിൽ നിറയെ തണലാണ്. അറിവിന്റെ തമ്പുരാനായ മാടമ്പ് എല്ലാവർക്കും തണലുമാണ്. എന്തിനും ഉത്തരം നൽകും. പൂമുള്ളി ആറാംതമ്പുരാനിൽ നിന്നു ആനകളുടെ ചികിത്സാ ശാസ്ത്രം മാതംഗലീല മാടമ്പ് പഠിച്ചിരുന്നു. കുടുംബസമേതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ആന ചികിത്സയുടെ വിവരങ്ങൾ തിരക്കിയാണ് ഞങ്ങൾ ആദ്യം ബന്ധപ്പെടുന്നത്. കണ്ടു, പരിചയപ്പെട്ടു, അടുത്തു. പിന്നെ ഞങ്ങൾ പിരിഞ്ഞിട്ടില്ല.

ആനയ്ക്ക് അസുഖമുണ്ടോ എന്നു നടക്കുമ്പോൾ തന്നെ അറിയാമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സിനിമയിലെ ആനവൈദ്യന്റെ പ്രത്യേകതയും ഇതാണ്. 

അന്നു തുടങ്ങിയതാണ് വ്യത്യസ്തമായ സിനിമയിലൂടെയുള്ള ഞങ്ങളുടെ ദേശാടനം. ദേശാടനത്തിന്റെ തിരക്കഥയ്ക്കായി ഞാൻ മാടമ്പിനൊപ്പം ഇല്ലത്തു 15 ദിവസം താമസിച്ചു. ഇല്ലത്തെ ചിട്ട വേറെയാണ്, മാടമ്പിന്റേയും. പുലർച്ചെ രണ്ടിന് മാടമ്പ് ഉണരും. എഴുത്ത് ബ്രാഹ്മമൂഹൂർത്തത്തിലാണ്. രാവിലെ ആറു വരെ. വൈകിട്ട് ഏഴരയോടെ എല്ലാവരും ഉറങ്ങാൻ കിടക്കും. 15–ാം നാൾ മാടമ്പ് തിരക്കഥ തന്നു. ഇല്ലത്തെ കുളക്കടവിൽ ഇരുന്ന്  വായിച്ചു. കരഞ്ഞു കൊണ്ടാണ് ഞാൻ തീർത്തത്. ആ കരച്ചിൽ പ്രേക്ഷകർ ഏറ്റെടുത്തു. മാടമ്പ് മാത്രം കരഞ്ഞിരുന്നില്ല. 

ശക്തവും വ്യത്യസ്തവുമായ കഥാപാത്രങ്ങളെ അദ്ദേഹം സൃഷ്ടിച്ചു. അവർക്ക് ദൃഢമായ ഭാഷയും നൽകി.  മനുഷ്യമനസിനെ വാക്കുകളിൽ അദ്ദേഹം വരച്ചിട്ടു. തർക്കവും വ്യാകരണവും ജ്യോതിഷവും എന്നു വേണ്ട എല്ലാറ്റിലും അദ്ദേഹത്തിന് അറിവുണ്ട്. അവ സിനിമയിലും കഥാപാത്രങ്ങളിലും പ്രതിഫലിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ സിനിമയ്ക്ക് അമരത്വം നൽകി. വലിയൊരു ആൽമരം പോലെ അദ്ദേഹം തണൽ നൽകി. ആ തണൽ ഇനി ഇല്ല.

Content Highlight: Madambu Kunjukuttan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com