ഐക്യം അകലെ; ജെഎസ്എസ് 5 വഴിക്കുതന്നെ
Mail This Article
ആലപ്പുഴ ∙ അഞ്ചായി നിൽക്കുന്ന ജെഎസ്എസ് വിഭാഗങ്ങൾ കെ.ആർ.ഗൗരിയമ്മയുടെ വിടവാങ്ങലിനു ശേഷവും ഒന്നിക്കാനുള്ള സാധ്യത വിദൂരം. പാർട്ടി ഒന്നാകണമെന്ന് എല്ലാ വിഭാഗങ്ങളും പൊതുവേ പറയുന്നുണ്ടെങ്കിലും ഏതു മുന്നണിക്കൊപ്പം നിൽക്കണമെന്നതാണ് പ്രധാന തർക്കം.
ഗൗരിയമ്മയുടെ മരണ ദിവസം ഒരു കാര്യത്തിൽ 5 ഗ്രൂപ്പുകള്‍ക്കും ഏകാഭിപ്രായമുണ്ടായി – ലോക്ഡൗണിനു ശേഷം എല്ലാ ഗ്രൂപ്പും ഒന്നിച്ച് ആലപ്പുഴയിൽ അനുസ്മരണ സമ്മേളനം നടത്തണം. അതു പക്ഷേ, രാഷ്ട്രീയമായ ഐക്യമല്ലെന്ന് നേതാക്കൾ തന്നെ പറയുന്നുമുണ്ട്.
ഗൗരിയമ്മയുടെ സഹോദരീപുത്രി ഡോ. പി.സി.ബീനാകുമാരി, മുൻ എംഎൽഎ എ.എൻ.രാജൻബാബു, വി.എസ്.സത്ജിത്, ബി.ഗോപൻ, ടി.കെ.സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പാർട്ടി അഞ്ചായി പിരിഞ്ഞു നിൽക്കുന്നത്.
എൽഡിഎഫിനൊപ്പം നിൽക്കണമെന്നായിരുന്നു അവസാന കാലത്ത് ഗൗരിയമ്മയുടെ നിലപാട്. ബീനാകുമാരി, ഗോപൻ, സുരേഷ് കുമാർ എന്നിവരുടെ വിഭാഗങ്ങൾ അതിനെ അനുകൂലിക്കുന്നു. രാജൻബാബു, സത്ജിത് വിഭാഗങ്ങൾ യുഡിഎഫിനൊപ്പം നിൽക്കണമെന്ന അഭിപ്രായക്കാരാണ്.
ഏകീകരണം നല്ലതാണെങ്കിലും ഉടൻ ആലോചിക്കുന്നില്ലെന്നാണ് ബീനാകുമാരിയുടെ നേതൃത്വത്തിലുള്ള വിഭാഗം പറയുന്നത്. ഇന്നലെ ഗൗരിയമ്മയുടെ വീട്ടിൽ ചേർന്ന യോഗം പി.സി.ബീനാകുമാരിയെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
പാർട്ടി സിപിഎമ്മിൽ ലയിക്കുകയോ എല്‍ഡിഎഫിനൊപ്പം നിൽക്കുകയോ വേണമെന്നാണ് ഗോപൻ വിഭാഗത്തിന്റെ നിലപാട്.
ഗൗരിയമ്മയുടെ ആഗ്രഹം പോലെ എൽഡിഎഫിനൊപ്പം നിൽക്കണമെന്നാണ് സുരേഷ് കുമാർ വിഭാഗവും പറയുന്നത്.
ഇപ്പോൾ വിവിധ വിഭാഗങ്ങൾ തമ്മിൽ വലിയ പ്രശ്നങ്ങൾ ഇല്ലെന്നും യുഡിഎഫിനൊപ്പം ഒന്നിച്ചു പോകണമെന്നുമാണ് അഭിപ്രായമെന്ന് രാജൻബാബു വിഭാഗം പറയുന്നു. പാർട്ടിയെ അംഗീകരിച്ചതും സ്ഥാനങ്ങൾ നൽകിയതും യുഡിഎഫാണെന്നു സത്ജിത് വിഭാഗവും പറയുന്നു.
ചിതാഭസ്മം പാപനാശത്ത് ഒഴുക്കും
ആലപ്പുഴ ∙ കെ.ആർ.ഗൗരിയമ്മയുടെ ചിതാഭസ്മം വർക്കല പാപനാശത്ത് ഒഴുക്കുമെന്നു ബന്ധുക്കൾ. ഇന്നലെ വലിയ ചുടുകാട്ടിൽ നടന്ന അസ്ഥിശേഖരണ കർമത്തിൽ സഹോദരീപുത്രി ഡോ. പി.സി.ബീനാകുമാരി ഉൾപ്പെടെയുള്ള ബന്ധുക്കളും ജെഎസ്എസ് നേതാക്കളിൽ ചിലരും പങ്കെടുത്തു.
ചിതാഭസ്മം എവിടെ ഒഴുക്കണമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഗൗരിയമ്മ ആഗ്രഹങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. ഇത്തരം കാര്യങ്ങളിൽ ഗൗരിയമ്മയ്ക്കു വിശ്വാസമുണ്ടെന്നു തോന്നുന്നില്ലെന്നു ബീനാകുമാരി പറഞ്ഞു. കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരമാണ് ചിതാഭസ്മം നിമജ്ജനത്തിന് തീരുമാനിച്ചത്. മറ്റു കർമങ്ങളൊന്നുമില്ലെന്നും ബീനാകുമാരി പറഞ്ഞു. ചിതാഭസ്മം ഗൗരിയമ്മയുടെ ചാത്തനാട്ടെ വസതിയിൽ സൂക്ഷിച്ചിരിക്കുകയാണ്.