ഗൗരിയമ്മ പറഞ്ഞു: ബുദ്ധിമുട്ടിക്കരുത്, സ്വാഭാവിക മരണം മതി !
Mail This Article
തിരുവനന്തപുരം ∙ ‘വെറുതേ കിടത്തി ബുദ്ധിമുട്ടിക്കരുത്. സ്വാഭാവികമായി മരിക്കാനാവണം’– കെ.ആർ.ഗൗരിയമ്മ അവസാനകാലത്തു പങ്കുവച്ച ആഗ്രഹങ്ങളിലൊന്ന് ഇതായിരുന്നെന്നു സഹോദരീപുത്രിയും പിഎസ്‌സി മുൻ അംഗവുമായ പി.സി. ബീനാകുമാരി പറഞ്ഞു. കഴിഞ്ഞ മാസം 22ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗൗരിയമ്മയുടെ ആരോഗ്യസ്ഥിതി മോശമായപ്പോഴും ഉറ്റവർ ആശുപത്രി അധികൃതരോട് ഇക്കാര്യം പറഞ്ഞു: ‘തിരിച്ചുവരവിനു സാധ്യതയില്ലെങ്കിൽ വെന്റിലേറ്ററിലിട്ട് ബുദ്ധിമുട്ടിക്കരുത്’.
ഗൗരിയമ്മയെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ടായില്ല. പക്ഷേ, തിങ്കളാഴ്ചയോടെ സ്ഥിതി മോശമായി. ഐസിയുവിൽ തുടരവെ ഇന്നലെ രാവിലെ ഏഴോടെ ഹൃദയാഘാതം സംഭവിച്ചു. മുറിയിലായിരുന്ന ബീനാകുമാരി ഐസിയുവിലെത്തുമ്പോൾ ഡോക്ടർമാർ ഹൃദയമിടിപ്പ് വീണ്ടെടുക്കാനുള്ള അവസാന ശ്രമത്തിലായിരുന്നു. ഒടുവിൽ, സ്വാഭാവികമായിത്തന്നെ അവർ വിട പറഞ്ഞു.
കഴിഞ്ഞ ഏപ്രിൽ 10ന് ആണ് ഗൗരിയമ്മ ആലപ്പുഴയിൽനിന്ന് തിരുവനന്തപുരം വഴുതക്കാട്ടെ ബീനാകുമാരിയുടെ വീട്ടിലെത്തിയത്. ‘കൊച്ചുമക്കൾക്കൊപ്പം കഴിയണമെന്നത് അമ്മയുടെ ആഗ്രഹമായിരുന്നു. അവർക്കൊപ്പമാണ് ഇവിടേക്കു വന്നത്. അലർജിയുള്ളതിനാൽ കോവിഡ് വാക്സീൻ എടുത്തിരുന്നില്ല. തിരുവനന്തപുരത്തു വന്നിട്ടും കരുതലായി സന്ദർശകരെ അനുവദിച്ചില്ല. ഇവിടെയെത്തി രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് കടുത്ത പനി വരുന്നത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ മൂത്രാശയ അണുബാധ കണ്ടെത്തി. ഐസിയുവിൽ പ്രവേശിപ്പിച്ച് നടത്തിയ ചികിത്സയിൽ സ്ഥിതി മെച്ചപ്പെട്ടതോടെ മുറിയിലേക്കു മാറ്റി.
അവസാന ദിവസങ്ങളിൽ സംസാരം കുറവായിരുന്നു. എങ്കിലും വിളിച്ചാൽ കണ്ണു തുറക്കുമായിരുന്നു. ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് വീണ്ടും ഐസിയുവിലേക്കു മാറ്റിയത്. ഞായറാഴ്ച സ്ഥിതി മെച്ചപ്പെട്ടെങ്കിലും തിങ്കളാഴ്ച വീണ്ടും ഗുരുതരമായി’ – ബീനാകുമാരി പറഞ്ഞു.
വലിയ ചുടുകാട്ടിലാവണം സംസ്കാരമെന്ന താൽപര്യം വർഷങ്ങൾക്കു മുൻപുതന്നെ പങ്കുവച്ചിരുന്നു. അന്ധകാരനഴിയിലെ കുടുംബവീട് ട്രസ്റ്റാക്കി മാറ്റണമെന്ന ആഗ്രഹവും പങ്കുവച്ചിരുന്നതായി ബീനാകുമാരി പറയുന്നു.
English Summary: KR Gowri Amma about death