ADVERTISEMENT

ജീവിതം ചരിത്രമാക്കിയാണ് 2 നൂറാണ്ടുകൾ കണ്ട് ഗൗരിയമ്മയുടെ വിയോഗം. ആദ്യ കേരള മന്ത്രിസഭയിലെ അവസാനത്തെയാൾ, കേരളത്തിന്റെ ആദ്യത്തെ വനിതാ മന്ത്രി, 6 തവണ മന്ത്രി, നിയമസഭ ചേരാതെ പോയ 1965 ൽ അടക്കം 13 തവണ നിയമസഭയിലേക്ക് ജയം – ഒരു പാട് അപൂർവതകൾ സ്വന്തം പേരിലെഴുതിയാണ് അവർ വിടവാങ്ങിയത്. ആധുനിക കേരളത്തിനൊരു നായികയുണ്ടെങ്കിൽ അതു ഗൗരിയമ്മയല്ലാതെ മറ്റാരുമല്ല.

കേരളം രൂപീകരിച്ച ശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ ചേർത്തലയിൽ നിന്നു വിജയിച്ച ഗൗരിയമ്മ ആദ്യ മന്ത്രിസഭയിൽ റവന്യു, എക്സൈസ് മന്ത്രിയായി. ആ മന്ത്രിസഭയിൽ അംഗമായിരിക്കെ ഒപ്പം മന്ത്രിയായിരുന്ന ടി.വി.തോമസുമായുള്ള വിവാഹവും ചരിത്രമായി. 1957 മേയ് 30 ന് ആയിരുന്നു വിവാഹം. കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പം നിന്ന ഗൗരിയമ്മയ്ക്ക് അതിന്റെ ഭാഗമായി ടിവിയുമായുള്ള ദാമ്പത്യം പിരിയേണ്ടിവന്നു.

1967 ലെ രണ്ടാം ഇഎംഎസ് സർക്കാരിന്റെ കാലത്ത് ഗൗര‍ിയമ്മ നിയമസഭയിലവതരിപ്പിച്ച കേരള ഭൂപരിഷ്‌കരണ ഭേദഗതി ബില്ലാണ് പിന്നീട് സി.അച്യുതമേനോൻ മുഖ്യമന്ത്രിയായപ്പോൾ നിയമമായത്. 1957 മുതൽ 2011 വരെ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച ഗൗരിയമ്മ 1977, 2006, 2011 തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു. 1957, 60, 2011 തിരഞ്ഞെടുപ്പുകളിൽ ചേർത്തലയിലും 65 മുതൽ 2006 വരെ അര‍ൂരിലുമാണു മത്സരിച്ചത്. ഇഎംഎസ് (1957, 67), ഇ.കെ.നായനാർ (1980, 87), എ.കെ.ആന്റണി (2001), ഉമ്മൻ ചാണ്ടി (2004) മന്ത്രിസഭകളിൽ അംഗമായി. 

അച്ചടക്കലംഘനം ആരോപിച്ച് 1994 ജനുവരി ഒന്നിന് ഗൗരിയമ്മയെ സിപിഎമ്മിൽ നിന്നു പുറത്താക്കി. സ്വന്തമായി രൂപീകരിച്ച ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) സ്ഥാനാർഥിയായി യുഡിഎഫ് പിന്തുണയോടെ 1996 ൽ അരൂരിൽ നിന്നു വൻ ഭൂരിപക്ഷത്തിൽ വിജയിച്ച അവർ പിന്നീട് യുഡിഎഫിൽ ചേർന്നു. 2014 ൽ യുഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ച് ഇടതുപക്ഷത്തിനു പിന്തുണ പ്രഖ്യാപിച്ചു. ഗൗരിയമ്മയെ വീണ്ടും പാർട്ടിയിലെടുക്കാൻ സിപിഎം ശ്രമം നടത്തിയെങ്കിലും യാഥാർഥ്യമായില്ല.

gauriamma-oommenchandy1
2005-ല്‍ പുതുപ്പള്ളി കൃഷിഭവന്റെ ഉദ്ഘാടന വേളയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം ഗൗരിയമ്മ (ചിത്രം: ജോസ്‌കുട്ടി പനയ്ക്കല്‍)

1919 ജൂലൈ 15 ന് പട്ടണക്കാട് കളത്തിപ്പറമ്പിൽ അയ്യപ്പൻ രാമന്റെയും പാർവതിയമ്മയുടെയും 10 മക്കളിൽ ഏഴാമത്തെയാളായി ജനിച്ച ഗൗരിയമ്മ തിരുവിതാംകൂറിൽ ഈഴവ സമുദായത്തിൽ നിന്നു നിയമബിരുദം നേടിയ ആദ്യ വനിതയായി. എറണാകുളം മഹാരാജാസ് കോളജിൽ ഇന്റർമീഡിയറ്റും സെന്റ് തെരേസാസ് കോളജിൽ ബിഎയും തിരുവനന്തപുരം ലോ കോളജിൽ ബിഎല്ലും പാസായി. ലോ കോളജിലെ എസ്എൻഡിപി സ്റ്റുഡന്റ്സ് യൂണിയനിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിലെത്തി. തുടർന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള വിദ്യാർഥി യൂണിയന്റെ വനിതാ വിഭാഗം യൂണിറ്റ് ഭാരവാഹി എന്ന നിലയിൽ പാർട്ടിയുമായി സഹകരണം തുടങ്ങി.

ടിവി തോമസും ഗൗരിയമ്മയും (ഫയല്‍ ചിത്രം)
ടിവി തോമസും ഗൗരിയമ്മയും (ഫയല്‍ ചിത്രം)

ചേർത്തല കോടതിയിലെ ആദ്യ വനിതാ അഭിഭാഷകയും തിരുവിതാംകൂറിൽ ഈഴവ സമുദായത്തിലെ ആദ്യ വനിതാ അഭിഭാഷകയുമായി 1946 ൽ പ്രാക്ടിസ് ആരംഭിച്ചു. പുന്നപ്ര –വയലാർ സമരത്തിനു ശേഷം പി. കൃഷ്ണപിള്ളയാണ് പാർട്ടി അംഗത്വം നൽകിയത്. പ്രായപൂർത്തി വോട്ടവകാശം നടപ്പായശേഷം 1948 ൽ തിരുവിതാംകൂർ നിയമസഭയിലേക്കു നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ മത്സരിച്ചാണ് സജീവ രാഷ്ട്രീയത്തിലേക്കെത്തിയത്. അത്തവണ പരാജയപ്പെട്ടു. 1948 മുതൽ പലതവണയായി ദീർഘകാലം ജയിൽവാസവും പൊലീസ് മർദനവും നേരിട്ടു. 1952, 54 തിരു–കൊച്ചി നിയമസഭകളിൽ അംഗമായി.

1990-ല്‍ ഗൗരിയമ്മ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ക്കും മന്ത്രി ബേബി ജോണിനുമൊപ്പം തിരുവനന്തപുരം വിമാനത്താവളത്തില്‍. (ഫയല്‍ ചിത്രം)
1990-ല്‍ ഗൗരിയമ്മ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ക്കും മന്ത്രി ബേബി ജോണിനുമൊപ്പം തിരുവനന്തപുരം വിമാനത്താവളത്തില്‍. (ഫയല്‍ ചിത്രം)

ജെഎസ്എസ് ജനറൽ സെക്രട്ടറി, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, കേരള കർഷക സംഘം സ്ഥാപക പ്രസിഡന്റ്, കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചു. ‘ആത്മകഥ’യ്ക്ക് 2011 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

English Summary: KR Gowriamma Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com