ADVERTISEMENT

ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിലേക്കു പോക്കുവെയിൽ ചാഞ്ഞുവീഴുമ്പോൾ തൊട്ടടുത്ത്, കെ. ആർ. ഗൗരിയമ്മ (102) മറ്റൊരഗ്നിയായി. ചുടുകാടിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ എരിഞ്ഞ ചിതയുടെ വെളിച്ചം, തൊട്ടടുത്ത് ജീവിത സഖാവ് ടി.വി.തോമസിന്റെ ശവകുടീരത്തിൽ വീണു തിളങ്ങി. പടിഞ്ഞാറേ ആകാശം ചെങ്കനൽ നിറമായി.

ഇൻക്വിലാബ് സിന്ദാബാദ് വിളിച്ച്, ജീവിക്കുന്നൂ ഞങ്ങളിലൂടെയെന്ന് ധീരസ്മരണയുണർത്തി സഖാക്കൾ അവസാന യാത്ര ചൊല്ലി. പൊലീസ് ഔദ്യോഗിക ബഹുമതി നൽകി. ജ്യേഷ്ഠസഹോദരിയുടെ ചെറുമകൻ അരുൺ ഉണ്ണിക്കൃഷ്ണൻ ചിതയ്ക്കു തീ കൊളുത്തി. കേരള രാഷ്ട്രീയത്തിൽ ഒരു യുഗം അവസാനിച്ചു. ആദ്യ കേരള മന്ത്രിസഭയിലെ അവസാനത്തെയാളും യാത്രയായി. ആ കൊടിയിനി ചരിത്രത്തിൽ ഉയരെ പാറിപ്പറക്കും.

തിരുവനന്തപുരം കരമനയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെ 7 മണിയോടെ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു കെ.ആർ ഗൗരിയമ്മയുടെ അന്ത്യം. ആലപ്പുഴയിലെ ചാത്തനാട് കളത്തിപ്പറമ്പിൽ വീട്ടിൽനിന്ന് ഏപ്രിൽ 10 ന് തിരുവനന്തപുരത്ത് സഹോദരിയുടെ മകളും മുൻ പിഎസ്‍സി അംഗവുമായ പി.സി.ബീനാക‍ുമാരിയുടെ വീട്ടിലേക്കു താമസം മാറിയ ഗൗരിയമ്മയെ കടുത്ത അണുബാധയെ തുടർന്നു രണ്ടാഴ്ച മുൻപാണ് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില ഭേദപ്പെട്ടതോടെ മുറിയിലേക്കു മാറ്റിയെങ്കിലും ശ്വാസതടസ്സമുണ്ടായതിനാൽ കഴിഞ്ഞയാഴ്ച വീണ്ടും ഐസിയുവിലേക്കു മാറ്റേണ്ടി വന്നു.

എനിക്ക് ആളുകളുടെ നടുക്ക് മരിക്കണം. കിടക്കരുത്. ആളുകൾ വരുമ്പോ ഒരുപാട് വഴക്കിടും. എന്നാലും വന്നില്ലെങ്കിൽ ദു:ഖമാ...

പൊതുദർശനത്തിനായി കോവിഡ് പ്രോട്ടോക്കോളിൽ ഇളവ് അനുവദിച്ച് സർക്കാർ പ്രത്യേക ഉത്തരവിറക്കി. ആശുപത്രിയിൽനിന്നു പാളയത്തെ അയ്യങ്കാളി ഹാളിൽ പൊതുദർ‍ശനത്തിനെത്തിച്ചപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. രണ്ടരയോടെ വിലാപയാത്രയായി ആലപ്പുഴയിലെത്തിച്ച മൃതദേഹം സ്വവസതിയായ ചാത്തനാട് കളത്തിപ്പറമ്പിൽ വീട്ടിലും ആലപ്പുഴ എസ്ഡിവി സ്കൂൾ ഓഡിറ്റോറിയത്തിലും പൊതുദർശനത്തിനു ശേഷമാണ് വലിയചുടുകാട്ടിൽ സംസ്കരിച്ചത്.

Content Highlight: KR Gowri Amma 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com