ഉറക്കം, കഥകളുറങ്ങാത്ത മന(സ്സിന്റെ)മുറ്റത്ത്
Mail This Article
കിരാലൂർ ∙ മാടമ്പ് ഇന്നലെ കുറച്ചു നേരത്തേയുറങ്ങി; മനയും. വൈകിട്ട് എട്ടിന് ഉറങ്ങുന്നതാണു ശീലം. ഇന്നലത്തെ ഉറക്കം നാലിനായിരുന്നു. അന്ത്യ ഉറക്കം. 600 കൊല്ലം പഴക്കം കണക്കാക്കുന്ന മാടമ്പ് മനയുടെ പത്തായപ്പുരയിൽ ഇനി കുഞ്ഞുകുട്ടനില്ല. മനമുറ്റത്ത് എപ്പോഴും പോയിരിക്കാറുള്ള കുളത്തിന്റെ അരികിലാണ് ആ അവസാന ഉറക്കത്തിനു കിടന്നത്. പിന്നെ ചിതയായി എരിഞ്ഞു.
മുള്ളുള്ള കാമുകി ‘ചക്കരക്കുട്ടിപ്പാറു’ അധികം അകലെയല്ലാതെ നോക്കി നിൽപുണ്ടായിരുന്നു. കുളക്കടവിലേക്കു പോകുന്ന വഴിയിലാണ് ചക്കരക്കുട്ടിപ്പാറു എന്നു മാടമ്പ് വിളിച്ചിരുന്ന മുള്ളു മുരിക്കെന്ന മരം. അരയിൽ മാടമ്പ് കുറേ ചുവന്ന പട്ടുനൂലുകൾ അവൾക്കു കെട്ടിക്കൊടുത്തിരുന്നു. ആലിംഗനം ചെയ്യാനാവാത്ത കാമുകിയാണല്ലോ എന്നു പണ്ടു ചോദിച്ചപ്പോൾ മാടമ്പ് പറഞ്ഞതിങ്ങനെയാണ്: ചെയ്യാലോ, ഞാനടുത്തു ചെല്ലുമ്പോൾ സ്നേഹം കൊണ്ട് അവൾ മുള്ളുകളൊക്കെ ഉള്ളിലേക്കു വലിക്കും.
ഈ പറമ്പിൽ ഒരുകാലത്ത് മാടമ്പ് കഴുതയെ വളർത്തിയിരുന്നു. മുണ്ടൂരുകാരനൊരാളുടെ എസ്റ്റേറ്റിൽ നിന്നു പൈതൃകം സിനിമയ്ക്കായി കൊണ്ടുവന്നത്. ഭാഗ്യദേവത എന്നാണു പേരിട്ടിരുന്നത്. അയലത്തെ വാഴയിലയും മറ്റും മോഷ്ടിച്ചു തുടങ്ങിയതോടെ ഭാഗ്യദേവതയെ അതേ മുണ്ടൂരുകാരനെ തപ്പിപ്പിടിച്ചു കൈമാറി.
കുഞ്ഞുകുട്ടനെന്നു പേരിട്ടത് മുത്തശ്ശിയാണെങ്കിലും അതിനു കാരണമായി മാടമ്പ് പറഞ്ഞിരുന്നത് മറ്റൊന്നാണ്. അച്ഛന്റെ പേര് ശങ്കരൻ, മുത്തച്ഛന്റെ പേര് ശങ്കരൻ, മാടമ്പിനിട്ട പേരും ശങ്കരൻ. പക്ഷേ, അമ്മയ്ക്ക് താൻ കുസൃതി കാണിക്കുമ്പോൾ ‘എടാ ശങ്കരാ, നിനക്കിട്ട് ഞാനൊന്നു തരും ’ എന്നു പറയാനാവില്ല. കാരണം അപ്പോൾ ഭർത്താവും അച്ഛനും ഞെട്ടിത്തിരിഞ്ഞു നോക്കും. അങ്ങനെ സൗകര്യത്തിനു കുഞ്ഞുകുട്ടനാക്കി.
മാടമ്പിന്റെ സന്തത സഹചാരികളായ ചാത്തനെയും കൊച്ചപ്പനെയും ഇന്നലെ മനമുറ്റത്തു തിരഞ്ഞു. ചാത്തൻ ഓടിപ്പാഞ്ഞു നടക്കുന്നുണ്ട്. ഔദ്യോഗിക ബഹുമതിക്കായി ഫോട്ടോയൊക്കെ കസേരയിൽ ഒരുക്കി വച്ചു. വിളക്കു കൊളുത്തി. ചാത്തന്റെ മനസ്സ് നീറുന്നുണ്ടെന്നു കണ്ടാൽ അറിയാം.
മാടമ്പ് അദ്ദേഹത്തിന് ഇട്ട പേരാണ് ചാത്തൻ. ശരിക്കുള്ള പേര് ജയചന്ദ്രൻ എന്നാണ്. ഒരിക്കൽ ഓട്ടോ ഓടിച്ചു മുറ്റത്തു വന്നതാണ്. എടാ ചാത്താ എന്നു വിളിച്ചാണു സ്വീകരിച്ചത്. അന്ന് ഓട്ടോ വിറ്റു കാൽ നൂറ്റാണ്ട് കൂടെക്കൂടി. കൊച്ചപ്പനാണ് മറ്റൊരാൾ. അംബാസഡർ കാർ ഓടിച്ചിരുന്ന സാരഥി. കൊച്ചപ്പന്റെ ഒരു കഥ മാടമ്പ് എപ്പോഴും പറയുമായിരുന്നു. അതിങ്ങനെ:
കോവിലന്റെ സംസ്കാരച്ചടങ്ങിന് പോയപ്പോൾ മാടമ്പിന്റെ വണ്ടിയോടിച്ചത് കൊച്ചപ്പനാണ്. ചടങ്ങിൽ ആചാരവെടി മുഴങ്ങുന്നതു കണ്ടു. മടങ്ങുമ്പോൾ കൊച്ചപ്പൻ പറഞ്ഞത്രേ.
‘‘ മ്മ്ടെ തമ്പുരാൻ മരിച്ചാലും മേലേക്കു വെടി വയ്ക്കും കേട്ടോ..’’. അതാണ് കൊച്ചപ്പൻ.
കൊച്ചപ്പന്റെ പ്രവചനം ഫലിച്ചു. ഇന്നലെ കഥകളുറങ്ങുന്ന ആ മനയുടെ മുറ്റത്ത് വെടിയൊച്ച മുഴങ്ങി. കൊച്ചപ്പൻ പറഞ്ഞതു പോലെ തന്നെ ‘തമ്പുരാൻ മരിച്ചപ്പോഴുള്ള വെടിയൊച്ച’.
ആ ഒച്ച കേട്ട് മാടമ്പ് ചിരിച്ചിട്ടുണ്ടാവും. മുറുക്കിച്ചുവപ്പിച്ച പല്ലും ചുണ്ടും നാവും കാണുന്ന ചിരി.
Content Highlight: Madambu Kunjukuttan