പുതിയ ടീച്ചർ
Mail This Article
ആർ. ബിന്ദു (54)
ഇരിങ്ങാലക്കുട
‘ടീച്ചർ’ ഇല്ലാത്ത മന്ത്രിസഭയിലേക്കാണ് കോളജ് അധ്യാപികയായിരുന്ന ആർ. ബിന്ദുവിന്റെ വരവ്. തൃശൂരിന്റെ ആദ്യ വനിതാ മേയറായിരുന്ന ബിന്ദു ജില്ലയിൽ നിന്നുള്ള ആദ്യ വനിതാ മന്ത്രി കൂടിയാവുകയാണ്.
2005 – 10 ൽ തൃശൂർ മേയറായിരുന്നു ബിന്ദു. 5 വർഷം കൗൺസിലറും. വിദ്യാർഥിയായിരിക്കെ എസ്എഫ്ഐയിലൂടെയാണു സംഘടനാ രംഗത്തെത്തുന്നത്. സംസ്ഥാന വിദ്യാർഥിനി സബ് കമ്മിറ്റി കൺവീനർ ആയിരുന്നു. കാലിക്കറ്റ് സർവകലാശാല സെനറ്റിലും സിൻഡിക്കറ്റിലും അംഗമായി.
ജനാധിപത്യ മഹിളാ അസോസിയേഷന്റെ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, സിപിഎം ജില്ലാ കമ്മിറ്റി അംഗം, എകെപിസിടിഎ സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം എന്നീ നിലകളിലൊക്കെ സംഘടനാ ജീവിതം.
ഇംഗ്ലിഷ് സാഹിത്യത്തിൽ റാങ്കോടു കൂടിയാണ് എംഎ ജയിച്ചത്. കാലിക്കറ്റ് സർവകലാശാലയിലും ജെഎൻയുവിലുമായിരുന്നു ഉപരിപഠനം. എംഫിൽ, പിഎച്ച്ഡി ബിരുദങ്ങൾ നേടി.
തൃശൂർ കേരളവർമ കോളജ് ഇംഗ്ലിഷ് വിഭാഗം മേധാവിയും വൈസ് പ്രിൻസിപ്പലും പ്രിൻസിപ്പൽ ഇൻ ചാർജും ആയിരുന്നു. തിരഞ്ഞെടുപ്പിനു മുൻപു സ്വയം വിരമിക്കലിന് അപേക്ഷിച്ചു.
ജില്ലാ സംസ്ഥാന, യൂണിവേഴ്സിറ്റി തലങ്ങളിൽ കലാസാഹിത്യ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ചെറുകഥാ രചനയിൽ തുടർച്ചയായി ജേതാവായിരുന്നു. കഥകളിയിലും സമ്മാനങ്ങൾ നേടി.
അധ്യാപക ദമ്പതികളായ സിപിഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗം എൻ. രാധാകൃഷ്ണന്റെയും കെ.കെ ശാന്തകുമാരിയുടെയും മകളാണ്.
ഭർത്താവ്: എൽഡിഎഫ് കൺവീനറും സിപിഎം ആക്ടിങ് സെക്രട്ടറിയുമായ എ. വിജയരാഘവൻ. മകൻ: അഡ്വ. വി.ഹരികൃഷ്ണൻ
English Summary: R Bindu Profile