ADVERTISEMENT

കണ്ണൂർ ∙ സിപിഎമ്മിൽ കണ്ണൂരിലെ മുതിർന്ന നേതാക്കൾക്കിടയിലുള്ള വടംവലിയാണ് കെ.കെ. ശൈലജയുടെ സ്ഥാനനഷ്ടത്തിനു പിന്നിലെന്നു പാർട്ടിയിലെ ഒരു വിഭാഗം കരുതുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ നേതാക്കൾക്കിടയിൽ ഉടലെടുത്ത അതൃപ്തിയാണ് ഇപ്പോഴത്തെ അവസ്ഥയിലേക്ക് എത്തിച്ചത്.

ആരോഗ്യ മന്ത്രിയെന്ന നിലയിൽ ശൈലജ കാണിച്ച മികവും മണ്ഡലത്തിലെ ജനങ്ങൾ നൽകിയ ചരിത്ര ഭൂരിപക്ഷവുമൊന്നും പാർട്ടി പരിഗണിച്ചതേയില്ല. മുഖ്യമന്ത്രിയൊഴികെ മറ്റെല്ലാവരും പുതുമുഖങ്ങളാകട്ടെയെന്ന തീരുമാനം പുതുമുഖങ്ങളെ ഉയർത്തി കൊണ്ടു വരുന്നതിനു മാത്രമല്ല, ശൈലജയെ ഒതുക്കുന്നതിനു കൂടി ഭംഗിയായി ഉപയോഗപ്പെടുത്തി.

ഭാവി വനിതാ മുഖ്യമന്ത്രിയെന്നു വരെ വിശേഷിപ്പിക്കപ്പെട്ട നേതാവാണ് ശൈലജ. അവർ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്തതിലെ കാര്യക്ഷമത എൽഡിഎഫ് സർക്കാരിനു തുടർഭരണം കിട്ടിയതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. അതുകൊണ്ടാണു പ്രമുഖരായ മറ്റു പലരെയും ഒഴിവാക്കിയിട്ടും ശൈലജയെ മത്സര രംഗത്തു നിന്ന് ഒഴിവാക്കാൻ സിപിഎം തയാറാവാതിരുന്നത്.

രാഷ്ട്രീയത്തിന് അപ്പുറത്ത് സ്ത്രീ വോട്ടുകളെ സ്വാധീനിക്കുന്നതിൽ ശൈലജയുടെ സ്ഥാനാർഥിത്വം സഹായകമാവുകയും ചെയ്തു. ശൈലജയെ മട്ടന്നൂരിൽ മത്സരിപ്പിക്കുന്നതിനോട് പല പ്രമുഖർക്കും താൽപര്യമുണ്ടായിരുന്നില്ല. ഇ.പി. ജയരാജൻ മത്സരിച്ച മണ്ഡലമായിരുന്നു മട്ടന്നൂർ. ശൈലജയുടെ മണ്ഡലമായിരുന്ന കൂത്തുപറമ്പ് ലോക്താന്ത്രിക് ജനതാദളിനു വിട്ടുനൽകേണ്ടി വന്നതിനാലാണു ശൈലജയ്ക്കു മട്ടന്നൂർ നൽകിയത്. 

നിബന്ധനകളിൽ ഇളവില്ലാത്തതിനാൽ ഇപി മത്സര രംഗത്ത് എത്തിയതുമില്ല. ശൈലജയെ മട്ടന്നൂരിൽ മത്സരിപ്പിക്കുന്നതിൽ അതൃപ്തി ഉള്ളിൽ കൊണ്ടു നടന്ന നേതാക്കളിൽ ചിലരാണ് മന്ത്രിയാവാതിരിക്കാൻ ചരടു വലിച്ചതെന്നാണു പ്രചരിക്കുന്നത്. ശൈലജയ്ക്കു വേണ്ടി സംസ്ഥാന കമ്മിറ്റിയിൽ ശക്തമായ വാദമുഖങ്ങൾ അവതരിപ്പിക്കപ്പെട്ടില്ലെന്നതു തന്നെ ആസൂത്രിത നീക്കങ്ങൾ നടന്നുവെന്നതിനു തെളിവാണ്.

Cartoon-JPG

English Summary: KK Shylaja not included in Pinarayi Vijayan second ministry 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com