ചെറുപ്പത്തിന്റെ കരുനീക്കം
Mail This Article
പി.എ.മുഹമ്മദ് റിയാസ് (45)
ബേപ്പൂർ
ആറാം ക്ലാസിൽ പഠിക്കുമ്പോൾ വിശ്വനാഥൻ ആനന്ദുമായി ചെസ് കളിച്ചിട്ടുണ്ട് റിയാസ്. കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ 15 വയസ്സിൽ താഴെയുള്ള 40 പേരോടു ഒരേസമയം മത്സരിച്ച ആനന്ദ് അന്നു ജയിച്ചെങ്കിലും, റിയാസ് 44 നീക്കങ്ങൾ വരെ പൊരുതി നിന്നു. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട്ട് 838 വോട്ടിന് തോറ്റതു പോലെ! 33–ാം വയസ്സിലായിരുന്നു ഈ തീപ്പൊരി പോരാട്ടം.
സംസ്ഥാന സബ് ജൂനിയർ ചെസ് ചാംപ്യനായിരുന്ന റിയാസിനെ പിന്നീടു കണ്ടത് യുവജന സമരവേദികളിലായിരുന്നു. 2011 ൽ കോഴിക്കോട് കമ്മിഷണർ ഓഫിസിലേക്കു നടന്ന ഡിവൈഎഫ്ഐ മാർച്ചിനെതിരെയുള്ള ലാത്തിച്ചാർജിൽ പരുക്കേറ്റ് ഒരു മാസം ചികിത്സയിൽ കഴിഞ്ഞു. വിവിധ സമരങ്ങളുടെ ഭാഗമായി ജയിലിൽ കഴിഞ്ഞത് 150 ദിവസത്തോളം.
ആറാം ക്ലാസിൽ വച്ചാണ് എസ്എഫ്ഐയിൽ അംഗമായത്. ബിരുദത്തിനു ശേഷം കോഴിക്കോട് ലോ കോളജിൽനിന്ന് എൽഎൽബി. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായി തുടങ്ങിയ റിയാസ് ജില്ല, സംസ്ഥാന, ദേശീയ ദേശീയ ഭാരവാഹിത്വം വഹിച്ചു. 2017 മുതൽ ദേശീയ പ്രസിഡന്റ്. 2018 ലെ തൃശൂർ സമ്മേളനത്തിൽ സിപിഎം സംസ്ഥാന സമിതിയിലുമെത്തി.
പൊലീസ് കമ്മിഷണർ ആയി വിരമിച്ച പി.എം. അബ്ദുൽ ഖാദറിന്റെയും ആയിഷാബിയുടെയും മകനാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയാണു ഭാര്യ. മക്കൾ: ആമിൽ, അയാൻ.
English Summary: P. A. Mohammed Riyas's Profile P. A. Mohammed Riyas