ക്ലൈമാക്സിലെ സർപ്രൈസ്
Mail This Article
വി.അബ്ദുറഹിമാൻ (59)
താനൂർ
കടുത്ത നാടകപ്രേമിയാണ് അബ്ദുറഹിമാൻ. ആക്ട് തിരൂർ വർഷാവർഷം സംഘടിപ്പിക്കുന്ന സംസ്ഥാന നാടകമേളയുടെ മുൻപന്തിയിലുണ്ടാകും.
മുസ്‌ലിം ലീഗിന്റെ കുത്തക സീറ്റായ താനൂരിൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ചു നേടിയ 2 വിജയങ്ങളും നാടകീയത നിറഞ്ഞതായിരുന്നു. ഇത്തവണ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെ തീപാറിയ പോരാട്ടത്തിൽ 985 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണു മറികടന്നത്.
ഇപ്പോഴിതാ മലപ്പുറം ജില്ലയിൽ നിന്നുള്ള ഏക മന്ത്രിയുടെ വേഷവും വി.അബ്ദുറഹിമാൻ സ്വന്തമാക്കി. ന്യൂനപക്ഷ പ്രതിനിധി, ക്ലീൻ ഇമേജ് എന്നിവ അബ്ദുറഹിമാന്റെ യാത്ര എളുപ്പമാക്കി.
വെള്ളേക്കാട്ട് മുഹമ്മദ് ഹംസയുടെയും ഖദീജയുടെയും മകനായി തിരൂർ പൊറൂരിലാണ് ജനനം. വിദ്യാർഥിയായിരിക്കെ അഖില കേരള ബാലജനസഖ്യത്തിൽ ചേർന്നു. തുടർന്ന് കെഎസ്‍യു വഴി രാഷ്ട്രീയ പ്രവേശനം. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി, കെപിസിസി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
തിരൂർ നഗരസഭയിൽ ഉപാധ്യക്ഷനായിരുന്നു. പിന്നീടു കോൺഗ്രസുമായി പിണങ്ങി 2014 ൽ പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ ഇടതു സ്വതന്ത്രനായി മത്സരിച്ചു. 2016 ൽ സിപിഎം സ്വതന്ത്രനായി നിയമസഭയിലേക്ക്. പ്രവാസി വ്യവസായിയും കർഷകനുമാണ്. ഭാര്യ: സാജിത. മക്കൾ: അഹമ്മദ് അമൻ സാൻജീത്, റിസ്വാന ഷറീൻ, നിഹാല നവൽ.
Content Highlights: V Abdurahiman elected as Kerala Minister