‘എനിക്കെന്റെ അനുഭവങ്ങളല്ലേ പറയാൻ പറ്റൂ’; തോറ്റെങ്കിലും സുബിനേറെ ശോഭ!
Mail This Article
നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് വലിയ വാർത്തയായിരുന്നു ശോഭ സുബിനും ആ പേരിലെ കൗതുകവും. തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവുമൊക്കെ കഴിഞ്ഞിട്ടും നന്മയുള്ള വാർത്തകളിൽ നിറയുകയാണ് ശോഭ സുബിൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ കോട്ടയായ കയ്പമംഗലത്ത് ശക്തമായ മത്സരം കാഴ്ചവച്ച ഈ യൂത്ത് കോൺഗ്രസ് നേതാവ് ഫലപ്രഖ്യാപനത്തിന്റെ രണ്ടാം നാൾ മറ്റൊരു വാർത്തയായി നാട്ടുകാരുടെ മുന്നിലെത്തി. വർഷങ്ങളായി ശുചിമുറി ഇല്ലാതിരുന്ന, ഒറ്റമുറിവീട്ടിൽ താമസിച്ച ഒരമ്മയ്ക്ക് ശുചിമുറി പണിതുകൊടുത്തതായിരുന്നു ആ വാർത്ത. വാർത്തകളിൽ ഇടം പിടിക്കാനല്ല ഈ ചെറുപ്പക്കാരൻ ഇതൊന്നും ചെയ്യുന്നത്. ദുരിത നാളുകളിൽ സുബിൻ അനുഭവിച്ചതാണ് ഇതിലേറെ നൊമ്പരങ്ങൾ.
‘പ്രചാരണകാലത്ത് പോയപ്പോൾ വോട്ടർമാരുടെ ദുരിതങ്ങൾ നേരിൽക്കണ്ടു. ഒരു വികസനവുമെത്താത്ത ഒട്ടേറെ ഇടങ്ങൾ. ചെന്ത്രാപ്പിന്നി ചക്കുഞ്ഞി കോളനിയിലെത്തിയപ്പോഴാണ് ഒറ്റമുറിവീട്ടിൽ താമസിക്കുന്ന ശാന്തയെന്ന അമ്മയെ കണ്ടത്. വർഷങ്ങളായി ശുചിമുറിയില്ലെന്ന സങ്കടം അവർ പങ്കുവച്ചപ്പോൾ ചങ്കിൽ തട്ടി. ജയിച്ചാലും ഇല്ലെങ്കിലും അമ്മയ്ക്ക് ശുചിമുറി പണിതു നൽകുമെന്ന് ഉറപ്പു നൽകാൻ ഒട്ടും ആലോചിക്കേണ്ടി വന്നില്ല. ഫലം വന്ന് രണ്ടാംദിനം ശുചിമുറി പൂർത്തിയാക്കി നൽകിയപ്പോൾ അവരുടെ സന്തോഷമൊന്നു കാണേണ്ടതായിരുന്നു...
എനിക്കറിയാവുന്നതാണ് ഈ സങ്കടങ്ങളൊക്കെ. ഞാനിതൊക്കെ കടന്നുവന്നതല്ലേ. നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് വീട്ടിൽ ശുചിമുറി പണിയുന്നത്. ഡിഗ്രിക്കു പഠിക്കുമ്പോഴാണ് വൈദ്യുതിയെത്തുന്നത്. അതുകൊണ്ടുതന്നെ ഞാൻ അനുഭവിച്ചറിഞ്ഞ വേദനകൾ ആളുകൾ പറയുമ്പോൾ എങ്ങനെയെങ്കിലും പരിഹരിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. അതു ചെയ്യുന്നതാണ് എന്റെ സന്തോഷം...’– സുബിന് പറയാനേറെയുണ്ട്.
∙ കയ്പമംഗലം, കടുപ്പമണ്ഡലം
കയ്പമംഗലം പോലുള്ളൊരു മണ്ഡലത്തിൽ മത്സരിക്കാൻ നിയോഗിക്കപ്പെട്ടപ്പോഴും ശോഭയ്ക്കു പേടിയുണ്ടായിരുന്നില്ല. പാർട്ടി എന്ത് ഏൽപിക്കുന്നോ അതു ശിരസാ വഹിച്ചാണ് ശീലം. 2016ൽ ഇ.ടി. ടൈസന്റെ ഭൂരിപക്ഷം 33,440 ആയിരുന്നത് ഇക്കുറി സർക്കാർ അനുകൂല തരംഗത്തിനിടയിലും 22,698 ആക്കിക്കുറച്ചു എന്നിടത്താണ് ഈ ചെറുപ്പക്കാരന്റെ വിജയം. മണ്ഡലത്തിനു കീഴിലുള്ള 7 പഞ്ചായത്തുകളിൽ കയ്പമംഗലം ഒഴികെയുള്ളവയെല്ലാം ഇടതു ഭരണത്തിലാണ്. എസ്എൻ പുരം പഞ്ചായത്തിൽ കോൺഗ്രസിന് അംഗങ്ങളേയില്ല. പെരിഞ്ഞനം, എടവിലങ്ങ് പഞ്ചായത്തുകളിലാകട്ടെ ഓരോരുത്തർ വീതവും. ആകെയുള്ളത് ഒരു ബ്ലോക് പഞ്ചായത്തംഗവും.
ഇങ്ങനെയൊക്കെയായിട്ടും പുതിയ സ്ഥാനാർഥി ഉണ്ടാക്കിയ തരംഗത്തെ എതിരാളികൾ ഭയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ വ്യക്തിപരമായ ആരോപണങ്ങൾ നേരിടേണ്ടി വന്നുവെന്നും സുബിൻ പറയുന്നു. ‘ഞാൻ അമ്മയെപ്പറ്റി പറയുന്നു, ദാരിദ്ര്യം പറയുന്നു എന്നൊക്കെയാണ് പ്രചരിപ്പിച്ചത്. എനിക്കെന്റെ അനുഭവങ്ങളല്ലേ പറയാൻ പറ്റൂ’. ജയിച്ചാൽ ബിജെപി ആകുമെന്നായിരുന്നു മറ്റൊരു പ്രചാരണം. ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമായിരുന്നു അതെന്നു ശോഭയ്ക്കു കൃത്യമായറിയാം.
∙ അമ്മ, ഓർമയിലെ ശോഭ
തിരഞ്ഞെടുപ്പു കാലത്തുതന്നെ കേരളം കേട്ടതാണ് ശോഭ സുബിന്റെ പേരിലെ ശോഭ. ഈ ചെറുപ്പക്കാരന്റെ അനുഭവം അറിഞ്ഞ പലരുടേയും കണ്ണു നിറഞ്ഞതുമാണ്. വായിച്ചും കണ്ടും കേട്ടുമറിഞ്ഞ പലരും നമ്പർ തപ്പിയെടുത്തു വിളിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായ ശോഭ സുബിന്റെ പേരിലെ ശോഭ അമ്മയാണ്. സുബിന് 8 മാസം മാത്രം പ്രായമുള്ളപ്പോഴാണ് അമ്മയെ നഷ്ടപ്പെടുന്നത്. അമ്മയുടെ മരണവുമായി ബന്ധപ്പെട്ട് അച്ഛൻ ജയിലിലായി. അമ്മാവൻ മത്സ്യത്തൊഴിലാളിയായ സുബ്രഹ്മണ്യന്റെ തണലിലാണു പിന്നീട് വളർന്നത്.
സുബിനെ വളർത്താൻ വേണ്ടി വിവാഹം വേണ്ടെന്നു വച്ചയാളാണ് അമ്മയുടെ സഹോദരി ഓമന. അടുത്ത വീടുകളിൽ പണിക്കു പോയാണ് അവർ ജീവിതം കൂട്ടിമുട്ടിച്ചത്. നിയമ ബിരുദം നേടുന്നതിനിടെ സുബിൻ ചെയ്യാത്ത ജോലികളില്ല. കടപ്പുറത്തു പ്ലേറ്റ് കഴുകി, മത്സ്യം വിറ്റു, ചുമടെടുത്തു, വള്ളം തുഴഞ്ഞു, വല വലിച്ചു... അസംഖ്യം ജോലികളുടെ അനുഭവത്തഴമ്പുണ്ട് ആ ചുമലിൽ. ഇടയ്ക്കു 3 വർഷം ഗൾഫിലും ജോലി ചെയ്തു. നാടു തിരികെ വിളിച്ചപ്പോൾ മടങ്ങിയെത്തി സമൂഹ സേവനത്തിലും രാഷ്ട്രീയത്തിലും സജീവമായി. ശോഭ എന്ന വിളി കേൾക്കുമ്പോൾ അമ്മയുടെ സാന്നിധ്യം താനിപ്പോഴും അറിയുന്നതായി നെഞ്ചിൽ കൈവച്ചു പറയുന്നു, ശോഭ സുബിൻ.
∙ പോരാട്ടം പുതുമയല്ല
ജീവിതം തന്നെ കടുത്ത പോരാട്ടമായതിനാൽ മറ്റുള്ള പോരാട്ടമൊന്നും അത്രമേൽ കടുത്തതല്ല, ഈ യുവാവിന്. നേരത്തേ, ജില്ലാ പഞ്ചായത്തിലേക്കു സിപിഎം ഏരിയ സെക്രട്ടറിയെ അട്ടിമറിച്ചതാണ് ശ്രദ്ധേയ നേട്ടം. ചെങ്കൊടി നിറഞ്ഞ തൃപ്രയാർ ഡിവിഷനിൽ കോൺഗ്രസുകാരെപ്പോലും ഞെട്ടിച്ചു നേടിയ ആ വിജയമാണ് കയ്പമംഗലത്തിലേക്കു പരിഗണിക്കപ്പെടാൻ ഇടയാക്കിയതും. ഈ ഡിവിഷനിൽ കോൺഗ്രസുകാരന്റെ ആദ്യ വിജയമായിരുന്നു അത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിലെത്തി മടങ്ങിയപ്പോൾ ആ വേദിയിൽ ചാണകവെള്ളം തളിച്ച സംഭവത്തിനു നേതൃത്വം കൊടുത്തത് അന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റായ സുബിനായിരുന്നു.
∙ കുട്ടികൾ, പ്രിയപ്പെട്ടവർ
ജില്ലാ പഞ്ചായത്തംഗമായിരിക്കെ ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ പറ്റിയതായി സുബിൻ പറയുന്നു. ഒരു കോടി രൂപ മുടക്കി വലപ്പാട് ഗ്രൗണ്ട് നവീകരിച്ചതാണ് പ്രധാന നേട്ടം. രാജ്യാന്തര അത്‌ലീറ്റ് ആൻസി സോജൻ അടക്കമുള്ളവർ പരിശീലിക്കുന്നത് ഇവിടെയാണ്. കഴിമ്പ്രം ബീച്ച് നവീകരിച്ചതും പൊതുജനങ്ങൾക്കായി ജിംനേഷ്യം തുടങ്ങിയതും അക്കാലത്തുതന്നെ. നടപ്പാത, ശുചിമുറികൾ, പാർക്ക്, വല സൂക്ഷിക്കാൻ സ്ഥലം എന്നിവയൊക്കെ അടങ്ങിയതായിരുന്നു നവീകരണം.
35 ലക്ഷം രൂപ മുടക്കി നാട്ടിക സ്കൂളിൽ ജിംനേഷ്യം തുടങ്ങിയതും ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെ. അഞ്ചു വർഷത്തിനിടെ 10,000 നിർധന വിദ്യാർഥികൾക്കാണ് ബാഗും കുടയും പുസ്തകങ്ങളും സമ്മാനിച്ചത്. എടത്തിരുത്തി കോഴിത്തുമ്പ് കോളനിയിൽ സ്ഥാപിച്ച ശുചിമുറി സമുച്ചയവും യോഗിനിമാതാ ബാലികാസദനത്തിലെ കുട്ടികളുടെ ആവശ്യപ്രകാരം നിർമിച്ച പാർക്കുമൊക്കെ ഇപ്പോഴും മനസ്സു നിറയ്ക്കുന്ന സന്തോഷങ്ങളിൽ പെടുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും കുട്ടികൾ സുബിനെ പൊതിഞ്ഞിരുന്നു. ഏഴിടങ്ങളിൽ അവർക്കായി ഫുട്ബോൾ, ക്രിക്കറ്റ് ബാറ്റ് അടക്കം കളിയുപകരണങ്ങൾ നൽകി. നിറം വാർന്നൊരു കുട്ടിക്കാലം ഓർമയിലുള്ളൊരാൾക്ക് ഇങ്ങനെയല്ലേ ചെയ്യാനാകൂ.
∙ കുടുംബം, സ്നേഹപിന്തുണ
തൃശൂർ ലോ കോളജിൽ സഹപാഠിയായിരുന്ന രേഷ്മയെയാണ് വിവാഹം ചെയ്തത്. കേരള ഫിഷറീസ് സർവകലാശാല യിൽ (കുഫോസ്) യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു കെഎസ്‌യു പ്രവർത്തകയായിരുന്ന രേഷ്മ ഇക്ബാൽ. മകൾ ശോഭ സിയാ ഫാത്തിമയ്ക്ക് എട്ടുമാസം പ്രായം. മകളുടെ പേരിലെ ശോഭ സുബിന്റെ അമ്മയും ഫാത്തിമ, രേഷ്മയുടെ ഉമ്മയുമാണെന്ന പ്രത്യേകതയുമുണ്ട്.
∙ ഇവിടെയുണ്ടെന്ന ഉറപ്പ്
തോറ്റതൊന്നും കാര്യമാക്കുന്നില്ല സുബിൻ. ഇനിയും ചെയ്യാൻ പറ്റുന്ന ഒരുപാടു കാര്യങ്ങളുണ്ട്. അതിനായി, നാട്ടുകാരിലൊരാളായി ഇവിടെത്തന്നെ സജീവമായുണ്ടാകുമെന്നാണ് സുബിൻ നൽകുന്ന ഉറപ്പ്. കയ്പമംഗലം മണ്ഡലം ജനിച്ചിട്ട് ഏറെയായിട്ടില്ല. മൂന്നാം തിരഞ്ഞെടുപ്പാണു കഴിഞ്ഞത്. 21 കിലോമീറ്റർ തീരദേശമുള്ള ഈ മണ്ഡലത്തിലെ പോരാട്ടം വിളിച്ചുപറയുന്നൊരു സത്യമുണ്ട്; കോൺഗ്രസിനായി ആർജവമുള്ള പുതിയൊരു തീരദേശ നേതാവിന്റെ ഉദയം.
തിരഞ്ഞെടുപ്പുകാലത്ത് കലക്ടറേറ്റിൽനിന്നു സ്ഥാനാർഥിയെ വിളിച്ച ഒരുദ്യോഗസ്ഥൻ ചോദിച്ചു, ‘‘സ്ഥാനാർഥി ശ്രീമതി ശോഭ സുബിന്റെ നമ്പറല്ലേ?’’. സുബിൻ പറഞ്ഞു: ‘‘സ്ഥാനാർഥി ഞാൻ തന്നെ. പക്ഷേ, ശ്രീമതിയല്ല. പുരുഷനാണ്!’’ ഇപ്പോഴും തന്റെ പേരു കേൾക്കുമ്പോൾ സ്ത്രീയാണെന്നു കരുതുന്ന ഒട്ടേറെപ്പേരോടും ശോഭ സുബിൻ പറയുന്നത് ഇതുതന്നെയാണ്.
English Summary: Shobha Subin life story