13–ാം നമ്പർ സ്റ്റേറ്റ് കാർ സ്വീകരിച്ച് മന്ത്രി പി. പ്രസാദ്; 13 എന്തു പ്രശ്നം?
Mail This Article
ആലപ്പുഴ ∙ മറ്റാരോ ഉപയോഗിക്കാൻ മടിച്ച സ്റ്റേറ്റ് കാർ നമ്പർ 13 സന്തോഷത്തോടെ സ്വീകരിച്ച് മന്ത്രി പി.പ്രസാദ്. ആദ്യം അദ്ദേഹത്തിന് അനുവദിച്ച നമ്പർ 14 ആയിരുന്നു. എന്നാൽ, 13 കിട്ടിയ ആൾ സ്വീകരിക്കാൻ മടിച്ചപ്പോൾ എങ്കിലത് തന്റെ കാറിനു വച്ചുകൊള്ളാൻ പ്രസാദ് അറിയിച്ചു.
‘‘13–ാം നമ്പർ തോമസ് ഐസക് ഉപയോഗിച്ചതാണ്. അദ്ദേഹത്തിനു കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ. മറ്റു നമ്പറുകൾ ഉപയോഗിച്ചവർക്ക് അതുകൊണ്ടു പ്രശ്നങ്ങൾ ഉണ്ടാകാതിരുന്നിട്ടുണ്ടോ?’’– മന്ത്രി ചോദിച്ചു.
ഈ നൂറ്റാണ്ടിലും ഇത്തരം അന്ധവിശ്വാസങ്ങൾ തുടരുന്നതു കഷ്ടമാണ്. 13 എന്ന സംഖ്യ കൊണ്ട് എല്ലാം തകരുമെങ്കിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകും. 13നു ജനിച്ചാൽ തിരുത്താൻ കഴിയില്ലല്ലോ. ഓണവും വിഷുവുമൊക്കെ ആ തീയതിയിൽ വരാം. കലണ്ടറിൽ 13 ഒഴിവാക്കുമോ? പത്രങ്ങൾ 13ന് അച്ചടിക്കുന്നുണ്ടല്ലോ – മന്ത്രി പറഞ്ഞു.
പേടിയില്ലാത്തവർ ബേബി, ഐസക്
കഴിഞ്ഞ സർക്കാരിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക് 13–ാം നമ്പർ കാർ ഉപയോഗിച്ചെങ്കിൽ 2006 ൽ വി.എസ്. അച്യുതാനന്ദൻ സർക്കാരിൽ പേടിയൊന്നുമില്ലാതെ നമ്പർ ചോദിച്ചു വാങ്ങിയത് വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി.
ഒന്നാം പിണറായി മന്ത്രിസഭയുടെ തുടക്കത്തിൽ 13–ാം നമ്പർ കാർ ഏറ്റെടുക്കാൻ പല മന്ത്രിമാരും മടിച്ചു നിന്നപ്പോൾ ഐസക് മുന്നോട്ടു വന്നു. 13–ാം നമ്പറിനെ ഇടതു മന്ത്രിമാർക്കു പേടിയാണെന്നു പരിഹസിച്ചു ബിജെപി നേതാവ് കെ.സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതോടെ, ഐസക് അത് ആവശ്യപ്പെടുകയായിരുന്നു. വി.എസ്.സുനിൽകുമാറും കെ.ടി.ജലീലും മുന്നോട്ടു വന്നെങ്കിലും ഐസക് തന്നെ ഏറ്റെടുത്തു. യുഡിഎഫ് മന്ത്രിസഭയിലെ ആരും 13–ാം നമ്പർ കാർ ഉപയോഗിച്ചിരുന്നില്ല.
English Summary: Minister P. Prasad takes state car number 13