‘പ്രചാരണത്തിന് ഹെലികോപ്റ്റർ, ചെലവിന് ഒരു കോടി’: വാഗ്ദാനങ്ങളെക്കുറിച്ച് നടി പ്രിയങ്ക
Mail This Article
ചാത്തന്നൂർ ∙ തിരഞ്ഞെടുപ്പു ദിവസം കുണ്ടറയിൽ ഇഎംസിസി പ്രസിഡന്റ് ഷിജു എം. വർഗീസിന്റെ വാഹനത്തിനു നേരെ പെട്രോൾ ബോംബാക്രമണ നാടകം നടത്തിയെന്ന കേസിൽ നടി പ്രിയങ്കയെ അന്വേഷണസംഘം ചോദ്യം ചെയ്തു. നിയമസഭ തിരഞ്ഞെടുപ്പിൽ അരൂരിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർഥിയായി അവർ മത്സരിച്ചിരുന്നു.
വാഗ്ദാനങ്ങൾ നൽകി വിവാദ ദല്ലാൾ നന്ദകുമാറാണു മത്സരിക്കാൻ പ്രേരിപ്പിച്ചതെന്നു പ്രിയങ്ക മൊഴി നൽകി. പ്രചാരണത്തിനായി ഹെലികോപ്റ്റർ, ചെലവിനായി ഒരു കോടിയിലേറെ രൂപ, എങ്ങനെയും വിജയിപ്പിച്ച് എംഎൽഎയാക്കും തുടങ്ങിയ വാഗ്ദാനങ്ങളാണു നൽകിയത്.
ഇഎംസിസി പ്രസിഡന്റ് ഷിജു എം.വർഗീസിനെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പാർട്ടി കമ്മിറ്റികളിൽ കണ്ടുള്ള പരിചയമാണുള്ളത്. പ്രിയങ്കയുടെ മാനേജർ താഹീറിനെയും അന്വേഷണസംഘം ചോദ്യം ചെയ്തു. ഇരുവരെയും ചാത്തന്നൂർ എസിപി ഓഫിസിൽ വിളിച്ചു വരുത്തി എസിപി വൈ. നിസാമുദ്ദീന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.
English Summary: Police Interrogated Actress Priyanka