ഉമക്കുട്ടി ടീച്ചര്; സഹപാഠികൾക്ക് ഓൺലൈൻ ക്ലാസെടുക്കുന്ന ആറാം ക്ലാസുകാരി
Mail This Article
തിരുവനന്തപുരം ∙ ‘നമസ്കാരം, ഞാൻ ഉമക്കുട്ടിയാണ്. എല്ലാ കൂട്ടുകാരും ഇപ്പോൾ ആറാം ക്ലാസിലേക്കു പ്രമോഷൻ കിട്ടിയതിന്റെ സന്തോഷത്തിലായിരിക്കും, അല്ലേ ? ഞാനും ഇനി ആറാം ക്ലാസിലേക്കാണ്’ – കോട്ടൺഹിൽ ഗവ. സ്കൂൾ വിദ്യാർഥി എസ്. ഉമ പുതിയ സ്കൂൾ വർഷത്തെ വരവേൽക്കുന്നത് കഴിഞ്ഞവർഷം തുടങ്ങിയ തന്റെ തന്നെ യുട്യൂബ് ചാനലിലൂടെയാണ്. ‘ഉമക്കുട്ടി’ എന്ന ആ ചാനലിനുമുണ്ട് പ്രത്യേകത; വിനോദ പരിപാടികളോ ഹോബികളോ ഒന്നുമല്ല, സ്വന്തം പാഠഭാഗങ്ങളുമായി ഉമക്കുട്ടി തന്നെ ടീച്ചറാകുന്ന ചാനലാണത്.
ഡിജിറ്റൽ / ഓൺലൈൻ പഠനത്തിന്റെ പരിമിതികളും മടുപ്പും ഏറെ ചർച്ചയാകുന്നതിനിടെ, അതിന്റെ സാധ്യതകൾ കൂടി നമ്മെ ഓർമിപ്പിക്കുന്ന അനുഭവകഥയാണിത്. കഴിഞ്ഞവർഷം സ്കൂൾ തുറക്കാതിരിക്കുകയും കൂട്ട് ഇല്ലാതാവുകയും ചെയ്തപ്പോഴായിരുന്നു ചാനലിന്റെ പിറവി. കുട്ടിട്ടീച്ചറെ കേരളത്തിനകത്തും പുറത്തുമുള്ള മലയാളിക്കുട്ടികൾക്കെല്ലാം ഇഷ്ടമായി. ചാനലിന് ഇപ്പോൾ മുക്കാൽ ലക്ഷത്തിലേറെ വരിക്കാർ; ഇതുവരെ 80 ലക്ഷത്തോളം കാഴ്ചക്കാരും.
വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ കേട്ട് ഉമക്കുട്ടി പാഠഭാഗങ്ങൾ പഠിക്കും. അതിനു ശേഷമാണു ടീച്ചറുടെ റോൾ. കൂട്ടുകാരുടെ സന്ദേശങ്ങൾ കൂടി നോക്കി ക്ലാസുകൾ മെച്ചപ്പെടുത്തുന്നു. വരിക്കാർ കൂടിയതോടെ അമ്മ അഡ്വ. നമിതയും ടീച്ചറായി ഒപ്പമുണ്ട്.
കേരള കൗമുദിയിൽ കാർട്ടൂണിസ്റ്റായ അച്ഛൻ ടി.കെ. സുജിത്തും സഹോദരൻ അമലും സാങ്കേതികകാര്യങ്ങളിൽ സഹായിക്കുന്നുണ്ട്. യുട്യൂബിൽനിന്നുള്ള വരുമാനം കൊണ്ട് ലാപ്ടോപ്പും ക്യാമറയുമൊക്കെ വാങ്ങി വീട്ടിലൊരു ചെറിയ സ്റ്റുഡിയോ ഒരുക്കി ഇപ്പോൾ. ഇനി ആറാം ക്ലാസിലെ പാഠങ്ങൾ പഠിക്കാനും പഠിപ്പിക്കാനുമുള്ള തയാറെടുപ്പ്.