ADVERTISEMENT

തിരുവനന്തപുരം ∙ വരുമാനം വർധിപ്പിക്കുന്നതിനുള്ള നടപടികൾ നാളെ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിലുണ്ടാകുമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കിയതോടെ നികുതികളിൽ വർധന ഉറപ്പായി. ഇന്ധനം, മദ്യം, മോട്ടർ വാഹനം, കെട്ടിടം, ഭൂമി എന്നിവയ്ക്കു മേലുള്ള നികുതികളിലാണ് സംസ്ഥാന സർക്കാരിനു മാറ്റം വരുത്താൻ അധികാരമുള്ളത്. നിലവിലെ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാൻ മദ്യ നികുതി വർധന പ്രഖ്യാപിച്ചേക്കും. ഇതു കോവിഡ് സെസ് രൂപത്തിൽ എത്താനാണു സാധ്യത. ലോക്ഡൗൺ കാരണം 1000 കോടി രൂപയാണ് മദ്യത്തിൽ നിന്നുള്ള ഒരു മാസത്തെ വരുമാന നഷ്ടം. കോവിഡ് ഒന്നാം തരംഗത്തിലും സർക്കാർ മദ്യത്തിനു കോവിഡ് സെസ് ഏർപ്പെടുത്തിയിരുന്നു.

എല്ലാ വർഷവും ഭൂമി ന്യായവില 10% വർധിപ്പിക്കാറുണ്ടെങ്കിലും കഴിഞ്ഞ ജനുവരി 15നു മന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് അത് ഒഴിവാക്കിയിരുന്നു. നാളത്തെ പുതുക്കിയ ബജറ്റിൽ 10% വർധന പ്രഖ്യാപിച്ചേക്കും. അതോടെ ഭൂമി റജിസ്ട്രേഷൻ ചെലവുകൾ ഉയരും. ഭൂമിയുടെ വിപണി വിലയ്ക്കൊപ്പം ന്യായവില എത്തുന്നതു വരെ വർഷാവർഷം വർധന നടപ്പാക്കണമെന്ന നയമാണു സർക്കാരിന്. സ്കൂളുകളിലെയും ആശുപത്രികളിലെയും അടക്കം എല്ലാ സർക്കാർ ഓഫിസുകളിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾക്കുള്ള ഫീസും വർധിപ്പിച്ചേക്കും. 5 മുതൽ 15% വരെ വർധനയാണു പ്രതീക്ഷിക്കുന്നത്.

ധനക്കമ്മി നികത്താനായി കേന്ദ്ര ധനകാര്യ കമ്മിഷൻ അനുവദിച്ച 19,890 കോടി രൂപയും അധിക വരുമാനമായി ബജറ്റിൽ ഉൾക്കൊള്ളിക്കും. ഐസക്കിന്റെ ബജറ്റിൽ ഇൗ തുക ഉൾപ്പെടുത്തിയിരുന്നില്ല. വാക്സീൻ സൗജന്യമായി നൽകുന്നതിനുള്ള പണം ചെലവിനത്തിലും വകയിരുത്തും. തുടർഭരണം കാരണം സർക്കാരിന്റെ നയത്തിലോ വികസന കാഴ്ചപ്പാടിലോ മാറ്റമില്ലാത്തതിനാൽ ഐസക് അവതരിപ്പിച്ച ബജറ്റിന്റെ തുടർച്ച തന്നെയാകും നാളത്തെ പുതുക്കിയ ബജറ്റും. രാവിലെ ഒൻപതിനാണ് ബജറ്റ് പ്രസംഗം ആരംഭിക്കുക. ഒന്നര മണിക്കൂറോളമാകും പ്രസംഗം. കഴിഞ്ഞ ബജറ്റിന്റെ ദൈർഘ്യം മൂന്നേകാൽ മണിക്കൂറായിരുന്നു.

കടലാക്രമണം തടയാൻ സമഗ്രമായ പാക്കേജ്, ഡിജിറ്റൽ ക്ലാസുകൾക്കായി അധ്യാപകർക്ക് പ്രത്യേക സൗകര്യങ്ങൾ തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് അവതരിപ്പിച്ച കഴിഞ്ഞ ബജറ്റിൽ വരുമാനം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളൊന്നും ചൂണ്ടിക്കാട്ടിയിരുന്നില്ല. കോവിഡ് രണ്ടാം തരംഗവും ലോക്ഡൗണും കാരണം കടുത്ത വരുമാനത്തകർച്ചയാണ് സർക്കാർ മുന്നിൽ കാണുന്നത്. അതിനാൽ ഏതു വിധേനയും വരുമാനം ഉയർത്തുകയും ചെലവു വെട്ടിച്ചുരുക്കുകയുമാണ് സർക്കാരിനു മുന്നിലെ മുഖ്യ വെല്ലുവിളി.

പരിമിതിയുണ്ടെങ്കിലും വരുമാനം കൂട്ടും: മന്ത്രി ബാലഗോപാൽ

പരിമിതിയുണ്ടെങ്കിലും വരുമാനം വർധിപ്പിക്കാനും ചെലവു നിയന്ത്രിക്കാനും ബജറ്റിൽ നടപടിയുണ്ടാകുമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ. കോവിഡ് സാഹചര്യത്തെ ബജറ്റ് പരിഗണിക്കും. സൗജന്യ വാക്സീൻ ഉറപ്പാക്കും. വാറ്റ് നികുതി കുടിശികയുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഉദ്ദേശിച്ച ഫലം കണ്ടില്ല. വളരെ ചെറിയ കുടിശിക മാത്രമാണു പിരിച്ചെടുക്കാനായത്. നികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി ഇക്കാര്യം ചർച്ച ചെയ്യും. ജിഎസ്ടി നടപ്പാക്കിയതാണ് സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. നികുതി തീരുമാനിക്കാനുള്ള സംസ്ഥാനത്തിന്റെ അവകാശം ഇല്ലാതായി. ജിഎസ്ടി നഷ്ടപരിഹാര കാലാവധി 5 വർഷത്തേക്കു കൂടി നീട്ടണമെന്നും മന്ത്രി പറഞ്ഞു.

English Summary: Finance Minister KN Balagopal on Kerala Budget 2.0

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com