നേരിട്ടുള്ള 8900 കോടിയെപ്പറ്റി ധനമന്ത്രി; പെൻഷൻ, തൊഴിലുറപ്പ് കൂടുതൽ കൃത്യത ലക്ഷ്യം
Mail This Article
തിരുവനന്തപുരം ∙ ഉപജീവനം പ്രതിസന്ധിയിലായവരുടെ കയ്യിൽ നേരിട്ടു പണം എത്താനായി 8900 കോടി രൂപ നീക്കിവച്ചു എന്ന ബജറ്റ് നിർദേശത്തിന്റെ പൊരുൾ പുതുതായി പണം ബാങ്ക് അക്കൗണ്ടിൽ ഇട്ടുകൊടുക്കുന്നു എന്നല്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിശദീകരിച്ചു.
പെൻഷൻ, തൊഴിലുറപ്പ് തുടങ്ങി വിവിധ ഇനങ്ങളിലായി സർക്കാർ നൽകിക്കൊണ്ടിരിക്കുന്ന തുക കൂടുതൽ കൃത്യമാക്കാനുള്ള ശ്രമമാണു നടത്തിയത്. സാമൂഹിക പെൻഷൻ ലഭിക്കുന്നവരുടെ എണ്ണം കണക്കാക്കിയാൽ, 8900 കോടി നീക്കിവയ്ക്കുമ്പോൾ ഒരാൾക്ക് 20,000 രൂപ വരെ കിട്ടാൻ സാധ്യതയില്ലേ എന്ന ചോദ്യം വാർത്താസമ്മേളനത്തിൽ ഉയർന്നപ്പോഴായിരുന്നു മന്ത്രിയുടെ വിശദീകരണം.
പുതിയ നികുതികൾ ഭാവിയിൽ ഏർപ്പെടുത്തേണ്ടി വരും. പല സ്ഥാപനങ്ങളും തുറക്കാൻ പോലുമാകാത്ത സാഹചര്യത്തിൽ ജനങ്ങൾക്ക് അധികഭാരം ഏൽപിക്കേണ്ടെന്നു കണ്ടാണു നികുതി ഒഴിവാക്കിയത്. നികുതി ഏർപ്പെടുത്തേണ്ടി വരുമെന്നു മാധ്യമങ്ങൾ മുൻകൂട്ടി പറഞ്ഞത് അവരുടെ ക്രിയാത്മക മനോഭാവത്തിന്റെ തെളിവാണ്.
ചെലവു കാര്യമായി ചുരുക്കേണ്ടി വരും. അതിനു കർശന നടപടികൾ സ്വീകരിക്കും. എന്നാൽ, ആ പേരിൽ ആളുകളെ കൂടുതൽ ബുദ്ധിമുട്ടിക്കില്ല. വാക്സീൻ ചാലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ച പണം മറ്റൊരു ആവശ്യത്തിനും ചെലവഴിക്കില്ല. വാക്സീൻ വിതരണത്തിനു ധനകാര്യ കമ്മിഷന്റെ സഹായമടക്കം ഉപയോഗിക്കും.
കഴിഞ്ഞ ബജറ്റിലെ ഒരു നിർദേശവും മാറ്റിയിട്ടില്ല. പുതിയ കൂട്ടിച്ചേർക്കലുകൾ മാത്രമാണുള്ളത്. ജിഎസ്ടി വന്നതോടെ നമ്മുടെ കഴുത്ത് കേന്ദ്രത്തിന്റെ കക്ഷത്തിൽ ഇരിക്കുന്ന സ്ഥിതിയാണെന്നും മന്ത്രി പറഞ്ഞു.
English Summary: Finance Minister KN Balagopal's explanation over Budget