ബൂസ്റ്റർ ഡോസ്; കടമെടുത്തിട്ടായാലും വിപണിയിൽ പണമെത്തിക്കുക ലക്ഷ്യം
Mail This Article
തിരുവനന്തപുരം ∙ കോവിഡ് വ്യാപനവും ലോക്ഡൗണും കാരണം സംസ്ഥാനത്തിന്റെ നികുതി വരുമാനം കുത്തനെ ഇടിയുന്നു. കോവിഡ് രണ്ടാം തരംഗത്തെ നേരിടാൻ 20,000 കോടിയുടെ പാക്കേജ് അടക്കം പ്രഖ്യാപിച്ച് പരമാവധി പണം ചെലവിടലിലേക്കു സർക്കാർ നീങ്ങുന്നു. വരവു കുറയുകയും ചെലവു കൂടുകയും ചെയ്യുമ്പോൾ വരവു കൂട്ടാനും ചെലവു കുറയ്ക്കാനുമാണ് ഏതു സർക്കാരും ശ്രമിക്കുക. എന്നാൽ, നേർവീപരീത നിലപാട് ബജറ്റിൽ സ്വീകരിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്ത്? ഒറ്റ ഉത്തരമേയുള്ളൂ.
മനുഷ്യൻ ജീവിച്ചിരുന്നാലല്ലേ നാടും സമ്പദ്‌വ്യവസ്ഥയും ബജറ്റും ഒക്കെയുള്ളൂ. വരുമാനമില്ലെങ്കിൽ പോലും കടമെടുത്തിട്ടായാലും ആരോഗ്യവും ചികിത്സയും ഉറപ്പാക്കാനും പണമിറക്കി വിപണിയെ ഉണർത്താനുമാണു ബജറ്റിലെ ശ്രമം. അതിനാലാണ് അസാധാരണ സാഹചര്യത്തിലെ അസാധാരണ ബജറ്റ്.
എല്ലാം പദ്ധതികളും നടപ്പാക്കാനുള്ളതല്ല
കഴിഞ്ഞ ജനുവരി 15ന് ഡോ.ടി.എം. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ വിവിധ പദ്ധതികൾക്കായുള്ള ആകെ ചെലവ് 29,027 കോടി രൂപ. ഇന്നലെ മന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച കന്നി ബജറ്റിലാകട്ടെ പദ്ധതികൾ നടപ്പാക്കാനായി ആകെ മാറ്റിവച്ചിരിക്കുന്ന പണം 29,060 കോടി രൂപയും. കഴിഞ്ഞ ബജറ്റിനെക്കാൾ അധികം വെറും 33 കോടി രൂപ മാത്രമാണ് പദ്ധതികൾ നടപ്പാക്കാനായി പുതിയ ബജറ്റിലുള്ളത്. പുതുതായി 20,000 കോടി രൂപയുടെ തീരദേശ പാക്കേജടക്കം ബജറ്റിൽ ഇന്നലെ പ്രഖ്യാപിക്കുകയും ചെയ്തു. 33 കോടി കൊണ്ട് 30,000 കോടി വരെ ചെലവിടാൻ കഴിയുമോ? കഴിയും! അതാണ് ബജറ്റിലെ ട്രിക്ക്.
ബജറ്റിൽ പ്രഖ്യാപിക്കുന്ന എത്ര പദ്ധതികൾ സംസ്ഥാനത്തു നടപ്പാക്കി എന്ന് ആരും കണക്കെടുക്കാറില്ല. നടപ്പാക്കിയ പദ്ധതി സർക്കാർ നേട്ടങ്ങളുടെ പട്ടികയിൽ അവതരിപ്പിക്കും. നടപ്പാക്കാത്തവ വീണ്ടും ബജറ്റുകളിൽ ഇടംപിടിക്കും. ഇന്നലെ വീണ്ടും പ്രഖ്യാപിച്ച തീര സംരക്ഷണ പാക്കേജ് പോലെ. പദ്ധതിയിതര ചെലവിൽ ഉൾപ്പെടുത്തി ഒട്ടേറെ പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നതും പദ്ധതി വിഹിതം കൂടാത്തതിന് ഒരു കാരണമാണ്. തുടർന്നു പോകുന്ന പദ്ധതികൾ വീണ്ടും പ്രഖ്യാപിക്കുമ്പോഴും അധികച്ചെലവ് ഒഴിവാകും.
നികുതി ഒഴിവാക്കിയത് രാഷ്ട്രീയ തീരുമാനം
സംസ്ഥാന സർക്കാരിനു കീഴിലെ നികുതികൾ വർധിപ്പിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ നിന്നു വ്യക്തമായ ശുപാർശയുണ്ടായിട്ടും അതു വേണ്ടെന്ന രാഷ്ട്രീയ തീരുമാനമാണു ബജറ്റിൽ ജനത്തിനു മേൽ അധികഭാരം ചുമത്താതിരിക്കാൻ കാരണം. കോവിഡ് കാരണം ജനം ദുരിതമനുഭവിക്കുമ്പോൾ നികുതി ചുമത്തുന്നത് വലിയ പ്രതിഷേധത്തിനു കാരണമാകുമെന്നു സർക്കാർ വിലയിരുത്തി.
കോവിഡ് പ്രതിസന്ധി കഴിഞ്ഞ് അടുത്ത ബജറ്റിനു മുൻപു തന്നെ മദ്യ നികുതിയും ഭൂമി ന്യായവിലയും വർധിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇന്നലെ ബജറ്റ് പ്രസംഗത്തിലും പിന്നാലെ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖങ്ങളിലും മന്ത്രി ബാലഗോപാൽ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. എംപിമാരുടെ ഫണ്ട് കോവിഡ് പ്രതിരോധ പദ്ധതികൾക്കായി കേന്ദ്ര സർക്കാർ മാറ്റിവച്ചതു പോലെ എംഎൽഎമാരുടെ ഫണ്ടിൽ നിന്നു ആരോഗ്യ മേഖലയ്ക്കായി പണം മാറ്റുന്നത് ഖജനാവിന് ആശ്വാസം പകരും.
കടമെടുക്കുക 30,697 കോടി
കഴിഞ്ഞ ബജറ്റിൽ മന്ത്രി തോമസ് ഐസക് പ്രതീക്ഷിച്ചതിനെക്കാൾ നികുതി വരുമാനം 1,287 കോടി രൂപയും നികുതി ഇതര വരുമാനം 500 കോടിയും കുറയുമെന്നാണു പുതിയ ബജറ്റിലെ കണക്ക്. എന്നാൽ, കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതവും ഗ്രാന്റും 4,392 കോടി രൂപ വർധിക്കും. ആകെ വരുമാനം 1.62 ലക്ഷം കോടി രൂപ. കഴിഞ്ഞ ബജറ്റിൽ നിന്നുള്ള വർധന 2,605 കോടി. ധനക്കമ്മി 3.5 ശതമാനത്തിൽ അതു പോലെ നിർത്തി. കടമെടുക്കാൻ നിശ്ചയിച്ചിട്ടുള്ള തുകയായ 30,697 കോടിയിലും മാറ്റമില്ല.
ചിലത് നൈസായിട്ട് ഒഴിവാക്കി!
തിരുവനന്തപുരം ∙ ബജറ്റിൽ പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും പരാമർശിക്കാതെ പോയ മുഖ്യ പദ്ധതിയാണ് വീട്ടമ്മമാർക്കുള്ള പെൻഷൻ. എൽഡിഎഫ് പ്രകടന പത്രികയിലെ മുഖ്യ വാഗ്ദാനമായിരുന്നു ഇത്. ഏറെ കാലതാമസം എടുക്കുന്ന പദ്ധതിയായതിനാൽ ആദ്യ ബജറ്റിൽ തന്നെ പ്രഖ്യാപിക്കുമെന്നു കാത്തിരുന്നവർ ഒട്ടേറെയാണ്. ഭക്ഷ്യക്കിറ്റ് വിതരണം തുടരുന്ന കാര്യത്തിലും വ്യക്തമായ നിർദേശങ്ങൾ ബജറ്റിലില്ല.
സ്മാർട് കിച്ചൻ ഓണത്തിനു മുൻപ്
തിരുവനന്തപുരം ∙ ഗാർഹിക ജോലികളിലെ കാഠിന്യം കുറയ്ക്കാൻ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സ്മാർട് കിച്ചൻ പദ്ധതി ഓണത്തിനു മുൻപ് നടപ്പാക്കും. പ്രാരംഭ ഘട്ടത്തിന് 5 കോടി രൂപ വകയിരുത്തി. കെഎസ്എഫ്ഇയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. അടുക്കള ജോലികൾ എളുപ്പമാക്കാനുള്ള ആധുനിക ഗൃഹോപകരണങ്ങൾ വാങ്ങാൻ പലിശരഹിത വായ്പ നൽകുന്നതിനാണു പദ്ധതി.
പലിശ സബ്സിഡിയായി കെഎസ്എഫ്ഇക്ക് നൽകുമെന്നും പദ്ധതിക്ക് അന്തിമ രൂപം നൽകാൻ ചീഫ് സെക്രട്ടറി, തദ്ദേശ ഭരണ സെക്രട്ടറി, വനിതാ ശിശുക്ഷേമ സെക്രട്ടറി എന്നിവരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ മനോരമയോട് പറഞ്ഞു.
പ്രത്യേകതകൾ; നിർദേശങ്ങൾ
∙ പലിശയില്ല
∙ ഈട് വേണ്ട
∙ മുതൽ മാത്രം തിരിച്ചടച്ചാൽ മതി
∙ അപേക്ഷ നൽകി 48 മണിക്കൂറിനകം വായ്പ
∙ 2000 രൂപ മുതൽ അടുക്കള ഉപകരണങ്ങൾ വാങ്ങാം. പരിധി ഉടൻ തീരുമാനിക്കും
∙ തിരിച്ചടവു കാലാവധി ഒന്നു മുതൽ 5 വർഷം വരെ
∙ വീട്ടമ്മമാർക്ക് ബാങ്ക് അക്കൗണ്ട് നിർബന്ധം
നടപടിക്രമങ്ങൾ
∙ അടുക്കള ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിൽ നിന്ന് വാങ്ങുന്ന ഉപകരണങ്ങളുടെ പട്ടിക, വില എന്നിവ ഉൾപ്പെടുന്ന ക്വട്ടേഷൻ വാങ്ങി ഏറ്റവും അടുത്തുള്ള കെഎസ്എഫ്ഇ ശാഖയിൽ എത്തിക്കണം.
∙ കെഎസ്എഫ്ഇ നിശ്ചയിച്ച വിലയുമായി ഇതു താരതമ്യം ചെയ്യും. ശേഷം വായ്പ തുകയുടെ ചെക്ക്, വാങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തിന് കെഎസ്എഫ്ഇ നേരിട്ട് നൽകും.
∙ വീട്ടമ്മമാർക്ക് ഈ സ്ഥാപനത്തിലെത്തി ഉപകരണങ്ങൾ വാങ്ങാം.
English Summary: Kerala revised budget highlights