ADVERTISEMENT

കട്ടപ്പന ∙ ആഭ്യന്തര വിപണിയിൽ ആവശ്യം വർധിച്ചതും ഇറക്കുമതിയിൽ ഉണ്ടായ കുറവും മൂലം കുരുമുളക് വില 400 രൂപ കടന്നു. 2015ൽ കിലോഗ്രാമിന് 730 രൂപ വിലയുണ്ടായിരുന്ന കുരുമുളകിന്റെ വില ഓരോ വർഷവും ഇടിയുന്ന സാഹചര്യമായിരുന്നെങ്കിലും ഇപ്പോൾ വില ഉയർന്നത് പ്രതീക്ഷയ്ക്കു വക നൽകുന്നു. ഏതാനും വർഷങ്ങൾക്കു ശേഷമാണ് കുരുമുളക് വില 400 രൂപ കടന്നത്. ഗുണമേന്മയനുസരിച്ച് 400 മുതൽ 410 രൂപ വരെയാണ് ഒരു കിലോഗ്രാം കുരുമുളകിന്റെ നിലവിലെ വില.

270 മുതൽ 350 രൂപ വരെയായിരുന്നു ഏതാനും വർഷങ്ങളായുള്ള കുരുമുളകിന്റെ ശരാശരി വില. 2013ൽ 400 രൂപയിലെത്തിയ കുരുമുളക് വില പിന്നീട് ഉയർന്നാണ് 730ൽ എത്തിയത്. അതിനുശേഷം വേഗത്തിൽ ഇടിഞ്ഞ് 270 രൂപ വരെ താഴ്ന്നു.

വിയറ്റ്നാം ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് കുരുമുളക് ഇറക്കുമതി ചെയ്യുന്നതും കള്ളക്കടത്തുമാണ് തദ്ദേശീയമായി ഉൽപാദിപ്പിക്കുന്ന കുരുമുളകിന്റെ വിലയിടിവിനു കാരണമെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇറക്കുമതി ചെയ്യുന്ന കുരുമുളകിന് 500 രൂപ തറവില നിശ്ചയിച്ചിരുന്നെങ്കിലും തദ്ദേശീയമായ കുരുമുളകിന്റെ വില ഉയർന്നില്ല.

മുംബൈ, കൊൽക്കത്ത, ഡൽഹി തുടങ്ങിയ നഗരങ്ങളാണ് കുരുമുളകിന്റെ പ്രധാന ആഭ്യന്തര വിപണികൾ. കർണാടകയിൽ നിന്നുള്ള വലുപ്പം കൂടിയ കുരുമുളകിന് വിപണികളിൽ പ്രിയമേറിയതും കേരളത്തിനു തിരിച്ചടിയാകാൻ കാരണമായതായി വിലയിരുത്തലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com