ADVERTISEMENT

തിരുവനന്തപുരം ∙ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി തരണം ചെയ്യാൻ 20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജുമായി ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ കന്നിബജറ്റ്. പുതിയ നികുതികളില്ല. അവ കോവിഡ് പ്രതിസന്ധി ഒഴിഞ്ഞ ശേഷം നടപ്പാക്കും. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാനുള്ള 2800 കോടി രൂപ കോവിഡ് പാക്കേജിൽ ഉണ്ട്.

ഉപജീവനം പ്രതിസന്ധിയിലായവർക്കു നേരിട്ടു വരുമാനം ഉറപ്പാക്കാൻ 8900 കോടി പ്രഖ്യാപിച്ച മന്ത്രി, അതു പക്ഷേ പണം അക്കൗണ്ടിൽ ഇട്ടു കൊടുക്കൽ അല്ലെന്നു പിന്നീടു വ്യക്തമാക്കി. 18 വയസ്സിനു മുകളിലുളളവർക്കു സൗജന്യ വാക്സീൻ നൽകാൻ 1000 കോടിയും അനുബന്ധ ഉപകരണങ്ങൾക്കായി 500 കോടിയും ഉണ്ട്. ജനുവരിയിൽ അന്നത്തെ മന്ത്രി തോമസ് ഐസക് അവതരിപ്പിച്ച 2021–22 ബജറ്റിലെ പദ്ധതികളെല്ലാം നിലനിർത്തിയാണ് പുതുക്കിയ ബജറ്റ്. 

പ്രധാന പ്രഖ്യാപനങ്ങൾ

∙ തീരമേഖലയിൽ 4 വർഷം കൊണ്ട് 11,000 കോടിയുടെ വികസന പദ്ധതികൾ. തീരസംരക്ഷണം, തീരദേശ ഹൈവേ, വേ-സൈഡ് സൗകര്യ പദ്ധതി എന്നിവ അടങ്ങുന്ന വികസന പാക്കേജ്. 

∙ സാമ്പത്തിക പുനരുജ്ജീവനത്തിനു വായ്പകൾ, പലിശ സബ്സിഡി എന്നിവയ്ക്കായി 8300 കോടി. 

∙ കാർഷിക, വ്യാവസായിക, സേവന മേഖലകളിൽ പുതിയ സംരംഭങ്ങൾ തുടങ്ങാനും പുനരുജ്ജീവിപ്പിക്കാനും വാണിജ്യ ആവശ്യങ്ങൾക്കും കുറഞ്ഞ പലിശ നിരക്കിൽ 1600 കോടിയുടെ വായ്പ. 

∙ റബർ സബ്സിഡി കുടിശിക തീർക്കാൻ 50 കോടി. തോട്ടവിള വൈവിധ്യവൽകരണത്തിനു 2 കോടി. 

∙ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് ബാങ്ക് വഴി കുറഞ്ഞ നിരക്കിൽ 1000 കോടി വായ്പ. 5 ലക്ഷം വരെ വായ്പ‌യ്ക്കു 4% പലിശ. പലിശ ഇളവിനു 100 കോടി. 

∙ 10,000 ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും 5000 ഇലക്ട്രിക് ഓട്ടോറിക്ഷകളും വാങ്ങാൻ ധന സ്ഥാപനങ്ങൾ വഴി 200 കോടി വായ്പ. പലിശ ഇളവിന് 15 കോ‌ടി. 

∙ ഗാർഹിക ജോലികളിലെ കാഠിന്യം കുറയ്ക്കുന്ന സ്മാർട് കിച്ചൻ പദ്ധതിയുടെ പ്രാരംഭത്തിന് 5 കോടി. 

∙ ചെറുകിട-ഇടത്തരം സംരംഭങ്ങളുടെയും സ്റ്റാർട്ടപ്പുകളടെയും വളർച്ചയ്ക്കായി 100 കോടി രൂപ കോർപസ് ഉള്ള വെൻച്വർ കാപ്പിറ്റൽ ഫണ്ട്

∙ പ്രാഥമിക സഹകരണ സംഘങ്ങളെയും വാണിജ്യ ബാങ്കുകളെയും ഉപ‌യോഗപ്പെടുത്തി സാമ്പത്തിക പുനരുജ്ജീവന വായ്പാ പദ്ധതി. പലിശയുടെ ഒരു ഭാഗം സർക്കാർ വഹിക്കും. 

∙ പ്രാഥമിക സഹകരണ സംഘങ്ങൾക്കു 4% പലിശയ്ക്കു നബാർഡിൽ നിന്നുള്ള പശ്ചാത്തല സൗകര്യ പുനർ വായ്പ കേരള ബാങ്ക് മുഖേന ലഭ്യമാക്കും. 2000 കോടിയുടെ വായ്പ ലക്ഷ്യം. 

∙ വിനോദസഞ്ചാര പുനരുജ്ജീവന പാക്കേജിനു സർക്കാർ വിഹിതം 30 കോടി. 

∙ ടൂറിസം മേഖലയിൽ കൂടുതൽ പ്രവർത്തന മൂലധനത്തിനു കെഎഫ്സി വഴി 400 കോടി വായ്പ. 

∙ എല്ലാ വില്ലേജ് ഓഫിസുകളും സേവനങ്ങളും സ്മാർട് ആക്കും. 

∙ അതിദാരിദ്ര്യ ലഘൂകരണ പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് 10 കോടി. 

∙ കെഎസ്ആർടിസി ഡീസൽ ബസുകൾ സിഎൻജിയിലേക്കു മാറ്റാൻ 100 കോടി. ഹൈഡ്രജൻ ഇന്ധനമായി 10 പുതിയ ബസുകൾക്കു 10 കോടി 

∙ നൈപുണ്യ നവീകരണ പ്രോത്സാഹനം, സാങ്കേതിക പരിവർത്തനം, ഉന്നത വിദ്യാഭ്യാസം ശക്തമാക്കൽ എന്നിവയ്ക്കുള്ള തുക 300 കോടിയാക്കി. 

∙ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് അടിസ്ഥാന സൗകര്യത്തിന് 10 കോടി രൂപ. 

∙ മൂല്യവർധിത പാൽ ഉൽപന്നങ്ങളുടെ ഫാക്ടറി തുടങ്ങാൻ 10 കോടി. 

∙ കാർഷിക ഉൽപന്നങ്ങളുടെ വിപണനത്തിനു വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സേവന ശൃംഖലയ്ക്കു 10 കോടി. 2 ജില്ലകളിൽ പൈലറ്റ് പദ്ധതി. 

ഐസലേഷൻ ബ്ലോക്ക്, ഓക്സിജൻ പ്ലാന്റ്, വാക്സീൻ 

∙ പകർച്ചവ്യാധികൾ കൈകാര്യം ചെയ്യുന്നതിന് എല്ലാ മെഡിക്കൽ കോളജുകളിലും പ്രത്യേക ബ്ലോക്ക്. തിരുവനന്തപുരത്തും കോഴിക്കോട്ടും ഐസലേഷൻ ബ്ലോക്കിന് 50 കോടി 

∙ ജില്ലാ ആശുപത്രികളിലും തിരഞ്ഞെടുത്ത ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും പീഡിയാട്രിക് ഐസിയു വാർഡുകൾ. പ്രാരംഭ ഘട്ടത്തിന് 25 കോടി 

∙ 150 ടൺ ശേഷിയുളള ലിക്വിഡ് മെഡിക്കൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും. വിശദ പ്രോജക്ട് റിപ്പോർട്ട് തയാറാക്കുന്നതിനും പ്രാരംഭ ചെലവിനും 25 ലക്ഷം. 

∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ വാക്സീൻ ഗവേഷണം. വാക്സീൻ ഉൽപാദകരുമായി ചേർന്നു നിർമാണ യൂണിറ്റ് സ്ഥാപിക്കാൻ 10 കോടി. 

∙ കുടുംബാരോഗ്യ ഉപകേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ ശക്തമാക്കാൻ വർഷം 559 കോടി. 

∙ സിഎച്ച്സി, താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിൽ 10 ബെഡ് വീതമുളള ഐസലേഷൻ വാർഡുകൾക്ക് 636.5 കോടി. 

പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും കോവിഡാനന്തര ചികിത്സയ്ക്കും ആയുഷ് വകുപ്പ് വഴി ഔഷധങ്ങൾ ലഭ്യമാക്കുന്നതിന് 20 കോടി. 

English Summary: Special Covid Package in Kerala - Budget Highlights
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com