ADVERTISEMENT

തിരുവനന്തപുരം ∙ 18നും 44നും മധ്യേ പ്രായമുള്ളവർക്ക് കോവിഡ് വാക്സീൻ സൗജന്യമായി നൽകുന്നതിന് 1,000 കോടി രൂപയും സിറിഞ്ചും ഗ്ലൗസും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 500 കോടി രൂപയും വകയിരുത്തി.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ (ഐഎവി) വാക്സീൻ ഗവേഷണം ആരംഭിക്കും. ഐഎവിയുടെ നേതൃത്വത്തിൽ ലൈഫ് സയൻസ് പാർക്കിൽ വാക്സീൻ ഉൽപാദക കമ്പനികളുടെ യൂണിറ്റ് ആരംഭിക്കുന്നതിനായി 10 കോടി രൂപ നീക്കിവച്ചു.

ശാസ്ത്ര-ഗവേഷണ സ്ഥാപനങ്ങളായ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി, വിഎസ്എസ്‌സി, ഇലക്ട്രോണിക്സ് റീജനൽ ടെസ്റ്റ് ലബോറട്ടറി, സർവകലാശാലകൾ, മറ്റു ഗവേഷണ സ്ഥാപനങ്ങൾ എന്നിവയെ ചേർത്ത് മെഡിക്കൽ ഉൽപന്നങ്ങളും ഉപകരണങ്ങളും നിർമിക്കുന്നതിനുള്ള പ്രാരംഭ ചെലവുകൾക്കു 10 കോടി രൂപ വകയിരുത്തി.

കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട മനുഷ്യ വിഭവ ആസൂത്രണവും നടപടികളും ആരോഗ്യ പ്രവർത്തകരിൽ മാത്രമായി ചുരുക്കില്ല. മുന്നണിപ്പോരാളികളായ പൊലീസ്, തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാർ, പൊതുവിതരണ രംഗത്തുള്ളവർ, ജനപ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ ആരോഗ്യ രക്ഷ, വിശ്രമം, ക്ഷേമം എന്നിവ പ്രത്യേകം ശ്രദ്ധിക്കും.

വേണ്ടത് 3 കോടി ഡോസ്

തിരുവനന്തപുരം ∙ 18നും 44 ഇടയിലുള്ള 1.50 കോടി പേ‍ർക്കായി വേണ്ടത് 3 കോടി ഡോസ് വാക്സീൻ. കോവിഷീൽഡ് വാക്സീൻ 300 രൂപയ്ക്കു ലഭിക്കുമെന്ന കണക്കിലാണു നേരത്തേ 1000 കോടി രൂപ നിശ്ചയിച്ചത്. കോവാക്സിൻ വില 400 രൂപയാണ്.

ഇന്ത്യയിൽ ഉപയോഗിക്കാൻ കേന്ദ്രം അനുവദിച്ച സ്പുട്നിക് വാക്സീൻ ഒരു ഡോസിനു 999 രൂപയാണു കമ്പനി നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനങ്ങൾക്ക് എത്ര തുകയ്ക്കു ലഭ്യമാക്കുമെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി 70 ലക്ഷം ഡോസ് കോവിഷീൽഡും 30 ലക്ഷം കോവാക്‌സിനുമാണ് ഓർഡർ നൽകിയെങ്കിലും 15 ലക്ഷം ഡോസാണു ലഭിച്ചത്. ഇത് ഉപയോഗിച്ചു 2.77% പേർക്ക് ഇതു വരെ വാക്സീൻ നൽകി.

വാക്സീൻ വാങ്ങുന്നതിന് കേരളവും ആഗോള ടെൻഡർ ക്ഷണിച്ചെങ്കിലും കമ്പനികൾ രംഗത്തു വന്നില്ല. ഇന്ത്യയിൽ വാക്സീൻ ഇറക്കുമതി ചെയ്യുന്നതിനു കേന്ദ്ര നയങ്ങൾ അനുകൂലമല്ലാത്തതാണു കാരണം. കഴിഞ്ഞ ദിവസം കേന്ദ്രം ഇളവുകൾ പ്രഖ്യാപിച്ചതിനാൽ ടെൻഡർ നൽകാനുള്ള സമയം 7 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.

ഐസലേഷൻ വാർഡിനായി ലഭിക്കുക 3 കോടി രൂപ വീതം

തിരുവനന്തപുരം ∙ എല്ലാ സിഎച്ച്സി, താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിലും പകർച്ചവ്യാധികൾ നേരിടാൻ 10 കിടക്കകൾ ഉള്ള ഐസലേഷൻ വാർഡുകൾ നിർമിക്കും. ഒരു കേന്ദ്രത്തിന് ഏകദേശം 3 കോടി രൂപ നിരക്കിൽ ലഭിക്കും. ബജറ്റിൽ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജിലെ ആരോഗ്യ അടിയന്തരാവസ്ഥ നേരിടാനുള്ള പദ്ധതിയിലാണ് ഇത് ഉൾപ്പെടുക. ഈ പദ്ധതി പ്രകാരം വകയിരുത്തിയത്:

താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിൽ നിലവിലുള്ള ഓട്ടോക്ലേവ് റൂം അണുവിമുക്ത കേന്ദ്രങ്ങളായി (സി‌എസ്‌എസ്ഡി) മാറ്റാൻ– 18.75 കോടി

150 ടൺ ശേഷിയുളള ലിക്വിഡ് മെഡിക്കൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാൻ പ്രാരംഭ തുക –25 ലക്ഷം രൂപ

യുഎസിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ മാതൃകയിൽ പുതിയ സ്ഥാപനം തുടങ്ങാനുള്ള പദ്ധതി രൂപരേഖ തയാറാക്കാൻ–50 ലക്ഷം രൂപ

പ്രതിരോധശേഷി വർധിപ്പിക്കാനും കോവിഡാനന്തര ചികിത്സകൾക്കും ആയുഷ് വകുപ്പുകൾ വഴി മരുന്നുകൾ ലഭ്യമാക്കാൻ–20 കോടി.

English Summary: 1000 crores for covid vaccine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com