സർക്യൂട്ട് നിറയെ കാഴ്ചകൾ
Mail This Article
തിരുവനന്തപുരം ∙ കോവിഡിൽ തകർന്ന ടൂറിസം മേഖലയുടെ പ്രചാരണത്തിന് നിലവിലുള്ള 100 കോടി രൂപയ്ക്കു പുറമേ 50 കോടി കൂടി അനുവദിച്ചു. മേഖലയിൽ കൂടുതൽ പ്രവർത്തന മൂലധനം ലഭ്യമാക്കുന്നതിനായി കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്സി) 400 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. പ്രതിസന്ധിയിലായ സംരംഭങ്ങൾക്കായി പുനരുജ്ജീവന പാക്കേജിനു 30 കോടി വകയിരുത്തി.
∙ വെള്ളത്തിലും കരയിലും സഞ്ചരിക്കുന്ന ആംഫിബിയൻ വാഹന സൗകര്യം ലഭ്യമാക്കാൻ 5 കോടി. ആദ്യ ഘട്ടം കൊല്ലം, കൊച്ചി, തലശ്ശേരി എന്നിവിടങ്ങളിൽ.
∙ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാൻ 2 ടൂറിസം സർക്യൂട്ടുകൾക്കായി 50 കോടി.
മലബാർ ലിറ്റററി സർക്യൂട്ട്: തുഞ്ചത്ത് എഴുത്തച്ഛൻ, വൈക്കം മുഹമ്മദ് ബഷീർ, ഒ.വി.വിജയൻ, എം.ടി.വാസുദേവൻ നായർ എന്നിവരിലൂടെ പ്രശസ്തി നേടിയ തുഞ്ചൻ സ്മാരകം, ബേപ്പൂർ, തസ്രാക്ക്, ഭാരതപ്പുഴയുടെ തീരങ്ങൾ, പൊന്നാനി, തൃത്താല എന്നീ സ്ഥലങ്ങളെ കോർത്തിണക്കിയുളള ടൂറിസം സർക്യൂട്ട്.
ബയോ ഡൈവേഴ്സിറ്റി സർക്യൂട്ട്: കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായൽ, മൺറോതുരുത്ത്, കൊട്ടാരക്കര, മീൻപിടിപ്പാറ, മുട്ടറമരുതിമല, ജടായുപ്പാറ, തെന്മല, അച്ചൻകോവിൽ എന്നീ പ്രദേശങ്ങളെ ഉൾപ്പെടുത്തും.
ആ വായ്പ പോലെയാകുമോ ഇതും?
കോവിഡിനെത്തുടർന്നു പ്രതിസന്ധിയിലായ ടൂറിസം മേഖലയ്ക്കു സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 455 കോടിയുടെ വായ്പാപദ്ധതി പോലെയാകുമോ ഇത്തവണത്തെ പദ്ധതിയുമെന്ന ആശങ്ക സംരംഭകർക്കും തൊഴിലാളികൾക്കുമുണ്ട്. പദ്ധതിയിൽ ഇതുവരെ വായ്പ ലഭിച്ചത് അൻപതോളം പേർക്കു മാത്രമാണ്. ബാങ്കുകൾ വായ്പ നൽകുന്നില്ലെന്ന പരാതിയെത്തുടർന്നു സർക്കാർ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നു സംരംഭകർ പറയുന്നു.
ടൂറിസം മേഖലയിലെ 5000 സംരംഭകർക്കു 355 കോടിയും തൊഴിലാളികൾക്കു 100 കോടിയും വായ്പ നൽകാനായിരുന്നു പദ്ധതി. ടൂറിസം സംരംഭങ്ങൾ പ്രതിസന്ധിയിലായതിനാൽ തിരിച്ചടവ് മുടങ്ങുമെന്ന ആശങ്ക മൂലം സർക്കാർ നിർദേശിച്ചിട്ടും ബാങ്കുകൾ വായ്പ നൽകാൻ തയാറാകുന്നില്ലെന്നാണ് സംരംഭകരുടെ പരാതി. ജോലി നഷ്ടമായ തൊഴിലാളികൾക്കായി ബജറ്റിൽ ആനുകൂല്യങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്നും പരാതിയുണ്ട്.
English Summary: Kerala budget allocations for tourism sector