ADVERTISEMENT

തിരുവനന്തപുരം/കൊച്ചി ∙ കേരള ഫിനാൻഷ്യൽ കോർപറേഷന്റെ (കെഎഫ്സി) വായ്പകൾ 10,000 കോടിയിലെത്തിക്കുമെന്ന ബജറ്റ് പ്രഖ്യാപനം സ്ഥാപനത്തെ മുൻനിര‍ വായ്പാ കേന്ദ്രമായി മാറ്റും. ചെറുകിട വ്യവസായങ്ങൾക്കുള്ള ധനസ്ഥാപനമെന്നതിനപ്പുറം വൻകിട വ്യവസായങ്ങൾക്കും അടിസ്ഥാന സൗകര്യമേഖലയ്ക്കും സഹായം നൽകുന്ന നിലയിലേക്കു കെഎഫ്സി ഉയരും.

കെഎഫ്സി കഴിഞ്ഞ വർഷം 4700 കോടി വായ്പയിലേക്കു വളർന്നിട്ടുണ്ട്. 5 വർഷം കൊണ്ട് ഇതു 10,000 കോടിയാക്കും.

കോവിഡിൽ പ്രതിസന്ധിയിലായ ടൂറിസം, ചെറുകിട വ്യവസായ മേഖലയിലുള്ളവർക്ക് 20 % അധികവായ്പ നൽകും. മുൻപ് 20 % അധിക വായ്പ വാങ്ങിയവർക്കും ഇതു ലഭിക്കും. ഇതോടെ ആകെ അധികവായ്പ 40 ശതമാനമാകും. 500 കോടി ഇതിനായി മാറ്റിവയ്ക്കും. വായ്പത്തുക തിരിച്ചടയ്ക്കാൻ ഒരു വർഷം വരെ മൊറട്ടോറിയം അനുവദിക്കും.

കോവിഡ് വ്യാപനം തടയാനും ബാധിതർക്ക് ആശ്വാസം നൽകാനും സഹായിക്കുന്ന ഉൽപന്നങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾക്ക് 50 ലക്ഷം രൂപ വരെ 7% പലിശയ്ക്ക് ഉദാര വ്യവസ്ഥകളോടെ വായ്പ നൽകും. 

ഓക്സിജൻ സിലിണ്ടർ, ഓക്സിജൻ ജനറേറ്റർ, ഓക്സിജൻ കോൺസൻട്രേറ്റർ, ലിക്വിഡ് ഓക്സിജൻ, വെന്റിലേറ്റർ, പൾസ് ഓക്സിമീറ്റർ, പോർട്ടബ്ൾ എക്സ്റേ മെഷീൻ തുടങ്ങിയവ നിർമിക്കുന്നവർക്കാണു വായ്പ.

മരാമത്ത് കരാറുകാർക്കു വായ്പത്തുക 20 കോടി വരെ എന്ന പരിധി മാറ്റുന്നതോടെ കെഎഫ്സി വായ്പയെടുത്ത് വൻകിട കരാറുകളിൽ ഏർപ്പെടാൻ പ്രാദേശിക കരാറുകാർക്കു കഴിയും. പക്ഷേ, വൻ സംരംഭങ്ങൾക്കു വലിയ വായ്പ നൽകാൻ സർക്കാർ പ്രത്യേകാനുമതി നൽകേണ്ടി വരും.

വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ട് 100 കോടി

തിരുവനന്തപുരം ∙ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും അതിവേഗ വളർച്ചയെ സഹായിക്കുന്നതിന് 100 കോടി രൂപ കോർപസ് ഉള്ള വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ട് സ്ഥാപിക്കും. ഇതിന്റെ പ്രാരംഭ ചെലവുകൾക്ക് ഒരു കോടി അനുവദിച്ചു. 

കെഎഫ്സി, കെഎസ്എഫ്ഇ., കെഎസ്ഐഡിസി, കേരള സംസ്ഥാന സഹകരണ ബാങ്ക്, വാണിജ്യ ബാങ്കുകൾ എന്നിവയുടെ പങ്കാളിത്തത്തോടെയും വിദേശ മലയാളികളുടെ നിക്ഷേപത്തിലൂടെയും ഫണ്ട് സമാഹരിക്കും.  ഈ ഫണ്ട് കൈകാര്യം ചെയ്യുന്നതിന് വെഞ്ച്വർ ക്യാപ്പിറ്റൽ മേഖലയിലെ പരിചയസമ്പന്നരെ ഉൾപ്പെടുത്തി പ്രഫഷനൽ മാനേജ്മെന്റ് ടീമിന് രൂപം നൽകും. 

വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ട് 

സാമ്പത്തികമായി മുന്നേറ്റമുണ്ടാക്കാൻ സാധ്യതയുള്ളതും മികച്ച ആശയത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതുമായ സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിനാണ് ഇൗ ഫണ്ട്. സ്റ്റാർട്ടപ് വളരുന്നതിനനുസരിച്ച് ലാഭവിഹിതം നിക്ഷേപകരായ സർക്കാർ ഏജൻസികൾക്കും ലഭിക്കും. മികച്ച സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുക്കുക എന്നതാണ് നിർണായകം. മികവിനു പകരം രാഷ്ട്രീയ സ്വാധീനം നോക്കി സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുത്താൽ പദ്ധതി പൊളിയും. 

മൊബൈൽ മാവേലി സ്റ്റോർ നാടെങ്ങുമെത്തും

തിരുവനന്തപുരം ∙ വിലക്കയറ്റം നിയന്ത്രിക്കാൻ, സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് പ്രഖ്യാപനം. സിവിൽ സപ്ലൈസ് കോർപറേഷനെയും കൺസ്യൂമർഫെഡിനെയും ശക്തിപ്പെടുത്തും. ഉത്സവകാലത്തെ വിപണി ഇടപെടലിന് സഹകരണസംഘങ്ങളുടെ ശൃംഖലയെ ഉപയോഗപ്പെടുത്തും.

‘ഇ–ഓഫിസ് ’ കാലം

എല്ലാ സർക്കാർ സേവനങ്ങളും ഓൺലൈനായി പൗരൻമാർക്കു ലഭ്യമാക്കാൻ വകുപ്പുകളെയെല്ലാം സജ്ജമാക്കുമെന്നു ബജറ്റ് പ്രഖ്യാപനം. ഒക്ടോബർ 2നു പദ്ധതി ആരംഭിക്കും.

Content Highlight: Kerala Budget 2.0

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com