ഡിജിറ്റൽ വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ പദ്ധതികൾ
Mail This Article
കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് സ്കൂൾ ഡിജിറ്റൽ വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള പദ്ധതികൾക്കു ബജറ്റിൽ ഊന്നൽ. വെർച്വൽ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി കുട്ടികൾക്കു സ്കൂൾ അന്തരീക്ഷത്തിൽ പഠനം സാധ്യമാക്കുന്ന ഓൺലൈൻ അധ്യയന സംവിധാനം സൃഷ്ടിക്കാൻ 10 കോടി രൂപ അനുവദിച്ചു.
∙ വീടുകളിൽ പഠനം നടത്തേണ്ടി വരുന്ന കുട്ടികളുടെ മാനസിക സംഘർഷം കുറയ്ക്കാനുള്ള മാർഗങ്ങളെക്കുറിച്ചു പഠിക്കാൻ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക വിദഗ്ധരടങ്ങുന്ന സമിതി. കൗൺസലിങ്ങിനു സ്ഥിരം സംവിധാനം.
∙ കുട്ടികൾക്കു കലാപരിശീലനം നൽകാനും പ്രദർശനത്തിനും വിക്ടേഴ്സ് വഴി സൗകര്യം.
∙ വിക്ടേഴ്സ് ചാനൽ വഴി യോഗ, മറ്റു വ്യായാമമുറകൾ എന്നിവ ഉൾക്കൊള്ളിച്ചു പ്രത്യേക ഫിസിക്കൽ എജ്യുക്കേഷൻ സെഷനുകൾ.
വീണ്ടും ലാപ്ടോപ് പ്രഖ്യാപനം
വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിനു 2 ലക്ഷം ലാപ്ടോപ്പുകൾ ലഭ്യമാക്കുന്നതിനുള്ള കെഎസ്എഫ്ഇ വിദ്യാശ്രീ പദ്ധതി സമയബന്ധിതമായി നടപ്പാക്കുമെന്നു ബജറ്റിൽ വീണ്ടും പ്രഖ്യാപിച്ചു. ഒരു കൊല്ലം മുൻപു പ്രഖ്യാപിച്ച പദ്ധതിയിൽ 5% പേർക്കു പോലും ലാപ്ടോപ് ലഭിച്ചിട്ടില്ല. 64,000 പേരാണ് അപേക്ഷിച്ചു കാത്തിരിക്കുന്നത്.
പ്രവാസികൾക്ക് 1000 കോടി വായ്പ
∙ തൊഴിൽ നഷ്ടപ്പെട്ടു മടങ്ങിയ പ്രവാസികൾക്കു സ്വയം തൊഴിൽ സംരംഭങ്ങൾക്കായി നോർക്ക സെൽഫ് എംപ്ലോയ്മെന്റ് സ്കീമിൽ വിവിധ ധനകാര്യ സ്ഥാപനങ്ങളിലൂടെ കുറഞ്ഞ പലിശയ്ക്ക് 1000 കോടി രൂപ വായ്പ. പലിശ ഇളവ് നൽകുന്നതിന് 25 കോടി രൂപ.
∙ പ്രവാസികളുടെ വിവിധ ക്ഷേമ പദ്ധതികൾക്കുളള ബജറ്റ് വിഹിതം 170 കോടി രൂപയായി.
∙ കോവിഡ് മൂലം മാതാപിതാക്കൾ മരിച്ച കുട്ടികളുടെ സംരക്ഷണ പാക്കേജിന് 5 കോടി രൂപ വകയിരുത്തി.
∙ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന അതിദാരിദ്ര്യ ലഘൂകരണ പദ്ധതിക്കായുള്ള പ്രാഥമിക ഫണ്ട് 10 കോടി രൂപ
∙ കേന്ദ്ര ആരോഗ്യ ഗ്രാന്റായി ലഭിക്കുന്ന 559 കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾക്കു നൽകും.
∙ കർഷകർക്കു മൂല്യവർധിത ഉൽപന്ന യൂണിറ്റുകൾ കുടുംബശ്രീയിലൂടെ ആരംഭിക്കാൻ 10 കോടി
∙ യുവതികളുടെ പ്രാതിനിധ്യം കുടുംബശ്രീയിൽ ഉറപ്പു വരുത്താൻ ഈ വർഷം 10,000 ഓക്സിലറി അയൽക്കൂട്ട യൂണിറ്റുകൾ.
∙ വിഷരഹിത നാടൻ പച്ചക്കറികളും പഴ വർഗങ്ങളും സംഭരിച്ച് കുടുംബശ്രീ സ്വയംസഹായ സംഘ സ്റ്റോറുകൾ മുഖേന വിപണനം നടത്തും. സ്റ്റോറുകൾ ആരംഭിക്കുന്നതിനും മറ്റും കേരള ബാങ്കിലൂടെ വായ്പ. തിരിച്ചടവിന് 2 – 3% വരെ സബ്സിഡി.
പട്ടിക വിഭാഗക്കാരിലെ 100 സംരംഭകർക്ക് 10 ലക്ഷം രൂപ വീതം
പട്ടിക ജാതി/ വർഗ വിഭാഗങ്ങൾക്കിടയിൽ നിന്നും തിരഞ്ഞെടുക്കുന്ന 100 പേർക്ക്, ഈ വർഷം 10 ലക്ഷം രൂപ വീതം സംരംഭകത്വ സഹായം നൽകും. കുറഞ്ഞ പലിശയ്ക്ക് വായ്‍പ സൗകര്യവും ഒരുക്കും. നിലവിലുളള സംരംഭകത്വ വികസന പരിപാടികൾക്കു പുറമേയാണിത്. 10 കോടി രൂപ വകയിരുത്തി.
∙ ജില്ലാ പഞ്ചായത്ത് തലത്തിൽ തുടങ്ങിവച്ച പ്രതിഭാ പിന്തുണ പരിപാടി വിപുലീകരിക്കും. കലാ സാംസ്കാരിക സാഹിത്യ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച പട്ടിക ജാതി/പട്ടിക വർഗക്കാരായ യുവതീ– യുവാക്കൾക്ക് ഒരുലക്ഷം രൂപ വീതം സഹായം നൽകും. 1500 പേർക്കാണു പ്രതിഭാ പിന്തുണ. ഇതിനു പുറമേ പലിശരഹിത വായ്പയും നൽകും. തദ്ദേശ സ്വയംഭരണ വകുപ്പും പട്ടിക ജാതി/പട്ടിക വർഗ വികസന വകുപ്പും ചേർന്നാണ് പദ്ധതി തയാറാക്കുക.
ഉന്നത വിദ്യാഭ്യാസം
ഉന്നത വിദ്യാഭ്യാസ സംവിധാനം പരിശോധിച്ച് പുനഃസംഘടിപ്പിക്കുന്നതിനു പ്രായോഗിക നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് 3 മാസത്തിനകം സമർപ്പിക്കാൻ ഉന്നതാധികാരമുള്ള കമ്മിഷനെ നിയോഗിക്കും.
സിനിമയ്ക്ക് അവഗണന
സിനിമ മേഖലയെ ഉത്തേജിപ്പിക്കാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്നു പുതിയ മന്ത്രി സജി ചെറിയാൻ സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ പറഞ്ഞിരുന്നെങ്കിലും ബജറ്റിൽ ഒന്നുമില്ല. ഒന്നര വർഷത്തോളമായി വരുമാനം നിലച്ച് പ്രതിസന്ധിയിലായ കലാകാരന്മാർക്കായി ആശ്വാസ പദ്ധതികളുമില്ല. കലാ–സാംസ്കാരിക മേഖലയ്ക്കായി പുതിയ ബജറ്റിൽ ആകെ ഉൾപ്പെടുത്തിയത് കെ.ആർ. ഗൗരിയമ്മയുടെയും ആർ. ബാലകൃഷ്ണ പിള്ളയുടെയും പേരിൽ സ്മാരകങ്ങളും എംജി യൂണിവേഴ്സിറ്റിയിൽ മാർ ക്രിസോസ്റ്റം ചെയറും മാത്രം.
English Summary: Project to encourage digital education