മരച്ചീനിയിൽ നിന്നു സ്പിരിറ്റ് പോലുള്ള സാധ്യതകൾ ചർച്ച ചെയ്യണം: ധനമന്ത്രി
Mail This Article
തിരുവനന്തപുരം ∙ മരച്ചീനിയിൽ നിന്നു സ്പിരിറ്റ് ഉൽപാദനം പോലെ പുതിയ സാധ്യതകൾ കേരളം ചർച്ച ചെയ്യേണ്ടതാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ‘സുഭിക്ഷ കേരളം’ പദ്ധതി മികച്ച രീതിയിൽ നടപ്പാക്കിയതോടെ കേരളത്തിൽ ഉൽപാദിപ്പിക്കുന്ന മരച്ചീനി തിന്നു തീർക്കാൻ പറ്റാതായി. 5 രൂപ പോലും മരച്ചീനിക്കു കിട്ടാത്ത സ്ഥിതിയുണ്ട്. മരച്ചീനിയിൽ നിന്നു സ്റ്റാർച്ച് ഉണ്ടാക്കുമായിരുന്നു. കരിമ്പിൽ നിന്നു മദ്യം ഉൽപാദിപ്പിക്കുന്ന ചിറ്റൂർ ഷുഗർ മിൽ ഇവിടെ ഉണ്ടായിരുന്നു. കേരളത്തിലേക്കു ലക്ഷക്കണക്കിനു ലീറ്റർ സ്പിരിറ്റ് ആണു വരുന്നത്. കർഷകനു കൂടുതൽ വരുമാനം ലഭിക്കാനുള്ള സാധ്യത തുറക്കുന്ന ചർച്ചയിലേക്കു കേരളം കടക്കണം– മനോരമ ഓൺലൈൻ ക്രോസ് ഫയറിൽ മന്ത്രി പറഞ്ഞു.
കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ചാൽ ഡിസംബറോടെ സാമ്പത്തിക രംഗത്തു കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. ടൂറിസം രംഗം സജീവമാകും. കാര്യമായ കടം നമുക്കുണ്ട്. പക്ഷേ അപകടത്തിലേക്കു പോയിട്ടില്ല. എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടിൽ നിന്നു കോവിഡ് കാര്യങ്ങൾക്കായി മൂന്നു കോടി വീതം ഉപയോഗിക്കാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ ധാരണ ആയിട്ടുണ്ട്. കേന്ദ്ര സ്കീമിൽ നിന്ന് 559 കോടി രൂപ ആശുപത്രികളുടെ സൗകര്യം കൂട്ടാനായി ലഭിക്കും. കേരളത്തെ സുരക്ഷിത ലക്ഷ്യസ്ഥാനമാക്കി മാറ്റിയാൽ സാമ്പത്തിക രംഗം സജീവമാകും.
തോട്ടം മേഖലയിൽ പഴവർഗ കൃഷി പരീക്ഷിക്കാൻ ഭൂപരിഷ്കരണ ഭേദഗതി വേണ്ടിവരുമെന്ന ചർച്ചകളോടു മന്ത്രി ഇങ്ങനെ പ്രതികരിച്ചു: തോട്ടവിള കൃഷി എന്നു പറഞ്ഞാൽ ഭൂപരിഷ്കരണ പരിധിയിൽ വരുന്ന 15 ഏക്കറിൽ കൂടുതൽ ഉള്ള തോട്ടങ്ങളിലെ കൃഷി എന്നു മാത്രമല്ല അർഥം. എനിക്കു കുറച്ചു റബറുണ്ട്. അത് ഈ പറയുന്ന പരിധിക്കു പുറത്തില്ല. നമുക്കു റബറും കാപ്പിയും തേയിലയും മാത്രം മതിയോ. വില കിട്ടുന്ന മറ്റൊരു തോട്ട വിള എന്റെ പുരയിടത്തിൽ കൃഷി ചെയ്താൽ എന്താണു കുഴപ്പം. അതാണു ചോദ്യം. സർക്കാരും സംവിധാനങ്ങളുമാണു മറുപടി നൽകേണ്ടത്.
നികുതി വരുമാനം കൂട്ടാൻ പാറ പൊട്ടിക്കലും മണൽ വാരലും നിർദേശിച്ചെങ്കിലും പരിസ്ഥിതി വിരുദ്ധമായി ഒന്നും ചെയ്യില്ല. മനുഷ്യനും പ്രകൃതിയും പരസ്പരം സംരക്ഷിച്ചു ജീവിക്കണം. എന്നു കരുതി മനുഷ്യന് ഒന്നിലും തൊടാതിരിക്കാൻ സാധിക്കില്ല. എൽഡിഎഫിന്റെ കാഴ്ചപ്പാടിൽ നിന്നു കൊണ്ടേ അക്കാര്യം ചെയ്യൂ.
കോവിഡ് കാലം കഴിയുമ്പോൾ നികുതി കൂട്ടുമെന്ന സൂചനയും മന്ത്രി നൽകി. ‘‘നികുതി കൂട്ടേണ്ട മേഖലകൾ തീരുമാനിച്ചിട്ടില്ല. സമ്പന്നരായ ജനങ്ങളും ദരിദ്രമായ ഭരണകൂടവും എന്ന നിലയിലേക്കു കാര്യങ്ങൾ മാറുന്നു. അക്കാര്യത്തിൽ നാടിനു വേണ്ടി ജനങ്ങൾ സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നാണു ഞാൻ കരുതുന്നത്. വരുമാനം കൂട്ടാൻ അങ്ങനെയുള്ള ചില മേഖലകൾ കണ്ടുപിടിക്കണ്ടി വരും’’–ബാലഗോപാൽ പറഞ്ഞു.
Content Highlight: KN Balagopal