ADVERTISEMENT

തിരുവനന്തപുരം ∙  തിരുവനന്തപുരം–കാസർകോട് വേഗ റെയിൽപാത (സിൽവർ‌ലൈൻ) പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കു മന്ത്രിസഭ അനുമതി നൽകി. ഭൂമി ഏറ്റെടുക്കാനുള്ള സംസ്ഥാന വിഹിതമായി 2100 കോടി രൂപ കിഫ്ബിയിൽ നിന്നു വായ്പ എടുക്കാനും ഭരണാനുമതിയായി. ഹഡ്കോയിൽ നിന്ന് 3000 കോടി രൂപ വായ്പയ്ക്ക് തത്വത്തിൽ ധാരണയായി. ഇതിന് സർക്കാരിന്റെ അനുമതി വേണം. 

പദ്ധതിയുടെ ആകെ ചെലവ് 64,000 കോടി രൂപയാണ്. 33,000 കോടി രൂപ വിദേശ വായ്പ വഴി ലഭ്യമാക്കാനാണ്  ഉദ്ദേശിക്കുന്നത്. വിദേശ വായ്പയ്ക്ക് അപേക്ഷിക്കാൻ കേന്ദ്ര ധന മന്ത്രാലയവും നിതി ആയോഗും റെയിൽവേ ബോർഡും നേരത്തേ അനുമതി നൽകിയിരുന്നു. ജപ്പാൻ ഇന്റർനാഷനൽ കോ ഓപ്പറേഷൻ ഏജൻസി (ജൈക്ക), ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക്, ജർമൻ വികസന ബാങ്ക് (കെഎഫ്ഡബ്ല്യു) എന്നിവയിൽ നിന്നായി 33,000 കോടി രൂപ വായ്പയെടുക്കാനാണ് ശ്രമം. 

വായ്പ ലഭിക്കണമെങ്കിൽ സ്ഥലമെടുപ്പ് 80% പൂർത്തിയാകണം. ഇതിനുള്ള ഭരണാനുമതി ഫെബ്രുവരിയിൽ സർക്കാരിന്റെ പരിഗണനയ്ക്കു വന്നിരുന്നെങ്കിലും പുതിയ സർക്കാർ വന്ന ശേഷം തീരുമാനിക്കാനായി മാറ്റി. 

നടപടികൾ ഇനിയും

11 ജില്ലകളിൽ ഭൂമി ഏറ്റെടുക്കാനുള്ള 11 ലാൻഡ് അക്വിസിഷൻ യൂണിറ്റുകൾ റവന്യു വകുപ്പ് രൂപീകരിക്കണം. ശേഷം എല്ലാ ജില്ലകളിലും പ്രത്യേക സാമൂഹികാഘാത പഠനം നടത്തണം. ജനങ്ങളുടെ ഹിയറിങ് നടത്തി പരാതികൾ പരിഹരിക്കണം. റിപ്പോർട്ട് പഠിക്കാൻ എല്ലാ ജില്ലകളിലും വിദഗ്ധസമിതിയെ നിയോഗിക്കണം. സമിതികളുടെ വിലയിരുത്തൽ കൂടി ഉൾപ്പെടുത്തിയ ശേഷം റിപ്പോർട്ടിന് സർക്കാർ അംഗീകാരം നൽകണം. ഇതിനു ശേഷം ഏറ്റെടുക്കേണ്ട ഭൂമിയുടെ സർവേ നടത്തി രേഖകൾ പരിശോധിക്കണം. തുടർന്ന് വില നിശ്ചയിക്കണം. ഒരു വർഷത്തിനകം ഇതെല്ലാം പൂർത്തിയാക്കാനാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. 

പ്രതിഷേധം വ്യാപകം

സ്ഥലമേറ്റെടുപ്പിനെതിരെ മിക്ക ജില്ലകളിലും പ്രതിഷേധമുയർന്നിട്ടുണ്ട്. ഹൈക്കോടതിയിൽ കേസുകളുമുണ്ട്. 

  കേന്ദ്ര സർക്കാരിന്റെ അന്തിമാനുമതിക്കു ശേഷം മാത്രമേ സ്ഥലമേറ്റെടുപ്പ് തുടങ്ങാവൂ എന്ന് ഹൈക്കോടതി ഉത്തരവുണ്ട്. 

പദ്ധതിക്കെതിരെ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നെങ്കിലും നിഷേധിച്ചു. 

  സർവകക്ഷിയോഗം വിളിച്ച് ആശങ്ക പരിഹരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. 

തെക്കു–വടക്ക് 4 മണിക്കൂർ

കാസർകോട് നിന്ന് തിരുവനന്തപുരം വരെ 4 മണിക്കൂർ കൊണ്ട് യാത്ര ചെയ്യാൻ ലക്ഷ്യമിടുന്നതാണ് സിൽ‌വർ‌ലൈൻ വേഗറെയിൽ പദ്ധതി. മൊത്തം 529 കിലോമീറ്റർ ദൂരമുണ്ടാകും. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗം. മൊത്തം 10 റെയിൽവേ സ്റ്റേഷനുകൾ. ചിലയിടത്ത് ഭൂഗർഭ റെയിൽവേ സ്റ്റേഷനായിരിക്കും. പാത കുറുകെ കടക്കാൻ ഓരോ 500 മീറ്ററിലും മേൽപാലമോ അടിപ്പാതയോ നിർമിക്കും. പദ്ധതി 5 വർഷത്തിനുള്ളിൽ യാഥാർഥ്യമായാൽ തുടക്കത്തിൽ പ്രതിദിനം 68,000 യാത്രക്കാരുണ്ടാകുമെന്നാണു വിലയിരുത്തൽ. ചരക്കുഗതാഗതത്തിന് റോറോ സർവീസുകളുണ്ടാകും. ഇതോടെ പ്രതിദിനം 500 ട്രക്കുകൾ റോഡിൽ കുറയുമെന്നാണു വിലയിരുത്തൽ.

English Summary: 2100 Crore for Vega rail

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com