തിരഞ്ഞെടുപ്പ് കോഴ; സുരേന്ദ്രനും ജാനുവിനും എതിരെ എഫ്ഐആർ
Mail This Article
ബത്തേരി ∙ തിരഞ്ഞെടുപ്പു കോഴയുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന അധ്യക്ഷ സി.കെ.ജാനു എന്നിവർക്കെതിരെ ബത്തേരി പൊലീസ് ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് (എഫ്ഐആർ) റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. എൻഡിഎ സ്ഥാനാർഥിയാകാൻ സി.കെ.ജാനുവിന് കെ.സുരേന്ദ്രൻ കോഴ നൽകിയെന്ന പരാതിയിലാണ് കേസ്.
ഇരുവർക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് കൽപറ്റ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയെ സമീപിക്കുകയും കേസെടുക്കാൻ കോടതി ഉത്തരവിടുകയുമായിരുന്നു. സുരേന്ദ്രൻ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്.
മാർച്ച് 7ന് തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ വച്ച് 10 ലക്ഷവും ഏപ്രിൽ 3ന് ബത്തേരിയിലെ ജെആർപിയുടെ ഓഫിസിൽ വച്ച് 40 ലക്ഷവും നൽകി എന്നാണു പരാതി. ഫോൺ സംഭാഷണങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. പരാതിക്കാരന്റെയും സാക്ഷികളുടെയും മൊഴികളാണ് ആദ്യം രേഖപ്പെടുത്തുകയെന്നു ബത്തേരി പൊലീസ് ഇൻസ്പെക്ടർ സുനിൽ പുളിക്കൽ പറഞ്ഞു.
English Summary: Case Registered Against K Surendran and C.K. Janu