എസ്ഐയുസി ഇതര ക്രിസ്ത്യൻ നാടാർ പിന്നാക്ക സമുദായ പട്ടികയിൽ
Mail This Article
തിരുവനന്തപുരം ∙ എസ്ഐയുസി ഇതര ക്രിസ്ത്യൻ നാടാർ സമുദായത്തെ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന സമുദായ പട്ടികയിൽ (എസ്ഇബിസി) ഉൾപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ ഈ സമുദായത്തിന് ഉന്നതവിദ്യാഭ്യാസ കോഴ്സുകൾക്കുള്ള അഡ്മിഷൻ, പ്രവേശന പരീക്ഷകൾ എന്നിവയിൽ എസ്ഇബിസി സംവരണം ലഭിക്കും. എംബിബിഎസ്, ബിഡിഎസ്, ബിടെക്, ബിഫാം, ബിഎസ്‌സി നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകൾ തുടങ്ങി എല്ലാ പ്രഫഷനൽ കോഴ്സുകളിലും ഇവർക്ക് എസ്‌ഇബിസി സീറ്റ് സംവരണം ഉണ്ടാകും. എന്നാൽ ഫീസ് ഇളവ് ഇല്ല.
ഇതിന് ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിച്ച് അടിയന്തരമായി നടപ്പാക്കാൻ പിന്നാക്കസമുദായ ക്ഷേമം, ഉന്നതവിദ്യാഭ്യാസം, ബന്ധപ്പെട്ട വകുപ്പുകൾ എന്നിവയ്ക്കു സർക്കാർ നിർദേശം നൽകും. സമയബന്ധിതമായി ഇക്കാര്യം പൂർത്തിയാക്കുന്നതിനു മേൽനോട്ടം വഹിക്കാൻ ചീഫ് സെക്രട്ടറിയെ മന്ത്രിസഭ ചുമതലപ്പെടുത്തി.
എസ്ഐയുസി ഇതര ക്രിസ്ത്യൻ നാടാർ സമുദായത്തെ നേരത്തേ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതോടെ ഇവർക്ക് ഉദ്യോഗ നിയമനത്തിൽ ഒബിസി സംവരണാനുകൂല്യം ലഭിക്കും. എൻജിനീയറിങ്, മെഡിക്കൽ, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ പ്രവേശന പരീക്ഷാ കമ്മിഷണർ അപേക്ഷ സ്വീകരിച്ചു വരികയാണ്. ഇതിന് അപേക്ഷിക്കുന്ന എസ്ഇബിസി വിദ്യാർഥികൾക്കു സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ ഇനിയും സമയമുണ്ട്. അതിനു മുൻപ് ഇതു സംബന്ധിച്ച ഉത്തരവുകൾ ഇറങ്ങിയേക്കും.
English Summary: Christian Nadar in backward caste