തിരഞ്ഞെടുപ്പ് കോഴക്കേസ്; സുന്ദരയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
Mail This Article
കാഞ്ഞങ്ങാട് ∙ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ.സുന്ദരയുടെയും മറ്റു പ്രധാന സാക്ഷികളുടെയും രഹസ്യമൊഴി രേഖപ്പെടുത്തും. ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ 29, 30 തീയതികളിലാണ് സാക്ഷികളോട് ഹാജരാക്കാൻ നിർദേശിച്ചിരിക്കുന്നത്. സാക്ഷികൾക്ക് തപാൽ മാർഗമാണ് നോട്ടിസ് അയച്ചിട്ടുള്ളത്. കേസിനാസ്പദമായ വെളിപ്പെടുത്തൽ നടത്തിയ സുന്ദരയോട് 29ന് ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്.
ഐപിസി 164 അനുസരിച്ചാണ് മജിസ്ട്രേട്ട് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. അന്വേഷണ സംഘത്തലവനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനു(സിജെഎം) ഹർജി നൽകിയപ്പോൾ സിജെഎം അതു തന്റെ കീഴിലുള്ള കോടതിയിലെ മജിസ്ട്രേട്ടിനെ മൊഴി രേഖപ്പെടുത്താനുള്ള ചുമതല ഏൽപിക്കുകയായിരുന്നു.
കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം തടയുന്നതിനാണ് അന്വേഷണ സംഘം രഹസ്യമൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നു പിന്മാറാൻ ബിജെപി നേതാക്കൾ രണ്ടര ലക്ഷം രൂപയും സ്മാർട് ഫോണും നൽകിയെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തൽ. തുടർന്നാണ് മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.വി.രമേശൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ പരാതി നൽകിയത്.
English Summary: Manjeswaram election scam investigation