നക്സൽ വർഗീസിന്റെ കൊലപാതകം: ജീവന്റെ വില നൽകി, ആരുമറിയാതെ
Mail This Article
കോഴിക്കോട് ∙ നക്സലൈറ്റ് നേതാവായിരുന്ന എ. വർഗീസിനെ 51 വർഷം മുൻപു വയനാട്ടിലെ തിരുനെല്ലിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വെടിവച്ചു കൊലപ്പെടുത്തിയതിനുള്ള നഷ്ടപരിഹാരമായി കുടുംബത്തിനു സംസ്ഥാന സർക്കാർ അനുവദിച്ച 50 ലക്ഷം രൂപ ആരെയുമറിയിക്കാതെ കൈമാറി. വയനാട് മാനന്തവാടി വെള്ളമുണ്ടയിലെ ബാങ്ക് അക്കൗണ്ടിൽ തുക എത്തിയ വിവരം വർഗീസിന്റെ സഹോദരങ്ങൾ അറിയുന്നത് ബാങ്കിൽനിന്നു വിളിച്ചു പറഞ്ഞപ്പോഴാണ്. പിന്നാലെ വീട്ടിൽ പൊലീസെത്തി നഷ്ടപരിഹാരത്തിനു രസീത് വാങ്ങി. സർക്കാരിൽനിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നുമുണ്ടായില്ല.
വർഗീസ് വധമുൾപ്പെടെയുള്ള പൊലീസിന്റെ ‘ഏറ്റുമുട്ടൽ കൊലപാതകങ്ങൾ’ പൊതുസമൂഹത്തിൽ വീണ്ടും ചർച്ചയാവുന്നത് ഒഴിവാക്കാനാണു നഷ്ടപരിഹാരക്കൈമാറ്റം സർക്കാർ നിശ്ശബ്ദമായി നടത്തിയതെന്നു ബന്ധുക്കൾ ആരോപിച്ചു. നേരത്തേ, ചാരക്കേസിൽ ഭരണകൂട ഭീകരതയ്ക്കിരയായെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഐഎസ്ആർഒയിലെ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചപ്പോൾ സെക്രട്ടേറിയറ്റിലെ പ്രത്യേക ചടങ്ങിൽ മുഖ്യമന്ത്രി നേരിട്ടു ചെക്ക് കൈമാറുകയായിരുന്നു. വർഗീസിന്റെ കാര്യത്തിലാവട്ടെ, നഷ്ടപരിഹാരത്തുക കൈമാറുന്നതു സംബന്ധിച്ചു സർക്കാരിൽനിന്നു പേരിനൊരു അറിയിപ്പു പോലും കിട്ടിയിട്ടില്ലെന്നു നിയമനടപടികൾക്കു നേതൃത്വം നൽകിയ അഭിഭാഷകനും വർഗീസിന്റെ സഹോദരപുത്രനുമായ എ. വർഗീസ് പറഞ്ഞു.
നമ്പി നാരായണനോടു കാണിച്ച മര്യാദ വർഗീസിനോടു കാണിക്കാത്തത് വിവേചനവും രാഷ്ട്രീയ പകപോക്കലുമാണെന്നും ബന്ധുക്കൾ പറയുന്നു. ‘‘വർഗീസിനെയും വർഗീസിന്റെ ഓർമകളെയും ഇടതുസർക്കാരും സിപിഎമ്മും ഇന്നും ഭയക്കുന്നു എന്നതിനു തെളിവാണിത്. വിപുലമായ ചടങ്ങുകൾ നടത്താൻ കോവിഡ് പ്രോട്ടോക്കോൾ തടസ്സമാണെങ്കിലും, സർക്കാരിന്റെ ഒരു പ്രതിനിധിയെ വീട്ടിലേക്കയച്ച് ഔദ്യോഗികമായി സന്ദേശം കൈമാറാൻ പോലും തയാറാകാതിരുന്നത് അപമര്യാദയും അനാദരവുമാണ്’’.
വെള്ളമുണ്ട ഒഴുക്കുമ്മൂലയിൽ വർഗീസിന്റെ പൈതൃകസ്വത്തായ 70 സെന്റും വീടും ഉപയോഗപ്പെടുത്തി ലെനിനിസ്റ്റ് ഗവേഷണ കേന്ദ്രവും മ്യൂസിയവും സ്ഥാപിക്കാൻ നഷ്ടപരിഹാരത്തുക വിനിയോഗിക്കുമെന്നു ബന്ധുക്കൾ നേരത്തേ വ്യക്തമാക്കിയിരുന്നു. വർഗീസിന്റെ ബന്ധുക്കളും സിപിഐ (എംഎൽ) റെഡ് ഫ്ലാഗ് (പി.സി. ഉണ്ണിച്ചെക്കൻ വിഭാഗം) സംസ്ഥാന നേതാക്കളുമടങ്ങിയ വർഗീസ് സ്മാരക ട്രസ്റ്റിനു കീഴിലാണ് ഇപ്പോൾ വീടും സ്ഥലവും.
English Summary: Compensation for naxal Varghese family