3 ദ്വീപുകളിലായി 806 കോടിയുടെ ടൂറിസം; സ്ഥലം 75 വർഷം പാട്ടത്തിന്, മാലദ്വീപ് മാതൃക
Mail This Article
കൊച്ചി ∙ ലക്ഷദ്വീപിലെ 3 ദ്വീപുകളിലായി 806 കോടിയുടെ കടൽത്തീര വിനോദസഞ്ചാര പദ്ധതി നടപ്പാക്കും. മാലദ്വീപ് മാതൃകയിൽ ബീച്ച് ടൂറിസം, ജലവിനോദങ്ങൾ എന്നിവയ്ക്കു പ്രാമുഖ്യം നൽകി റിസോർട്ടുകൾ നിർമിക്കാനാണു പദ്ധതി. കടമത്ത്, മിനിക്കോയ്, സുഹേലി എന്നീ ദ്വീപുകളിലെ റിസോർട്ടുകളിലായി മൊത്തം 370 വില്ലകളുണ്ടാകും. കോർപറേറ്റ് ഗ്രൂപ്പിനു സർക്കാർ സ്ഥലം 75 വർഷത്തേക്കു പാട്ടത്തിനു നൽകി പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ റിസോർട്ടുകൾ നിർമിക്കും. വിനോദസഞ്ചാരികളെ നേരിട്ടു റിസോർട്ടുകളിലെത്തിക്കാൻ സ്വകാര്യ ഹെലിപാഡുകളുൾപ്പെടെ നിർമിക്കും. നിതി ആയോഗിന്റെയും ലക്ഷദ്വീപ് ഭരണകൂടത്തിന്റെയും മേൽനോട്ടത്തിലുള്ള പദ്ധതികൾക്കു കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകി. കേന്ദ്ര ധനസെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് പദ്ധതി ആസൂത്രണം ചെയ്തു.
അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾ ദ്വീപിനെ ടൂറിസം കേന്ദ്രമാക്കാനാണെന്ന ആരോപണങ്ങളും ദ്വീപുവാസികളുടെ പ്രക്ഷോഭവും ശക്തിപ്പെടുന്നതിനിടെയാണു പദ്ധതികളുമായി കേന്ദ്രം മുന്നോട്ടു പോകുന്നത്. വാട്ടർ വില്ലകൾക്കായി 3 ദ്വീപുകളിലും 6 ഹെക്ടർ വീതം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ബീച്ച് വില്ലകൾ നിർമിക്കാൻ കടമത്തിൽ 5.55 ഹെക്ടർ, സുഹേലിയിൽ 3.82 ഹെക്ടർ, മിനിക്കോയിയിൽ രണ്ടിടത്തായി മൊത്തം 8.53 ഹെക്ടർ സർക്കാർ സ്ഥലം വീതം കണ്ടെത്തിക്കഴിഞ്ഞു. കടമത്തിൽ നിലവിലുള്ള ഐലൻഡ് ബീച്ച് റിസോർട്ടിനു സമീപത്തായാണു പുതിയ പദ്ധതി
പാട്ടഭൂമിയിൽ 3 വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി പദ്ധതി ആരംഭിക്കണമെന്നാണു വ്യവസ്ഥ. ആദ്യഘട്ടമായി 2019 ഒക്ടോബറിൽ യോഗ്യതാപത്രം ക്ഷണിച്ചെങ്കിലും അധികമാരും എത്തിയില്ല. സുഹേലി (4), കടമത്ത് (3), മിനിക്കോയി (2) എന്നിങ്ങനെയായിരുന്നു യോഗ്യതാപത്രം സമർപ്പിച്ച കോർപറേറ്റ് കമ്പനികൾ. കടമത്ത്, സുഹേലി ദ്വീപുകളിലെ പദ്ധതികൾക്കായി 2 വീതം കമ്പനികൾക്കു യോഗ്യതയുണ്ടെന്നു കണ്ടെത്തിയെങ്കിലും മിനിക്കോയിയിലേക്കു യോഗ്യതയുള്ള ആരെയും ലഭിച്ചില്ല. തുടർന്ന്, ചില ഇളവുകളോടെ ടെൻഡർ നടപടിക്രമങ്ങളിൽ കേന്ദ്ര സമിതി മാറ്റം വരുത്തി.
ലക്ഷദ്വീപിൽ ‘ഓലമടൽ സമരം’ നാളെ
കൊച്ചി∙ ലക്ഷദ്വീപിൽ നാളെ ‘ഓലമടൽ സമരം’. രാവിലെ 9 മുതൽ 10 വരെ സ്വന്തം പറമ്പിലെ തെങ്ങിൽ നിന്നുള്ള ഓലയിട്ട് അതിന്റെ മുകളിലിരുന്നു പ്ലക്കാർഡുയർത്തി പ്രതിഷേധിക്കാനാണ് ആഹ്വാനം. തെങ്ങിൽ നിന്നു പൊഴിയുന്ന ഓല കൂട്ടിയിട്ടാൽ വൻതുക പിഴയിടാനുള്ള ഭരണകൂടത്തിന്റെ ഉത്തരവിൽ പ്രതിഷേധിച്ചാണു സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ പുതിയ സമരമുറ പരീക്ഷിക്കുന്നത്. ചവറു സംസ്കരണത്തിന് സംവിധാനമൊരുക്കണമെന്നും പിഴയീടാക്കുന്നതു നിർത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉയർത്തിയാണു പൊതുജന പങ്കാളിത്തത്തോടെ എല്ലാ ദ്വീപുകളിലും ഒരേ സമയം സമരം നടത്തുന്നത്.
അതേസമയം, ലക്ഷദ്വീപിൽ പട്ടിണിയോ ദ്വീപുവാസികൾക്കു കോവിഡ് മൂലം സാമ്പത്തിക പരാധീനതകളോ ഇല്ലെന്നു ഹൈക്കോടതിയിൽ കലക്ടർ നൽകിയ വിശദീകരണം സത്യവിരുദ്ധമാണെന്നാരോപിച്ചു സേവ് ലക്ഷദ്വീപ് ഫോറം അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകനു കത്തയച്ചിട്ടുമുണ്ട്.
English Summary: Lakshadweep new tourism project