റെയിൽവേ പദ്ധതികൾക്ക് ഭൂമിയേറ്റെടുക്കൽ: കേരളത്തിന് 985 കോടി അനുവദിച്ചു
Mail This Article
കൊച്ചി ∙ കേരളത്തിലെ വിവിധ റെയിൽവേ പദ്ധതികൾക്കു ഭൂമിയേറ്റെടുക്കാൻ റെയിൽവേ 985 കോടി രൂപ കൂടി അനുവദിച്ചു. തിരുവനന്തപുരം–കന്യാകുമാരി പാത ഇരട്ടിപ്പിക്കലിനു 475 കോടി രൂപയും എറണാകുളം–കുമ്പളം പാത ഇരട്ടിപ്പിക്കലിനു 262 കോടി രൂപയും കുമ്പളം–തുറവൂർ പാത ഇരട്ടിപ്പിക്കലിനു 248 കോടി രൂപയുമാണു അധിക വിഹിതമായി അനുവദിച്ചത്.
ഭൂമിയേറ്റെടുക്കാൻ പണമില്ലാത്തതിനാൽ സംസ്ഥാനത്തെ വിവിധ റെയിൽവേ പദ്ധതികൾ നിലച്ചതു സംബന്ധിച്ചു മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. റെയിൽവേ മന്ത്രാലയത്തിന്റെ വിഷൻ 2024ന്റെ ഭാഗമായുള്ള പദ്ധതികളായതിനാൽ 2022 മാർച്ചിനു മുൻപായി സംസ്ഥാന സർക്കാർ ഭൂമിയേറ്റെടുത്തു കൈമാറിയാൽ 2024 മാർച്ചിനുള്ളിൽ പദ്ധതികൾ പൂർത്തീകരിക്കാൻ കഴിയുമെന്നു ദക്ഷിണ റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
തിരുവനന്തപുരം മുതൽ പാറശാല വരെ (30 കിമീ) ഭൂമിയേറ്റെടുക്കാൻ 407 കോടി രൂപയാണു വേണ്ടിയിരുന്നത്. നേരത്തെ അനുവദിച്ച 125 കോടി രൂപയ്ക്കു പുറമേയാണു ഇപ്പോൾ 475 കോടി രൂപ ലഭിച്ചത്. ഇതോടെ 600 കോടി രൂപ ഭൂമിയേറ്റെടുക്കാൻ ലഭ്യമായിട്ടുണ്ട്. എറണാകുളം–അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിനു ഭൂമിയേറ്റെടുക്കാൻ എറണാകുളം, ആലപ്പുഴ ജില്ലകളിൽ റവന്യു വകുപ്പു വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും നടപടി തുടങ്ങിയിരുന്നില്ല. എറണാകുളത്തു 5.87 ഹെക്ടറും ആലപ്പുഴ ജില്ലയിൽ 32 ഹെക്ടറുമാണു ഏറ്റെടുക്കേണ്ടത്. തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം മുതൽ നേമം വരെ (14.84 ഹെക്ടർ) ഭൂമിയേറ്റെടുക്കാനുള്ള നടപടികൾ നടന്നു വരികയാണ്. കൊച്ചുവേളി പ്ലാറ്റ്ഫോം വികസനത്തിനുള്ള 38 കോടി രൂപയാണു ഇനിയും ലഭിക്കാനുള്ളത്. മൂന്നര കോടി രൂപ മാത്രമാണ് ഈ പദ്ധതിക്കു ഇപ്പോഴുള്ളത്. പണി നിലച്ച മട്ടാണ്. വിവിധ പാത ഇരട്ടിപ്പിക്കൽ പദ്ധതികൾക്കു ഭൂമിയേറ്റെടുക്കാൻ മാത്രം 1100 കോടി രൂപയോളം ലഭിച്ചതോടെ പന്ത് ഇനി സംസ്ഥാന സർക്കാരിന്റെ കോർട്ടിലാണ്.
സമയ ബന്ധിതമായി ഭൂമിയേറ്റെടുത്തു നൽകിയില്ലെങ്കിൽ പണം പിന്നീടു മറ്റു പദ്ധതികളിലേക്കു വകമാറ്റപ്പെടുമെന്ന സാധ്യതയും മുന്നിലുണ്ട്. കോട്ടയം വഴിയുള്ള എറണാകുളം–കായകുളം പാത ഇരട്ടിപ്പിക്കൽ അവസാന ഘട്ടത്തിലാണ്. ഇതൊടൊപ്പം ആലപ്പുഴ വഴി കൂടി ഇരട്ടപ്പാത വരുന്നതു കേരളത്തിന് ഏറെ ഗുണം ചെയ്യും. ആലപ്പുഴ വഴിയുള്ള പാതയിൽ എറണാകുളം മുതൽ തുറവൂർ വരെയുള്ള ഭാഗത്തെ ഭൂമിയേറ്റെടുക്കാനാണു ഇപ്പോൾ പണം ലഭിച്ചിരിക്കുന്നത്. തുറവൂർ മുതൽ അമ്പലപ്പുഴ വരെയുള്ള ഭാഗത്തിനു പിന്നീടു വിഹിതം ലഭിക്കുമെന്നാണു സൂചന.
∙ തിരുവനന്തപുരം–കന്യാകുമാരി (86.56 കിമീ)– 475 കോടി (മുൻപ് അനുവദിച്ചത് 125 കോടി + 475 = 600 കോടി )
എറണാകുളം–കുമ്പളം (7.71 കിമീ)– 262 കോടി
കുമ്പളം–തുറവൂർ (15.59 കിമീ) – 248 കോടി
ആകെ– 1110 കോടി
English Summary: Railway projects, 985 crore for Kerala